2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആഘോഷങ്ങള്‍ മനുഷ്യനെ പരസ്പരം ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാവണം

രമേശ് ചെന്നിത്തല rameshchennithala@gmail.com

ഇത് ആഘോഷങ്ങളുടെ കാലമാണ്. എത്രയോ നൂറ്റാണ്ടുകളായി ഓണവും ബക്രീദുമെല്ലാം നമ്മുടെ നാട്ടില്‍ മനുഷ്യ മനസുകളെ കൂട്ടിയോജിപ്പിക്കാനുള്ള രാസത്വരകങ്ങളായി പ്രവര്‍ത്തിക്കുകയാണ്. എല്ലാ ഉത്സവങ്ങളും പെരുന്നാളുകളും നമ്മെ കൂടുതല്‍ ജീവിക്കാന്‍ കൊള്ളാവുന്നവരും, ഉന്നതമായ ചിന്തകളോടെ ജീവിതത്തെ നോക്കിക്കാണാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകുന്ന ലോകത്തിലെ തന്നെ ഏക ഇടം കേരളമായിരിക്കും.
ഓണവും, റംസാനും, ക്രിസ്തുമസുമെല്ലാം നമ്മുടെ സാമൂഹ്യജീവിതത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ്. നാനാ ജാതി മതസ്ഥര്‍ ഒത്തു ചേരുന്ന ഇഫ്താര്‍ വിരുന്നുകള്‍, പൂക്കള മത്സരങ്ങള്‍ ഇവയെല്ലാം മതേതരമായ ഒരിടം എന്നും സൃഷ്ടിച്ചിരുന്നു. ആ മതനിരപേക്ഷ ഇടങ്ങളിലാണ് പ്രബുദ്ധ കേരളം നട്ടുനച്ച് വളര്‍ത്തപ്പെട്ടത്.
എന്നാല്‍, ഇന്ന് കേരളീയ സമൂഹം അത്തരം മതേതര ഇടങ്ങള്‍ നഷ്ടപ്പെടുത്താനുള്ള വ്യഗ്രത കാണിക്കുന്നുവെന്നത് അതീവ ദുഃഖകരമാണ്. അതോടൊപ്പം തന്നെ മദ്യം മുതലായ സാമൂഹ്യതിന്‍മകള്‍ക്ക് പുതിയ അംഗീകാരവും ലഭിക്കുന്നു. നമ്മുടെ എല്ലാ ആഘോഷങ്ങളുടെയും, പെരുന്നാളുകളുടെയും, ഉത്സവങ്ങളുടെയും അന്തര്‍ധാരയായിരുന്ന ഉന്നതമായ മൂല്യങ്ങള്‍ പലപ്പോഴായി ചോദ്യം ചെയ്യപ്പെടുകയാണ്. എല്ലാവരും ഒരുമിച്ചുള്ള ആഘോഷങ്ങള്‍ക്ക് പകരം ഇന്ന് കേരളീയ സമൂഹത്തില്‍ പല തുരുത്തുകള്‍ ഉദയം ചെയ്യുന്നുവെന്നത് ആശങ്കാജനകമാണ്. ഞാനും, നമ്മളും എന്നതില്‍നിന്ന് ഞാനും എന്റെയാളുകളും എന്ന തരത്തിലേക്ക് കേരളീയ സാമൂഹിക പരിസരം ചുരുങ്ങുന്നത് ഭയപ്പാടോടെ മാത്രമെ കാണാന്‍ കഴിയൂ. മലയാളി എന്ന സ്വത്വത്തിലുള്ള വിശ്വാസമായിരുന്നു കേരളത്തിനകത്തും പുറത്തും നമ്മെ ഒരുമിപ്പിച്ച് നിര്‍ത്തിയിരുന്നത്. എന്നാല്‍, മലയാളി എന്ന സ്വത്വം പതിയെ ഉപേക്ഷിക്കപ്പെടുകയും തല്‍സ്ഥാനത്ത് ജാതിയുടെയും മതത്തിന്റെയും എന്തിന് പ്രദേശത്തിന്റെ പേരില്‍ പോലും വിഭാഗീയ പരിസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പരസ്പരം ആശയ വിനിമയംപോലും അസാധ്യമാകത്തക്ക വിധം വാതായനങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്നുവെന്നത് നമ്മളെ ചെറുതായൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.
ഇന്ത്യയിലെ മറ്റേത് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സാമൂഹിക പരിസരങ്ങള്‍ കുറെക്കൂടി വികസ്വരമായിരുന്നു. പതിനഞ്ച് സെന്റ് സ്ഥലത്തിനകത്ത് മൂന്ന് വീടുണ്ടെണ്ടങ്കില്‍ അവയിലൊന്ന് ഹിന്ദുവിന്റെയും, മറ്റൊന്ന് മുസ്‌ലിമിന്റെയും അടുത്തത് ക്രിസ്ത്യാനിയുടേതുമായിരിക്കുന്ന ഏക ഇടം കേരളമാണ്. ആധുനിക സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്ന് വിശേഷിപ്പിക്കുന്ന യൂറോപ്പില്‍ പോലും ഇത്തരമൊരു പരസ്പര സമന്വയം, ഉള്‍ക്കൊള്ളല്‍, സ്വാംശീകരണം കാണാന്‍ സാധിക്കില്ല.
