2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ആകാശത്തെ ‘ചവറു’ പെറുക്കാന്‍ ഒരു ഉപഗ്രഹം

ബഹിരാകാശത്ത് ചവറുപെറുക്കാന്‍ ഒരു മനുഷ്യനിര്‍മിത ഉപഗ്രഹമെന്നു കേള്‍ക്കുമ്പോള്‍ മണ്ടത്തരമെന്നു തോന്നാം. എന്നാല്‍, അങ്ങനെ അപഹസിക്കാന്‍ വരട്ടെ. അങ്ങനെയൊരു ഉപഗ്രഹം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. പരീക്ഷണാര്‍ത്ഥത്തില്‍ അതിപ്പോള്‍ ആകാശം തൂത്തുവൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശപേടകമായ ഐ.എസ്.എസ് (International Space Station- ISS) ആണ് റിമൂവ് ഡിബ്രീ മിഷന്‍ എന്ന (Remove DEBRIS Mission) പുതിയ ബഹരാകാശ പദ്ധതി മുന്നോട്ടുവച്ചത്. ബ്രിട്ടീഷ് നിര്‍മ്മതമായ റിമൂവ് ഡിബ്രീ സാറ്റ്‌ലൈറ്റിന്റെ ജോലി ബഹിരാകാശത്തു കാലാങ്ങളായി ചിതറിക്കിടക്കുന്ന കൃത്രിമോപഗ്രഹ അവശിഷ്ടങ്ങള്‍ ശേഖരിക്കുകയെന്നതാണ്.

ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ ആകാശനീലിമ അതിമനോഹരമാണെങ്കിലും ശരിയായ ആകാശം ആകെ വൃത്തിഹീനമാണ്. പതിറ്റാണ്ടുകളായ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളില്‍നിന്നു തൊടുത്തുവിടുന്ന ഉപഗ്രഹങ്ങള്‍ കാലഹരണപ്പെട്ടാല്‍ ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കളായി ബഹിരാകാശത്തില്‍ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. ശരിക്കുമൊരു ചവറു പ്രദേശമാണ് ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശം.ചന്ദ്രനടക്കം ഭൂമിയെ വലംവയ്ക്കുന്ന എല്ലാറ്റിനും അതിന്റേതായ ഭ്രമണപഥം (Oribit) ഉണ്ട്. ഭുമിയില്‍ നിന്നയയ്ക്കുന്ന ഉപഗ്രഹങ്ങളും പ്രത്യേക ഭ്രമണപഥത്തിലാണു സഞ്ചരിക്കുന്നത്. പല വിധം ഉപഗ്രഹങ്ങള്‍ക്കും ഭൂമിയില്‍ നിന്നു അകലം കണക്കാക്കി വ്യത്യസ്ത ഭ്രമണപഥങ്ങളാണു നല്‍കിയിട്ടുള്ളത്.
കൃത്രിമോപഗ്രഹങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയാലോ ഇടയ്ക്കു പ്രവര്‍ത്തനരഹിതമായാലോ ചവറായി മാറും. അവ മറ്റ് ഉപഗ്രഹങ്ങള്‍ക്കു ഭീഷണിയായിത്തീരും.
ഇങ്ങനെ സജീവമായ ഉപഗ്രഹങ്ങള്‍ക്കും മറ്റും ശല്യമായി ഭ്രമണപഥങ്ങളില്‍ കറങ്ങി നടക്കുന്ന കാലപ്പഴക്കം വന്ന ഉപഗ്രഹങ്ങളും അവയുടെ അവശിഷ്ടങ്ങളും ബഹിരാകാശത്തേയ്ക്ക് അയച്ച റോക്കറ്റുകളുടെ അവശിഷ്ടങ്ങളുമെല്ലാം ചേര്‍ന്നതാണു സ്‌പേയ്‌സ് ഡബ്രീ എന്ന് പറയുന്ന ബഹിരാകാശത്തിലെ ചവറുകള്‍.

കാലഹരണപ്പെട്ട ഉപഗ്രഹങ്ങളെ പെതുവെ മറ്റു സാറ്റലൈറ്റുകള്‍ക്കു ഭീഷണിയല്ലാത്ത വിധം കൂടൂതല്‍ അകലെ, ഉപഗ്രഹങ്ങളുടെ ശവപ്പറമ്പായ ഗ്രേവ് യാഡ് ഓര്‍ബിറ്റ് (Grave yard Orbit ) എന്നു വിളിക്കുന്ന ഭ്രമണപഥത്തിലേയ്ക്ക് അയയ്ക്കുകയെന്നതാണ് പദ്ധതി. ഈ ശവപ്പറമ്പില്‍ ഉപഗ്രഹങ്ങള്‍ അന്ത്യവിശ്രമം കൊള്ളും. ഗ്രേവ് യാഡ് ഓര്‍ബിറ്റിലുള്ള ഉപഗ്രഹങ്ങളും അവിടെ നിന്നു വഴിതെറ്റി പുറത്തുകടക്കുന്ന അവശിഷ്ടങ്ങളും സ്‌പേയ്‌സ് ഡബ്രീ തന്നെയാണ്. ഒരു ഗുണവുമില്ലാത്തവയെങ്കിലും ഇങ്ങനെ കുറേ വസ്തുക്കള്‍ അതിവിശാലമായ ആകാശത്ത് ഒഴുകി നടന്നതുകൊണ്ട് എന്തു പ്രശ്‌നമെന്നതായിരിക്കും മനസ്സിലുയരുന്ന ചോദ്യം.

