2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും

ശാക്കിര്‍ തോട്ടിക്കല്‍

ഇന്നു കാലാവസ്ഥാ പഠനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കൃത്രിമോപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള വിവര ശേഖരണം കാലാവസ്ഥാ പഠനത്തിന് ഏറെ സഹായകമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഭൂമിയെക്കുറിച്ചുള്ള വിവരശേഖരണത്തില്‍ മനുഷ്യന്‍ വ്യാപൃതനായിരുന്നു.

വിദൂര സംവേദനം

ഒരു വസ്തുവിനെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങള്‍ സ്പര്‍ശബന്ധം കൂടാതെ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു സംവേദന ഉപകരണം വഴി മനസിലാക്കുന്ന രീതിയാണ് വിദൂര സംവേദനം. 1960 ല്‍ അമേരിക്കന്‍ നാവിക സേനയാണ് റിമോര്‍ട്ട് സെന്‍സിങ്ങ് എന്ന പദം ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. വിദൂരസംവേദനത്താല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സെന്‍സറോ കാമറയോ സ്ഥാപിക്കുന്ന പ്രതലത്തെ പ്ലാറ്റ്‌ഫോം എന്നു പറയുന്നു.

കാമറകളും സ്‌കാനറുകളും

വസ്തുക്കളില്‍ തട്ടി പ്രതിഫലിക്കുന്ന ദൃശ്യപ്രകാശത്തെയാണ് കാമറ ഒപ്പിയെടുക്കുന്നത്. എന്നാല്‍ ഇവ കൂടാതെയുള്ള വൈദ്യുത കാന്തിക വികിരണത്തെ കൂടി രേഖപ്പെടുത്താന്‍ കഴിയുന്ന സങ്കീര്‍ണ ഉപകരണങ്ങളാണ് സ്‌കാനറുകള്‍

റഡാര്‍ ഇമേജിംഗ്

റഡാറുകള്‍ പുറപ്പെടുവിക്കുന്ന തരംഗങ്ങള്‍ ഒരു വസ്തുവില്‍ തട്ടി പ്രതിഫലിച്ച് തിരികെ സിഗ്നലുകളാക്കി റഡാറില്‍ സ്വീകരിക്കപ്പെടുന്നു. ഈ മാര്‍ഗങ്ങളിലൂടെയുള്ള ചിത്രീകരണ രീതിയാണ് റഡാര്‍ ഇമേജിംഗ്.

പ്ലാറ്റ്‌ഫോം

വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള കാമറയോ സ്‌കാനറുകളോ സ്ഥാപിച്ചിരിക്കുന്ന പ്രതലത്തെയാണ് പ്ലാറ്റ് ഫോം എന്നു പറയുന്നത്. ബലൂണുകള്‍, വിമാനങ്ങള്‍, ഉപഗ്രഹങ്ങള്‍ എന്നിവയിലൊക്കെ സെന്‍സറുകള്‍ സ്ഥാപിക്കാം.

ഭൂതലഛായാഗ്രഹണം

ഭൂതലത്തില്‍നിന്നോ അതിലെ ഉയര്‍ന്ന തലങ്ങളില്‍നിന്നോ ഭൗമോപരിതലത്തിന്റെ ചിത്രങ്ങളെടുക്കുന്നതിനെയാണ് ഭൂതലഛായാഗ്രഹണം എന്നു പറയുന്നത്. നാം കാമറകള്‍ ഉപയോഗിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തുന്നത് ഭൂതലഛായ ഗ്രഹണത്തിന് ഉദാഹരണമാണ്.

ആകാശീയ വിദൂര സംവേദനം

ബലൂണുകളിലോ വിമാനങ്ങളിലോ ഉറപ്പിച്ചുള്ള കാമറയുടെ സഹായത്താല്‍ ആകാശത്തുനിന്ന് ഭൂപ്രതലത്തിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി എടുക്കുന്ന പ്രക്രിയയാണ് ആകാശീയ വിദൂര സംവേദനം
സ്റ്റീരിയോ സ്‌കോപ്പ്

ആകാശീയ ഛായാചിത്രങ്ങളെ ത്രിമാന രൂപത്തില്‍ കാണാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റീരിയോ സ്‌കോപ്പ്.

ഭൂസ്ഥിര ഉപഗ്രഹങ്ങള്‍

ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണിവ. സഞ്ചാര പഥം ഭൂമിയില്‍നിന്ന് ഏകദേശം 36000 കിലോമീറ്റര്‍ ഉയരത്തിലാണ്. ഭൂമിയുടെ മൂന്നിലൊന്നു ഭാഗം നിരീക്ഷണ പരിധിയില്‍ വരുന്നു.

ഭൂമിയുടെ ഭ്രമണവേഗത്തിനു തുല്യമായ വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ എല്ലായ്‌പ്പോഴും ഭൂമിയിലെ ഒരേ പ്രദേശത്തെ അഭിമുഖീകരിച്ചു നിലകൊള്ളുന്നു.

