2019 February 21 Thursday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

ആഗസ്റ്റ് വിപ്ലവം

ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന അവസാനത്തെ ബഹുജന മുന്നേറ്റമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യം മുഴക്കി ഗാന്ധിജിയുടെ
നേതൃത്വത്തില്‍ നടന്ന സമരത്തെ അറിയുക

പി.ജി പെരുമല

ക്വിറ്റ് ഇന്ത്യാ ദിനം. സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനം. ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഈ ആഗസ്റ്റ് ഒന്‍പതിന് 76 വയസ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം. 

ഇന്ത്യയ്ക്ക് ഡൊമനിയന്‍ പദവി നല്‍കുന്നത് സംബന്ധിച്ചുണ്ടായ ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ട ശേഷം അവസാന സമരത്തിനു തയാറാക്കാനായി 1942 മാര്‍ച്ചില്‍ ഹരിജന്‍ വാരികയില്‍ എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ഗാന്ധിജി ഇതിനു തുടക്കമിട്ടത്.

 

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക

ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യം മുഴക്കി ഗാന്ധിജിയുടെ നേതൃത്വത്തിലാണ് ഈ ഐതിഹാസിക സമരം നടന്നത്. സാമ്രാജ്യത്വത്തെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1942 ആഗസ്റ്റ് ഒന്‍പതിന് പ്രക്ഷേഭത്തിന് തുടക്കമിട്ടത്. 1942 ജൂലൈ ആറു മുതല്‍ 14 വരെ വാര്‍ധയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി ഇതു സംബന്ധിച്ച് ഒരു പ്രമേയം പാസാക്കി. വൈദേശിക ആധിപത്യം അവസാനിപ്പിക്കണം. ഇതിനു വേണ്ടി മാത്രമല്ല ഇന്ത്യയുടെ രക്ഷയ്ക്കും ലോക നന്മയ്ക്കും വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കാമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിക്കണം. ഇല്ലെങ്കില്‍ അക്രമ രഹിത ബഹുജനസമരം ആരംഭിക്കുമെന്ന് ഈ പ്രമേയത്തിലൂടെ മുന്നറിയിപ്പു നല്‍കി.

 

ക്വിറ്റ് ഇന്ത്യാ പ്രമേയം

ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങുന്നതിനായി പ്രത്യേക യോഗം വിളിച്ചുകൂട്ടി. 

1942 ആഗസ്റ്റ് ഏഴ്, എട്ട് തീയതികളില്‍ ബോംബെയിലെ മലബാര്‍ ഹില്ലില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തിലാണ് ചരിത്രപ്രധാനമായ ക്വിറ്റ് ഇന്ത്യാ പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ചത്. മൗലാന അബ്ദുള്‍ കലാം ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമേയത്തെ പിന്താങ്ങിയത് സര്‍ദാര്‍ വല്ലഭായി പട്ടേലാണ്. തുടര്‍ന്ന് ബോംബേയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് നടന്ന സമ്മേളനത്തില്‍ ഗാന്ധിജി പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന ആഹ്വാനം ഉള്‍ക്കൊള്ളുന്ന പ്രസംഗവും നടത്തി. സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു വേണ്ട എന്നും ഗാന്ധിജി പ്രഖ്യാപിച്ചു.

 

അസമയത്തെ അറസ്റ്റ്

രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് അധികാരം കൈമാറി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്നായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രമേയത്തിലുണ്ടായിരുന്നത്. എന്നാല്‍ യോഗം കഴിഞ്ഞ നേതാക്കള്‍ പിരിഞ്ഞുപോകുന്നതിന് മുന്‍പു തന്നെ ആഗസ്റ്റ് എട്ടിന് അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെയും പ്രഭാത പ്രാര്‍ഥനയ്‌ക്കെഴുന്നേറ്റ ഗാന്ധിജിയേയും പൊലിസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് ഒന്‍പതിന് ഈ വാര്‍ത്ത കാട്ടുതീപോലെ പരന്നു. ജനങ്ങള്‍ നിയമലംഘനവും കലാപവും ആരംഭിച്ചു. 