മലയാളിയുടെ പ്രബുദ്ധത എന്നൊക്കെ നമ്മള്‍ അഭിമാനത്തോടെ പറഞ്ഞിരുന്നതും ഇതിനെയായിരുന്നു. മലയാളിയുടെ നീതി ബോധവും സമര്‍ദര്‍ശിത്വവും ഇന്ത്യയിലെയും ലോകത്തിലെയും മറ്റിടങ്ങള്‍ക്ക് മാതൃകയായിരുന്നു. കള്ളവും ചതിയും ഇല്ലാതെ എല്ലാമനുഷ്യരും ഒന്നു പോലെ ജീവിക്കുന്ന ഒരു സമൂഹമെന്ന സങ്കല്‍പ്പം മലയാളിയുടെ മഹത്തായ നീതി ബോധത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ എല്ലാ ആഘോഷങ്ങളുടെയും അടിത്തട്ടില്‍ അത്തരത്തിലൊരു നീതി ബോധത്തിന്റെ സ്ഫുരണങ്ങളുണ്ടണ്ട്. മതത്തിന്റെ, ജാതിയുടെ വേലിക്കെട്ടുകള്‍ പൊളിച്ചുനീക്കി അതിനപ്പുറം എല്ലാവരുടേതുമായ ഒരിടം സൃഷ്ടിക്കുക എന്നതായിരുന്നു നമ്മുടെ ആഘോഷവേളകളുടെ അന്തര്‍ധാര. ഖേദകരമെന്ന് പറയട്ടെ, ഇപ്പോള്‍ ഇത്തരം പൊതു ഇടങ്ങള്‍ ഇല്ലാതാക്കാനുള്ള കുത്സിതമായ ശ്രമങ്ങള്‍ ചില ഭാഗത്ത് നിന്നുണ്ടണ്ടാകുന്നുണ്ടണ്ട്. ഓണം എന്ന മഹത്തായ സങ്കല്‍പ്പത്തെ പോലും വളച്ചൊടിച്ച് വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഛിദ്ര ശക്തികള്‍ക്ക് കേരളീയ സമൂഹത്തില്‍ മുന്‍തൂക്കം ലഭിക്കുന്നുവെന്നത് നമ്മെ തീര്‍ച്ചയായും ചിന്തിപ്പിക്കേണ്ടതാണ്.
നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളുമൊന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി തീറെഴുതി നല്‍കപ്പെട്ടിട്ടില്ല. പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് മലയാളി ലോകത്തിലെ ഏറ്റവും പ്രബുദ്ധമായ സമൂഹമായി തീര്‍ന്നത്. ഈ പ്രബുദ്ധതയുടെ കടക്കല്‍ കത്തിവയ്ക്കുന്ന യാതൊരു നീക്കത്തെയും നമ്മള്‍ അനുവദിച്ച് കൂടാ.
അതോടൊപ്പം തന്നെ മദ്യത്തിന്റെയും ലഹരി പദാര്‍ഥങ്ങളുടെയും ഉപഭോഗവും ആഘോഷവേളകളില്‍ വര്‍ധിച്ചുവരുന്നുണ്ട്. തികച്ചും അനാരോഗ്യകരമായ അന്തരീക്ഷമാണ് ലഹരിയുടെ ഉപയോഗം സൃഷ്ടിക്കുന്നത്. മദ്യഷാപ്പുകളുടെ ദൂരപരിധി 200 മീറ്ററില്‍നിന്ന് 50 മീറ്ററായി ചുരുക്കിയതോടെ സര്‍ക്കാര്‍ മദ്യമാഫിയയുടെ വക്താക്കളായി കഴിഞ്ഞുവെന്നത് തീര്‍ച്ചയായി.
വിഭാഗീയതയും, വര്‍ഗീയതയും, ലഹരിയും ആഘോഷങ്ങളുടെ നിറം കെടുത്തുക മാത്രമല്ല അവയുടെ ആഹ്ലാദത്തെ ചുരുക്കിക്കെട്ടുകയും ചെയ്യും. അത് കൊണ്ട് തന്നെ നമ്മുടെ ആഘോഷങ്ങളും, ഉത്സവങ്ങളും വിഭാഗീയതയുടെയും, അക്രമത്തിന്റെയും ലഹരിയുടെയും കരിനിഴലുകള്‍ക്ക് പുറത്തായിരിക്കട്ടെ. എല്ലാ ആഘോഷങ്ങളും മനുഷ്യനെ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടണ്ടിയുള്ളതാകട്ടെ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.