സ്‌പേയ്‌സ് ഡിബ്രീ ചിത്രങ്ങളില്‍ കാണുമ്പോലെ ആകാശത്ത് അലസമായി ഒഴുകിനടക്കുകയല്ല. ഡബ്രീകളടക്കം, ബഹിരാകാശത്തു ഭ്രമണം ചെയ്യുന്നവയെല്ലാം വെടിയുണ്ടയേക്കാള്‍ വേഗതയിലാണു കുതിച്ചുപായുന്നത്. ഭീമാകാരവും ഭാരമേറിയതുമായ ഈ വസ്തുക്കള്‍ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ആഘാതം ചിന്തിക്കാവുന്നതിലും വലുതാണ്. അക്കാരണത്താല്‍ സ്‌പേയ്‌സ് ഡബ്രീ മറ്റ് സജീവ ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ സഞ്ചാരികള്‍ക്കും ഐ.എസ്.എസിനു പോലും വിനാശകാരിയായിത്തീരാം.

സ്‌പേയ്‌സ് ഡിബ്രീ എന്ന ഈ തലവേദനയ്ക്കു പരിഹരമായാണ് ഐ.എസ്.എസ് റിമൂവ് ഡിബ്രീ എന്ന പുതിയ പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 100 കിലോയോളം ഭാരം വരുന്ന റിമൂവ് ഡിബ്രീ സാറ്റ്‌ലൈറ്റിന്റെ ജോലി ചാട്ടുളിപോലുള്ള ഉപകരണവും വലയും മറ്റുമുപയോഗിച്ചു സ്‌പെയ്‌സ് ഡിബ്രികള്‍ ശേഖരിക്കുകയെന്നതാണ്.
ഇങ്ങനെ ശേഖരിച്ച വസ്തുക്കളെ മെല്ലെ ഭൂമിയുടെ അന്തരീക്ഷത്തിലേ്ക്കു തള്ളിവിടും. അന്തരീക്ഷത്തിലെ ഘര്‍ഷണം മൂലമുണ്ടാവുന്ന ചൂടില്‍ ഇവ വെന്തു വെണ്ണിരാകുമെന്നാണു റിമൂവ് ഡിബ്രീ മിഷന്റെ ഉദ്ദേശം. ആകാശത്തിലെ കുപ്പ പെറുക്കല്‍ മാത്രമല്ല റിമൂവ് ഡിബ്രീ സാറ്റലൈറ്റിന്റെ ജോലി. നുതനമായി വികസിപ്പിച്ചെടുത്ത ക്യാമറകളും റഡാര്‍ സംവിധാനവും പരീക്ഷിക്കാനും റിമൂവ് ഡിബ്രീയെയാണു നിയോഗിച്ചിട്ടുള്ളത്.

വെടിയുണ്ടയുടെ വേഗത്തില്‍ ചീറിപ്പറക്കുന്ന ചവറുകള്‍ പിടിക്കാന്‍ കഴിവുള്ള ഈ ഉപഗ്രഹം നിര്‍മ്മിക്കുന്നത് ചെറു ഉപഗ്രഹ നിര്‍മാണരംഗത്തു മുന്‍നിരയിലുള്ള സറി സാറ്റ്‌ലൈറ്റ് ടെക്‌നോളജി ലിമിറ്റഡ് (Surry Satalite Technology Limited ) ആണ്. കഴിഞ്ഞ ഏപ്രിലില്‍ ഫ്‌ളോറിഡയില്‍ നിന്ന് എയര്‍ബസ് നിര്‍മിത റോക്കറ്റില്‍ ഈ ഉപഗ്രഹം ബഹിരാകാശത്തേയ്ക്ക് അയച്ചു.
ഇപ്പോള്‍ പരീക്ഷണഘട്ടത്തിലുള്ള ഉപഗ്രഹം വിജയകരമെന്നു തെളിഞ്ഞാല്‍, റിമൂവ് ഡിബ്രി മിഷന്‍ കൂടുതല്‍ ബഹിരാകാശ പദ്ധതികളില്‍ ഉള്‍പ്പെടുത്താനാണു തീരുമാനം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.