ഈ ദിവസത്തിന്റെ ഓര്‍മയ്ക്കായാണ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിക്കുന്നത്. ബ്രിട്ടീഷ് സൈന്യം സമരത്തെ ആയുധം ഉപയോഗിച്ച് നേരിടാന്‍ തുടങ്ങിയതോടെ ജനം രോഷാകുലരായി. റെയില്‍വേ സ്റ്റേഷനുകളും പൊലിസ് സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു. ഗതാഗതവും വാര്‍ത്താവിനിമയ സംവിധാനങ്ങളും തടസ്സപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലേറെ പൊലിസ് വെടിവയ്പുകള്‍ ഉണ്ടായി. ആറായിരത്തോളം പേരെ ജയിലില്‍ അടച്ചു. നേതാക്കളെല്ലാം അറസ്റ്റിലായതുകൊണ്ട് ക്ഷുഭിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാരുമുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന മുദ്രാവാക്യം ജനങ്ങളെ ആവേശഭരിതരാക്കി. പൊലിസും പട്ടാളവും നാടാകെ മര്‍ദനം അഴിച്ചുവിട്ടു.

 

വെടിയേറ്റു വീണവര്‍

പ്രധാന നേതാക്കളെല്ലാം അറസ്റ്റിലായതോടെ അരുണാ ആസിഫ് അലിയേപ്പോലുള്ള യുവനേതാക്കളും വിദ്യാര്‍ഥികളുമാണ് ക്വിറ്റ് ഇന്ത്യ സമരത്തിന് മുന്നണിയില്‍ സജീവമായത്. ബോംബെ സമ്മേളനത്തിന്റെ പിന്നീടുള്ള സെഷന്‍ നിയന്ത്രിച്ചതും ആഗസ്റ്റ് ഒന്‍പതിന് സമ്മേളനസ്ഥലത്ത് കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയതും അരുണയാണ്. 

തുടര്‍ന്ന് അവര്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ വീരനായികയായി വിശേഷിപ്പിക്കപ്പെട്ടു. 1942 ആഗസ്റ്റ് ഒന്‍പതിനും ഡിസംബര്‍ 31-നും ഇടയ്ക്കുള്ള അഞ്ചു മാസമാണ് പ്രക്ഷോഭം കൊടുമ്പിരികൊണ്ടത്. എങ്കിലും 1945 വരെ സമരത്തിന്റെ അലയൊലികള്‍ നീണ്ടു. ഇന്ത്യ ഇന്ത്യാക്കാരുടേതാണ്, നിങ്ങള്‍ ഒഴിഞ്ഞുപോവുക എന്നു സമരക്കാര്‍ അന്ത്യ ശാസനം നല്‍കി.
ഈ അഞ്ചുമാസത്തിനിടെ ആയിരത്തോളം പേരാണിവിടെ വെടിയേറ്റു മരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 20,000 പേരെ വിചാരണ കൂടാതെ ജയിലിലടച്ചു. 65,000 പേരെ അറസ്റ്റു ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയെ നിരോധിച്ചു. 1944 മെയ് 6-ന് ഗാന്ധിജിയെ തടവില്‍ നിന്ന് മോചിപ്പിച്ചതോടെ സമരത്തിന്റെ ചൂടാറാന്‍ തുടങ്ങി.

 

ദേശീയബോധം ഊട്ടിയുറപ്പിച്ച സമരം

ഗാന്ധി പത്‌നി കസ്തൂര്‍ബ ഗാന്ധിയും അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവ് ദേശായിയും മരണപ്പെടുന്നത് ക്വിറ്റ് ഇന്ത്യാ സമരകാലത്താണ്. 1945 ജൂണ്‍ 16-ന് നേതാക്കളെല്ലാം മോചിപ്പിക്കപ്പെട്ടതോടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കൂടിയാലോചനകള്‍ക്കും അന്തരീക്ഷമൊരുങ്ങി. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് അദ്വീതീയ സ്ഥാനമാണുളളത്. 

രണ്ടാം ലോകമഹായുദ്ധത്തോടെ തളര്‍ന്ന ബ്രിട്ടന്‍, കോളനി രാജ്യങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതമായ സമയമായിരുന്നു അത്.
സാമ്രാജ്യത്വത്തെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഇന്ത്യാക്കാരില്‍ ദേശീയബോധവും ഐക്യവും ഊട്ടിയുറപ്പിച്ച സമരവും കൂടിയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.