2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ആണവകരാര്‍ : സഊദി- അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

റിയാദ്: ആണവ രംഗത്തേക്കുള്ള സഊദിയുടെ നീക്കത്തിന് കൂടുതല്‍ കരുത്തേകാന്‍ സഊദി അമേരിക്ക ഊര്‍ജ്ജ മന്ത്രിമാര്‍ തമ്മില്‍ അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തി.

സമാധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സഊദി നിമ്മിക്കുന്ന ആണവ പദ്ധതിയിലേക്കുള്ള യുറേനിയമം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളും സഊദി അമേരിക്കന്‍ ആണവ കരാറും ഇരുവരും ചര്‍ച്ച ചെയ്തതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സഊദി ഊര്‍ജ്ജ കാര്യ മന്ത്രി എഞ്ചിനിയര്‍ ഖാലിദ് അല്‍ഫാലിഹും അമേരിക്കന്‍ ഊര്‍ജ്ജ മന്ത്രി റെക് ബെറിയും അമേരിക്കയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

രാജ്യത്ത് ഭാവിയിലേക്കാവശ്യമായ ഊര്‍ജ്ജത്തിന് വേണ്ടിയാണ് സഊദി ആണവ രംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. ഇതിലേക്കാവശ്യമായ യുറേനിയം സമ്പുഷ്ടീകരണത്തിനു വേണ്ടി സഊദിക്ക് വിദേശ രാജ്യങ്ങളുടെ സാങ്കേതിക സഹായം ആവശ്യമുണ്ട്.

ഇതിനു വേണ്ടിയുള്ള യുറേനിയം സമ്പുഷ്ടീകരണ സാങ്കേതിയ വിദ്യ നല്‍കുന്നതിനാണ് സഊദി അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുന്നത്. അമേരിക്ക കൂടാതെ നേരത്തെ, ഫ്രാന്‍സ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായും സഊദി ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ആഗോള രംഗത്തെ നിലവിലെ എണ്ണ വിപണിയും ഇരുവരും ചര്‍ച്ച ചെയ്തു. ഇറാനുമായുള്ള കരാര്‍ റദ്ദാക്കിയതിലൂടെ ഉടലെടുത്ത പ്രതിസന്ധിയില്‍ എണ്ണവിപണിയെ ബാധിക്കുന്ന വിഷയങ്ങളും ചര്‍ച്ചയില്‍ വിഷമയായി.

ആഗോള വിപണിയിലേക്കുള്ള ഇറാന്റെ എണ്ണ നിലക്കുന്നതോടെ ഈ ഒഴിവിലേക്ക് ആവശ്യമായ എണ്ണ ലഭിക്കുന്നതിന് ആവശ്യമായ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതഗ്‌ന് സഊദിയോട് നേരത്തെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ക്രൂഡ് ഓയില്‍ വില 76 ഡോളറിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഇനിയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.