2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ആചാരങ്ങളിലെ കൊടുക്കല്‍ വാങ്ങലുകള്‍

മുഷ്താഖ് കൊടിഞ്ഞി

സംസ്‌കൃതിയുടെ വിളനിലമാണു മലപ്പുറം. സമുദായങ്ങള്‍ തമ്മില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന കൊടുക്കല്‍ വാങ്ങലുകള്‍ ആചാരാനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഇന്നും തുടര്‍ന്നുവരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരേ സമരരംഗത്തുണ്ടായിരുന്ന മമ്പുറം സയ്യിദ് അലവിതങ്ങളുടെ മഖ്ബറയാണു മമ്പുറം മഖാം. ഇതരസമുദായക്കാര്‍ ദിനംപ്രതി ഈ മഖാമിലെത്തുന്നു. ആഴ്ചയില്‍ നടക്കുന്ന സ്വലാത്തിലും പങ്കെടുക്കുന്നു. മമ്പുറം മഖാമില്‍നിന്ന് അനുഗ്രഹംേതടാതെ മൂന്നിയൂര്‍ കളിയാട്ടമഹോത്സവത്തിന്റെ കര്‍മങ്ങള്‍ പൂര്‍ണമാവില്ലെന്നാണു ഹൈന്ദവസഹോദരങ്ങളുടെ വിശ്വാസം. 

