2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആത്മനിര്‍വൃതിയില്‍ തീര്‍ഥാടകര്‍; മനമുരുകി നാഥനിലേക്കലിഞ്ഞു അറഫാ സംഗമം

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ആഗോള സാഹോദര്യത്തിന്റെ വിളംബരവുമായി തീര്‍ഥാടകര്‍ അറഫാത്തില്‍ സമ്മേളിച്ചു. ലോകത്തെ പിടിച്ചുലച്ച കൊവിഡ് മഹാമാരിയെന്ന പരീക്ഷണത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ദൈവിക മാര്‍ഗത്തില്‍ ജീവിതം അര്‍പ്പിക്കണമെന്ന സന്ദേശമോതികൊണ്ടാണ് തീര്‍ഥാടകര്‍ അറഫാത്തില്‍ സമ്മേളിച്ചത്.
വര്‍ണ, ഭാഷാ, പ്രദേശ, അറബി, അനറബി വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഏറ്റവും വലിയ സന്ദേശം നല്‍കിയാണ് അറഫാ സംഗമം സമാപിച്ചത്. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി മിനായില്‍ തങ്ങിയ ഹാജിമാര്‍ വ്യാഴാഴ്ച രാവിലെ തന്നെ അറഫാത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഉച്ചയോടെ ഹാജിമാരെല്ലാം അറഫാത്തില്‍ എത്തിച്ചേര്‍ന്ന് അറഫാത്ത് നഗരി ആഗോള സംഗമത്തിന് സജ്ജമായി.
ളുഹ്ര്‍ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകള്‍ വൈകീട്ട് സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. നമിറ മസ്ജിദില്‍ സഊദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അല്‍ മനീഅ് ചരിത്ര പ്രസംഗത്തെ അനുസ്മരിച്ച് അറഫ ഖുതുബ നിര്‍വഹിച്ചു.
വൈകീട്ട് സൂര്യാസ്തമനത്തോടെ അറഫാത്തില്‍ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാര്‍ ഇവിടെ നിന്നും കല്ലേറ് കര്‍മങ്ങള്‍ക്ക് ആവശ്യമായ കല്ലുകള്‍ ശേഖരിച്ചു. പ്രതീകാത്മക പിശാചിന്റെ സ്തൂപങ്ങളില്‍ എറിയുന്നതിനായി അണുവിമുക്തമാക്കിയ പ്രത്യേകം കല്ലുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മിനായിലേക്ക് നീങ്ങുന്ന ഹാജിമാര്‍ പിശാചിന്റെ സ്തൂപങ്ങളിലെ ജംറതുല്‍ അഖബയില്‍ ആദ്യ ദിന കല്ലേറ് പൂര്‍ത്തിയാക്കി തല മുണ്ഡനം ചെയ്തു പ്രത്യേക ഇഹ്‌റാം വസ്ത്രത്തില്‍ നിന്നും മോചിതരാകും. തുടര്‍ന്ന് ത്വവാഫ് ചെയ്യാനായി മക്കയിലേക്ക് തന്നെ നീങ്ങും.
പിന്നീട് ഹാജിമാര്‍ വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകും. തുടര്‍ന്ന് മിനായില്‍ രാപാര്‍ക്കുകയും അയ്യാമുത്തശ്‌രീഖിന്റെ മൂന്നു ദിവസങ്ങളില്‍ ഏഴ് വീതം കല്ലെറിയുകയും ചെയ്യുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് പൂര്‍ണ പരിസമാപ്തിയാകും.
ഇന്നാണ് സഊദിയില്‍ ബലിപെരുന്നാള്‍ ആഘോഷം. അതേസമയം, മുഴുവന്‍ തീര്‍ഥാടകരുടെയും ആരോഗ്യ നിലയില്‍ സംതൃപ്തരാണെന്നും കോവിഡ് ബാധ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.