2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആണവകരാറില്‍ നിന്ന് ഭാഗികമായി പിന്മാറുന്നതായി ഇറാന്‍

 

യു.എസ് ഉപരോധത്തില്‍ നിന്ന് ഇറാന്റെ എണ്ണ-ബാങ്കിങ് മേഖലകളെ സംരക്ഷിക്കാന്‍ കരാറിലൊപ്പുവച്ച വന്‍ശക്തിരാജ്യങ്ങള്‍ക്ക് രണ്ടുമാസം സമയം തരുന്നതായും പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി

തെഹ്‌റാന്‍: 2015ലെ ആണവകരാറിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വന്‍ശക്തിരാജ്യങ്ങള്‍ തയാറാവാത്ത സാഹചര്യത്തില്‍ കരാറില്‍ നിന്നു ഭാഗികമായി പിന്മാറി യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാന്‍. കരാറിലൊപ്പിട്ട ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് യു.എസ് ഉപരോധത്തില്‍ നിന്ന് ഇറാന്റെ എണ്ണ-ബാങ്കിങ് മേഖലകളെ സംരക്ഷിക്കാന്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ രണ്ടുമാസം സമയം തരുന്നതായും പ്രസിഡന്റ് ഹസന്‍ റൂഹാനി ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. ബറാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ ഒപ്പിട്ട കരാറില്‍ നിന്ന് അമേരിക്ക ഒരുവര്‍ഷം മുന്‍പ് പിന്മാറിയിരുന്നു. ഇറാന്റെ തീരുമാനം ബുധനാഴ്ച നടന്ന യോഗത്തില്‍ അഞ്ചു രാജ്യങ്ങളുടെയും അംബാസഡര്‍മാര്‍ക്ക് ഉപവിദേശകാര്യമന്ത്രി സയീദ് അബ്ബാസ് അരാഗ്ചി കൈമാറി.

അയല്‍രാജ്യമായ ഇറാഖ് സന്ദര്‍ശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇറാന്‍ ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതായി ആരോപിച്ച് ഒരു ദിവസത്തിനകമാണ് ഇറാന്റെ തീരുമാനം. നേരത്തെ ആണവകരാറില്‍ ഒപ്പുവച്ച ഇറാന്‍ ഉപരോധം എടുത്തുകളയുന്നതിനു പകരമായി ആണവ പദ്ധതികളില്‍ നിന്നു പിന്മാറുമെന്ന് ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ കരാര്‍ ദുര്‍ബലപ്പെടുത്തിയ ട്രംപ് ഇറാനെതിരേ ഏകപക്ഷീയമായി ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് ഭരണകൂടം ഉപരോധഭീഷണി മുഴക്കിയതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയിരിക്കുകയാണ്.

അമേരിക്കയുടെ നടപടിയെ മറികടക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ഇറാന്‍ കരാറില്‍നിന്ന് ഭാഗികമായി പിന്മാറുന്നത്. കരാറിനെ അവഗണിച്ച് ട്രംപ് ഭരണകൂടം ഇറാനെതിരെ വീണ്ടും ഉപരോധമേര്‍പ്പെടുത്തിയപ്പോഴും കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിച്ചിരുന്നുവെന്ന് യു.എന്‍ പരിശോധകസംഘം വിലയിരുത്തിയിരുന്നു.

കരാറില്‍നിന്ന് ഇറാന്‍ പിന്‍വാങ്ങിയാല്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാകുമെന്ന് ഫ്രാന്‍സ് പ്രതികരിച്ചു. കരാറില്‍നിന്ന് പിന്മാറാന്‍ ഇറാന്‍ പ്രസിഡന്റിനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആണവകരാറിന്റെ കാര്യത്തില്‍ ഇറാന്റെ ക്ഷമയുടെ പരിധി വിട്ടതായി തെഹ്‌റാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ മുഹമ്മദ് മറന്‍ദി പറഞ്ഞു. അടുത്തിടെ ഇറാന്‍ സൈന്യത്തിന്റെ ഭാഗമായ ഇസ്‌ലാമിക റെവല്യൂഷനറി ഗാര്‍ഡിനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.