2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ആഘോഷം വേണ്ടെന്ന് സെക്രട്ടറി; ആരുപറഞ്ഞു: മന്ത്രിമാര്‍

തിരുവനന്തപുരം: പ്രളയപശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആഘോഷപരിപാടികള്‍ റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ രണ്ടുതട്ടില്‍. അടുത്ത ഒരു വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കിയെന്ന പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് വിവാദമായത്. തീരുമാനത്തിനെതിരേ മന്ത്രിമാര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
പ്രളയ സാഹചര്യത്തില്‍ അടുത്ത ഒരു വര്‍ഷത്തെ സര്‍ക്കാര്‍ ആഘോഷപരിപാടികള്‍ റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍(ഐ.എഫ്.എഫ്.കെ), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ എന്നിവ ഒഴിവാക്കി കൊണ്ടാണ് ഉത്തരവ്. ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചാരണം വിശ്വസിക്കരുതെന്നും കലോത്സവം മാറ്റിവയ്ക്കില്ലെന്നും വ്യക്തമാക്കി ഇന്നലെ രാവിലെ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ വാര്‍ത്താക്കുറിപ്പിറക്കിയതിനു പിന്നാലെയാണ് ആഘോഷങ്ങള്‍ റദ്ദാക്കി പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങിയത്.

അമേരിക്കന്‍ യാത്രയ്ക്കു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കുറിപ്പുപ്രകാരമായിരുന്നു പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. എന്നാല്‍, ഇത്ര സുപ്രധാനമായ വിഷയത്തില്‍ മന്ത്രിസഭ തീരുമാനിക്കാതെ ഏകപക്ഷീയമായി ഉത്തരവിറക്കിയതോടെയാണ് ബന്ധപ്പെട്ട മന്ത്രിമാര്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്.
ഉത്തരവില്‍ വ്യക്തത വരുത്തണമെന്നു ചൂണ്ടിക്കാട്ടി എ.കെ. ബാലന്‍ ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പരിപാടികള്‍ നടത്തുകയാണു വേണ്ടത്. ഉത്തരവ് പുനഃപരിശോധിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, ബിസിനസ് സംരംഭമായ ട്രാവല്‍മാര്‍ട്ട് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അത് നടത്തുകയാണു വേണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു.

കലോത്സവം ഒഴിവാക്കരുതെന്ന് എസ്.എഫ്.ഐയും ആവശ്യപ്പെട്ടു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചെലവുകുറച്ച് കലോത്സവം നടത്തണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് തിരുവനന്തപുരത്തു പറഞ്ഞു. അതേസമയം, മാനുഷിക പരിഗണന കണക്കിലെടുത്താണ് കലോത്സവം ഒഴിവാക്കിയതെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ പ്രതികരണം.
കലോത്സവവും ചലച്ചിത്രമേളയും വള്ളംകളിയും ഉപേക്ഷിക്കാന്‍ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നില്ല. നെഹ്‌റു ട്രോഫി വള്ളംകളി നടത്തണമെന്ന അഭിപ്രായത്തിലായിരുന്നു ബന്ധപ്പെട്ട മന്ത്രിമാര്‍. വള്ളം കളി നടത്തണമെന്ന അഭിപ്രായത്തില്‍ ചില മന്ത്രിമാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ആഘോഷങ്ങള്‍ വിലക്കിയത്. ചലച്ചിത്രമേള നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രി എ.കെ ബാലന്‍ ഇന്നലെ യോഗവും വിളിച്ചിരുന്നു. ഇതിനിടെ ആഘോഷങ്ങള്‍ റദ്ദാക്കി ഏകപക്ഷീയമായി പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്.
കലോത്സവം റദ്ദാക്കിയതിനെതിരേ പ്രതിഷേധം വ്യാപകമാണ്. ഗ്രേസ് മാര്‍ക്ക് പോലുള്ള ആനുകൂല്യങ്ങള്‍ കുട്ടികള്‍ക്ക് നഷ്ടപ്പെടുമെന്നതിനാലാണ് രക്ഷിതാക്കള്‍ക്കുള്‍പ്പെടെ അതൃപ്തി. ലക്ഷക്കണക്കിനാളുകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേള ഈ വര്‍ഷം വേണ്ടെന്നു വയ്ക്കുന്നതും ചരിത്രമാകും. ജില്ലാകലോത്സവങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് ഏഴിന് ചേരുന്ന ഗുണനിലവാര പരിശോധനാ യോഗത്തില്‍ തീരുമാനമാകും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.