പ്രശസ്തമായ കളിയാട്ടമഹോത്സവത്തില്‍ ചെണ്ടയുടെ അകമ്പടിയോടെ പൊയ്ക്കുതിരകളുമായി ആദ്യം മമ്പുറംമഖാമിലാണു വിശ്വാസികളെത്തുക. മമ്പുറംതങ്ങളെയും കളിയാട്ടക്കാവ് ഭഗവതിയെയും പ്രകീര്‍ത്തിക്കുന്ന പാട്ടുപാടി മഖാമിന്റെ മുറ്റത്തു നൃത്തംചവിട്ടും. തുടര്‍ന്നു കാണിക്കയര്‍പ്പിച്ച് അനുഗ്രഹം വാങ്ങിയാണു ക്ഷേത്രത്തിലേക്കു പൊയ്ക്കുതിരകളെ ആനയിക്കുക. യാത്രാമധ്യേ മുട്ടിച്ചിറ പള്ളിയിലും കാണിക്കയര്‍പ്പിക്കും. കോഴിക്കളിയാട്ടത്തിനു വെള്ളിയാഴ്ച ദിവസം നിശ്ചയിച്ചുനല്‍കിയതു മമ്പുറം തങ്ങളാണെന്നാണു ചരിത്രം. മുട്ടിച്ചിറപള്ളിയില്‍ ഇരുന്നുകൊണ്ടാണത്രേ മമ്പുറംതങ്ങള്‍ കളിയാട്ടം വീക്ഷിച്ചിരുന്നത്.
തിരൂരിനും തിരുനാവായയ്ക്കുമിടയില്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ഏക്കര്‍കണക്കിനു പാടത്തായി വിരിഞ്ഞുനില്‍ക്കുന്ന താമരപ്പൂക്കള്‍ കാണാം. ഇതിനു മതമൈത്രിയുടെ നിറവും മണവുമുണ്ട്. ഗുരുവായൂര്‍, തിരുനാവായ, ആലത്തിയൂര്‍ ഹനുമാന്‍കാവ് തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള അനേകം ക്ഷേത്രങ്ങളിലേക്കു മാലയ്ക്കും പൂജയ്ക്കുള്ള താമര നല്‍കുന്നത് ഈ പാടത്തുനിന്നാണ്. അനുഷ്ഠാനംപോലെ അതു കൃഷിചെയ്യുന്നതു തിരുനാവായ സ്വദേശി മുസ്തഫയാണ്.
ക്ഷേത്രങ്ങളിലേക്കുള്ള താമരയ്ക്കു മുസ്തഫ വിലപേശാറില്ല. അതു ദൈവനിന്ദയാകുമെന്നാണു മുസ്തഫയുടെ വിശ്വാസം. താമരയുമായി ക്ഷേത്രങ്ങളിലെത്തുന്ന തന്നെ സ്‌നേഹത്തോടെയാണു സ്വീകരിക്കാറുള്ളതെന്നു നിരവധി ക്ഷേത്രങ്ങളില്‍ താമരയെത്തിക്കുന്ന മുസ്തഫ പറയുന്നു. അതിജീവനത്തിന്റെ കൊടുക്കല്‍ വാങ്ങലുകളോടൊപ്പം മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശംകൂടിയാണിത്.
ഇരുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പു മമ്പുറം സയ്യിദ് അലവിതങ്ങള്‍ തുടക്കമിട്ട കൊടിഞ്ഞിപള്ളി സത്യപള്ളി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗ്രാമത്തിന്റെ സാമുദായികവും സാമൂഹികവുമായ ഗതി നിയന്ത്രിക്കുന്നത് ഈ പള്ളിയാണ്. ഇവിടെ ചില ആചാരാനുഷ്ഠാനങ്ങളില്‍ ഹൈന്ദവ വിശ്വാസികളായ കുറുപ്പ്, കൊല്ലന്‍, വണ്ണാന്‍, ആശാരി സമുദായക്കാര്‍ക്കു പ്രത്യേകാവകാശം അനുവദിക്കപ്പെട്ടിട്ടുണ്ട്. കാരണം, പള്ളി നിര്‍മാണത്തിനായി മമ്പുറം തങ്ങള്‍ മറ്റിടങ്ങളില്‍നിന്നു കൊണ്ടുവന്നതാണ് ഇവരുടെ പൂര്‍വ്വികരെ. ഇരുപത്തേഴാംരാവിലെ പലഹാരവിതരണത്തില്‍ ഇവര്‍ക്കു പ്രത്യേക ഓഹരി അവകാശമാക്കി.
കൊടിഞ്ഞിപള്ളിയില്‍ പ്രതിവര്‍ഷം നടക്കുന്ന സ്ഥാപകനേര്‍ച്ചയില്‍ അറുക്കുന്ന മാടുകളുടെ തുകലിന്റെ അവകാശം കൊല്ലന്മാര്‍ക്കാണ്. മമ്പുറംതങ്ങള്‍ തുടങ്ങിവച്ച സത്യംചെയ്യല്‍ ഇന്നും തുടര്‍ന്നുവരുന്നുണ്ട്. വിവിധസംസ്ഥാനങ്ങളില്‍ നിന്നും ജാതിമതഭേദമന്യേ നിരവധി ആളുകളാണു ഇതിനായി വരുന്നത്.
ക്ഷേത്രത്തിലെ പൂജാരിക്കു മുസ്‌ലിംകുടുംബം ആവേന്‍സ്ഥാനം നല്‍കുന്ന കാഴ്ചയും മലപ്പുറത്തുകാണാം. താനൂര്‍ ശോഭപറമ്പിലെ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലാണ് പരമ്പരാഗതമായി ഈ ആചാരമുള്ളത്. കാര്‍മികനായ പൂജാരിക്ക് ആവേന്‍ സ്ഥാനം നല്‍കി അനുഗ്രഹിക്കുന്നതു താനൂര്‍ പഴയകത്ത് തറവാട്ടിലെ മുസ്‌ലിംകാരണവരാണ്. അവസാനമായി 2008 ല്‍ വലിയപുരയ്ക്കല്‍ രാജീവനു സ്ഥാനാരോഹണം നല്‍കിയതു പഴയകത്ത് തറവാട്ടിലെ കാരണവര്‍ മുഹമ്മദ് കുട്ടി എന്ന ബാപ്പുഹാജിയാണ്.
പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദില്‍നിന്നു റമദാനില്‍ ഉയര്‍ന്നുകേട്ട കതീനവെടിയിലെല്ലാം പരിയാണിയുടെ ആത്മാര്‍പ്പണവും വിയര്‍പ്പുമുണ്ടായിരുന്നു. നോമ്പുതുറ അറിയിക്കാന്‍ പള്ളിയില്‍ കതീന പൊട്ടിക്കുന്ന ജോലി ഹൈന്ദവസഹോദരനായ പരിയാണിയുടേതാണ്. രണ്ടുവര്‍ഷംമുമ്പു മരിക്കുന്നതുവരെ ഇതു തുടര്‍ന്നു.
സര്‍വ്വ മതസ്ഥര്‍ പങ്കെടുക്കുന്ന മതസൗഹാര്‍ദ്ദത്തിന്റെ വേറിട്ട മറ്റൊരു കാഴ്ചയാണ് തിരൂര്‍ പുതിയങ്ങാടിയിലെ യാഹൂം തങ്ങളുടെ മഖാം നേര്‍ച്ചയും.
(തുടരും)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.