2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആകാശത്തൊട്ടില്‍ നിരോധിക്കണം

ഉത്സവപ്പറമ്പുകളിലും കാര്‍ണിവലിലും എക്‌സിബിഷനിലും യാതൊരു സുരക്ഷയുമില്ലാതെ അപകടകരമായ നിലയില്‍ ആകാശത്തൊട്ടില്‍ പ്രര്‍ത്തിപ്പിക്കുന്നതു നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പത്തനംതിട്ട ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് വസന്തോത്സവത്തിന്റെ പേരില്‍ യാതൊരു സുരക്ഷയുമില്ലാതെ പ്രവര്‍ത്തിപ്പിച്ചിരുന്ന ആകാശത്തൊട്ടിലില്‍ നിന്നു വീണ് അഞ്ചു വയസ് പ്രായമായ അലന്‍, സഹോദരി പ്രിയങ്ക എന്നിവര്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു.
അല്‍പ സമയത്തെ സന്തോഷത്തിനുവേണ്ടി ജീവിതകാലം വരെ ദു:ഖിതരായി കഴിയേണ്ട അവസ്ഥയ്‌ക്കെതിരേ ശക്തമായ നടപടി ആവശ്യമായി വന്നിരിക്കയാണ്. ഇതുപോലെ മുന്‍പ് കാസര്‍കോട് പാലക്കുന്നില്‍ നടന്ന എക്‌സ്‌പോയില്‍ യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി മരിക്കുകയും കുട്ടിക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അവിടെയും യാതൊരു വിധ സുരക്ഷയും അനുമതിയും ഇല്ലാതെയാണ് ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ചിരുന്നത്. ആഘോഷ വേളകളില്‍ ബാല്യകൗമാര പ്രായമുള്ളവരെ പരക്കെ ആകര്‍ഷിക്കപ്പെടുന്ന ചെലവ്കുറഞ്ഞ വിനോദോപാധിയാണ് ആകാശത്തൊട്ടില്‍.
സാഹസികമായ അനുഭവത്തിനായി ഇത്തരം സംവിധാനങ്ങളില്‍ കൗതുകമെടുക്കുന്ന മുതിര്‍ന്ന പൗരന്‍മാരുമുണ്ട്. എന്നാല്‍ അധികാരികളുടെ ഉദാസീനത കാരണം വിനോദ സംരംഭങ്ങള്‍ മരണത്തിനും കഷ്ടനഷ്ടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇത്തരം സംവിധാനങ്ങളുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡം, അനുമതി നല്‍കുന്നതിനുള്ള അധികാരമുള്ള ഭരണസംവിധാനം, സുരക്ഷ സംബന്ധമായ നിയമാവലി എന്നിവയില്‍ വ്യക്തതവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ യന്ത്രത്തൊട്ടിലുകള്‍ സ്ഥാപിക്കുമ്പോള്‍ അവയുടെ പ്രവര്‍ത്തനക്ഷമതയും അതില്‍ കയറുന്നവരുടെ സംരക്ഷണവും ഉറപ്പുവരുത്തണം. കാസര്‍ക്കോട് അപകടത്തിനു ശേഷം 2016 മാര്‍ച്ച് എട്ടിനു മനുഷ്യാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച വിധിന്യായത്തിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കാത്തതാണ് ചിറ്റാറില്‍ ഇത്തരം മരണം സംഭവിക്കാന്‍ ഇടയായിട്ടുള്ളത്. മനുഷ്യ ജീവന്‍ കൊണ്ടുള്ള ഇത്തരം വിനോദങ്ങള്‍ നിരോധിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണം.

കെ. മുഹമ്മദ് കുഞ്ഞി
കോരമ്പേത്ത്, വളപട്ടണം, കണ്ണൂര്‍


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.