2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ആണ്‍ വെണ്‍ബകത്തെ കാത്ത് പെണ്‍കിളിയും പക്ഷിനിരീക്ഷകരും ചിറകെന്തിന് കണ്‍മണീ; വൈകിയാലും വരാതിരിക്കില്ലല്ലോ…

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

അപൂര്‍വമായൊരു പ്രണയകഥയിലെ നായികാനായകന്മാരാണ് ദീര്‍ഘദൂര ദേശാടകരായ ഈ വെണ്‍ബകങ്ങള്‍.
ഒരിക്കല്‍ വേട്ടക്കാരുടെ മുന്നില്‍പെട്ട പെണ്‍ വെമ്പകത്തിന് ഒരു ചിറകു നഷ്ടപ്പെട്ടു. വെടിയേറ്റ് പാതിയൊടിഞ്ഞ ചിറകുമായി പിന്നെ അതിനു പറക്കാനായില്ല. കിഴക്കന്‍ ക്രൊയേഷ്യയുടെ ഭാഗമായ ബ്രോഡോക്‌സി വാറോസിലാണ് സംഭവം. ഇവിടുത്തെ സ്‌കൂളിലെ അധ്യാപകന്‍ അതിനെ ശുശ്രൂഷിച്ചു. പെണ്‍കിളി ആ വീട്ടിലെ ഒരംഗമായി മാറി. ചിറകൊടിഞ്ഞെങ്കിലും സുന്ദരിയായ അവളെ കണ്ട് ഒരു ദിവസം ആണ്‍ വെണ്‍ബകം എവിടെനിന്നോ പറന്നെത്തി.
തണുപ്പുകാലം തുടങ്ങുന്നതുവരെ അവന്‍ അവളോടൊപ്പം പാര്‍ത്തു. കൂട്ടിനൊരാളെത്തിയതില്‍ വീട്ടുകാര്‍ക്കും സന്തോഷം.
ഇതിനിടയില്‍ അവര്‍ക്ക് അഞ്ച് കുട്ടികള്‍ പിറന്നു. തണുപ്പുകാലം തുടങ്ങുമ്പോള്‍ ചിറകുള്ള കിളികളെല്ലാം ചൂടു ദേശങ്ങള്‍ തേടി യാത്രയാകും. അതാണ് വെണ്‍ബകങ്ങളുടെ സ്വഭാവം. തെക്കെ ആഫ്രിക്കയിലേക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും ദേശാടനം നടത്തുന്നവര്‍.
ഒരിക്കല്‍ ആണ്‍കിളി പെണ്‍കിളിയെയും വിട്ട് കുട്ടികളോടൊപ്പം പറന്നുപോയി. ഒറ്റപ്പെട്ടുപോയ പെണ്‍കിളി തണുപ്പു കാലം മുഴുവനും വീടിനുള്ളില്‍ കഴിഞ്ഞു. തണുപ്പുകാലം അവസാനിക്കാറായപ്പോള്‍ പുറത്തിറങ്ങി വീടിനു മുകളില്‍ കൂടുണ്ടാക്കാനാരംഭിച്ചു.
അതോടൊപ്പം പ്രിയതമനു വേണ്ടിയുള്ള കാത്തിരിപ്പും. മാര്‍ച്ച് മൂന്നാമത്തെയാഴ്ച ആണ്‍ കിളി ദേശാടനത്തിനു ശേഷം തിരിച്ചെത്തി, അടുത്ത തണുപ്പു കാലം തുടങ്ങും വരെ അവര്‍ ഒരുമിച്ചു താമസിച്ചു. തണുപ്പു കാലത്ത് വീണ്ടും ആണ്‍കിളി പറന്നുപോയി. ഇങ്ങനെ തുടര്‍ച്ചയായി 15 വര്‍ഷങ്ങള്‍. ഇതിനിടയില്‍ അവര്‍ക്ക് 58 കുട്ടികള്‍ പിറന്നു. സാധാരണയായി മാര്‍ച്ച് 24 നാണ് ആണ്‍കിളി തിരിച്ചെത്തുക.
അതിനു ദിവസങ്ങള്‍ക്കു മുന്‍പേ പെണ്‍കിളി കൂടൊരുക്കി ആകാശത്തേക്കു നോക്കിയിരിക്കാന്‍ തുടങ്ങും. ഈ പ്രണയവും കാത്തിരിപ്പും പ്രസിദ്ധമായപ്പോള്‍ 2017ല്‍ ഇവരുടെ മാര്‍ച്ചിലെ സമാഗമം ചാനലുകളില്‍ ലൈവായി കാണിച്ചു.
ക്രൊയേഷ്യയെന്ന രാജ്യം മുഴുവനും ഈ ആണ്‍കിളിയുടെ തിരിച്ചു വരവിനായി കാത്തിരിക്കാനും തുടങ്ങി. ഗ്രീസിലെ കൊടുങ്കാറ്റു കാരണം 2017ല്‍ ആണ്‍കിളി ഏപ്രില്‍ മാസത്തിലാണ് തിരികെയെത്തിയത്.
ഈ വര്‍ഷവും ആണ്‍കിളി ദേശാടനത്തിലാണ്. ലോകത്തെ മുഴുവന്‍ പക്ഷിനിരീക്ഷകരും ക്രൊയേഷ്യയും കാത്തിരിക്കുകയാണ് ആണ്‍ വെണ്‍ബകം ദേശങ്ങള്‍ പറന്ന് പെണ്‍കിളിയെ തേടി പറന്നുവരുന്നതും കാത്ത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.