2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

Editorial

ആചാരങ്ങളെ കൂട്ടിക്കലര്‍ത്തരുത്


ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച് തീര്‍പ്പാക്കേണ്ടത് സമാനമായ മറ്റു വിഷയങ്ങള്‍ കൂടി പരിഗണിച്ച് ഏഴംഗ വിശാലബെഞ്ചായിരിക്കണമെന്ന് സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം, ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ 28 ലെ വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഡി.വൈ ചന്ദ്രചൂഡ്, റോഹിന്റന്‍ നരിമാന്‍ എന്നീ ന്യായാധിപന്മാരുടെ വിയോജിപ്പോടെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, എ.എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ഈ ഭൂരിപക്ഷ വിധി.
ഈ വിധി പ്രഖ്യാപനത്തോടെ വിഷയം ശബരിമലയിലെ യുവതീപ്രവേശന പ്രശ്‌നം മാത്രമല്ലാതായിരിക്കുകയാണ്. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, സമുദായത്തിനുപുറത്ത് വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മം എന്നീ വിഷയങ്ങളും പരിഗണിച്ചുകൊണ്ടായിരിക്കും ഏഴംഗ ബെഞ്ച് അന്തിമതീര്‍പ്പു കല്‍പ്പിക്കുക.
മതാചാരങ്ങളില്‍ എത്രത്തോളം ഇടപെടാം എന്ന് ആലോചിക്കാനുള്ള വിശാല ബെഞ്ച് ഏകസിവില്‍കോഡിലേക്കുള്ള നീക്കമായാണ് നിയമജ്ഞര്‍ വിലയിരുത്തുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനമുള്‍പ്പെടെയുള്ള ബാഹ്യവിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ സാംഗത്യം അഞ്ചംഗബെഞ്ചിലെ വിയോജനവിധിയെഴുതിയ ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരിമാനും ചോദ്യം ചെയ്തിട്ടുണ്ട്. പള്ളിപ്രവേശനത്തിനായി മുസ്‌ലിംസ്ത്രീകള്‍ ഈ കോടതിയില്‍ എത്തിയിട്ടില്ലല്ലോയെന്ന് ഈ ജഡ്ജിമാര്‍ വിയോജനവിധിയില്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിം, പാഴ്‌സി സ്തീകളുടെ പള്ളിപ്രവേശനം ശബരിമല സ്ത്രീ പ്രവേശനം കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയില്‍ വരുന്നില്ലെന്ന് ജസ്റ്റിസ് നരിമാന്‍ നിരീക്ഷിച്ചു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന ജസ്റ്റിസ് നരിമാന്റെ നിലപാട് ഗൗരവത്തോടെ കാണേണ്ടതുണ്ട്. സമീപകാലത്തുണ്ടായ കോടതി വിധികളില്‍ ബാഹ്യസ്വാധീനമുണ്ടോയെന്ന് പരിശോധിക്കണമെന്ന സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വാക്കുകളും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. സംഘ്പരിവാര്‍ ശക്തികള്‍ സംഘടനാശക്തി ഉപയോഗിച്ചും വിശ്വാസികളെ ഉപയോഗിച്ചും വിധി അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തിനെതിരേയാണ് ജസ്റ്റിസ് നരിമാന്‍ പ്രതികരിച്ചത്. ഇതു ഗൗരവത്തോടെ കാണേണ്ട നിരീക്ഷണമാണ്.
ഓരോ മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് പറയേണ്ടത് അതതു മതത്തിലെ പണ്ഡിതന്മാരാണ്. ബാഹ്യശക്തികള്‍ അതില്‍ ഇടപെടുന്നതാണു വിഷയം സങ്കീര്‍ണമാക്കുന്നത്. മുസ്‌ലിംസ്ത്രീകളുടെ പള്ളിപ്രവേശനം ഈ വിഷയവുമായി കൂട്ടിക്കുഴച്ചതു നിഗൂഢമാണ്. മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പോകാത്തത് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. വീട്ടില്‍വച്ച് അവര്‍ ആരാധന നിര്‍വഹിക്കുന്നതിനാണു മതം കൂടുതല്‍ പുണ്യം നല്‍കുന്നത്. ഈ മതതത്വമനുസരിച്ചാണു മുസ്‌ലിം സ്ത്രീകള്‍ ആരാധനകള്‍ക്ക് വീട് തെരഞ്ഞെടുക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനത്തിലെ തീര്‍പ്പ് വിശാലബെഞ്ചിനു വിടാന്‍ തീരുമാനിക്കുകയും അതേസമയം പഴയ വിധി സ്റ്റേചെയ്യാതിരിക്കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരിനു തലവേദന വര്‍ധിപ്പിച്ചിരിക്കുകയാണ്. ആദ്യ വിധി സ്റ്റേ ചെയ്യാത്തതിനാല്‍ ചില സ്ത്രീകളെങ്കിലും ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചേക്കാം. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ മുന്‍പെന്നപോലെ ആ അവസരം മുതലെടുക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുമെന്നുറപ്പ്.
യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന സംഘ്പരിവാര്‍ ശക്തികളും മലകയറാന്‍ തുനിഞ്ഞിറങ്ങിയ ഒരു പറ്റം പുരോഗമന ചിന്താഗതിക്കാരും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായാല്‍ അടുത്ത മണ്ഡലകാലവും സംഘര്‍ഷാവസ്ഥയിലാകും. വിധിയില്‍ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പം പരിഹരിച്ചശേഷം നിലപാട് സ്വീകരിക്കുമെന്നുമുള്ള എടുത്തുചാട്ടമില്ലായ്മ ഇത്തവണയെങ്കിലും മുഖ്യമന്ത്രി കാണിച്ചത് നല്ലകാര്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.