ഒരു പ്രദേശത്തിന്റെ സ്ഥിരമായ വിവരശേഖരണത്തിന് സാധിക്കുന്നു. വാര്‍ത്താവിനിമയത്തിനും ദിനാന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന വ്യത്യാസം മനസിലാക്കാനും പ്രയോജനപ്പെടുത്തുന്നു.

സൗരസ്ഥിര ഉപഗ്രഹങ്ങള്‍

സഞ്ചാരപഥം ഭൗമോപരിതലത്തില്‍നിന്ന് ഏതാണ്ട് 1000 കിലോമീറ്ററിനു താഴെയാണ്. ഭൂസ്ഥിര ഉപഗ്രഹങ്ങളേക്കാള്‍ കുറഞ്ഞ നിരീക്ഷണ പരിധി.

സപെക്ട്രല്‍ സിഗ്നേച്ചര്‍

ഭൗമോപരിതലത്തിലെ ഓരോ വസ്തുവും വൈദ്യുത കാന്തിക വികിരണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഊര്‍ജത്തിന്റെ അളവാണ് ആ വസ്തുവിന്റെ സ്‌പെക്ട്രല്‍ സിഗ്നേച്ചര്‍

ഉപഗ്രഹഛായ ചിത്രങ്ങള്‍

വൈദ്യുത കാന്തിക സ്‌പെക്ട്രത്തിലെ പ്രത്യേക മേഖലകള്‍ തിരിച്ചറിയാന്‍ കഴിയുന്ന വിവിധതരം സ്‌കാനറുകള്‍ കൃത്രിമ ഉപഗ്രഹങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നു. ഈ സ്‌കാനറുകള്‍ വിവിധ വസ്തുക്കളെ സ്‌പെക്ട്രല്‍ സിഗ്നേച്ചറിന്റെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ സംഖ്യാ രൂപത്തോടെ വിശകലനം ചെയ്ത് ചിത്രരൂപത്തില്‍ ആക്കുന്നു. ഇവയാണ് ഉപഗ്രഹഛായ ചിത്രങ്ങള്‍.

ഭൂവിവര വ്യവസ്ഥ

വിദൂര സംവേദന സാങ്കേതിക വിദ്യയുടെയും മറ്റു സര്‍വേ മാര്‍ഗങ്ങളുടെയും സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടങ്ങള്‍ തയാറാക്കുന്നതിനും ഭൂപടങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനും വിശകലനത്തിനും ഇന്ന് സോഫ്റ്റ് വെയറുകള്‍ ഉപയോഗപ്പെടുത്തുന്നു. ഈ പ്രക്രിയയാണ് ഭൂവിവര വ്യവസ്ഥ എന്നറിയപ്പെടുന്നത്. ഭൂപടങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഭൂപടങ്ങള്‍ നവീകരിക്കുക, പുതിയവ സൃഷ്ടിക്കുക എന്നിവ മാത്രമല്ല, ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് പട്ടികകള്‍, ഗ്രാഫുകള്‍ എന്നിവ നിര്‍മിക്കാനും ഭൂവിവര വ്യവസ്ഥ സോഫ്റ്റ് വെയറുകള്‍ക്കു കഴിയും.

ഭൂവിവരവ്യവസ്ഥയില്‍
വിവരവിശകലനം
സാധ്യമാകണമെങ്കില്‍
രണ്ടുതരം വിവരങ്ങള്‍
ആവശ്യമാണ്

സ്ഥാനീയ വിവരങ്ങള്‍

ഭൗമോപരിതലത്തിലെ ഓരോ വസ്തുവിനും അതിന്റെതായ അക്ഷാംശ, രേഖാംശ സ്ഥാനമുണ്ട്. അതിനാല്‍ ഒരു പ്രദേശത്തിന്റെ ഭൂപടം ഭൂവിവരവ്യവസ്ഥയില്‍ തയാറാക്കുമ്പോള്‍ അതിന്റെ അക്ഷാംശ- രേഖാംശ സ്ഥാനം കൂടി നല്‍കേണ്ടതുണ്ട്. ഈ വിവരങ്ങളെയാണ് സ്ഥാനീയവിവരങ്ങള്‍ എന്നു വിളിക്കുന്നത്.

പാളികള്‍

ഭൂവിവരവ്യവസ്ഥാ സോഫ്റ്റ് വെയറുകളുടെ സഹായത്താല്‍ സ്ഥാനീയ വിവരങ്ങളെ വിവിധ പാളികളാക്കി മാറ്റാന്‍ സാധിക്കുന്നു. ഭൗമോപരിതലത്തിലെ സവിശേഷതകളെ പാളികളാക്കിയാല്‍ അവയില്‍നിന്ന് നമുക്കാവശ്യമായ വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി പട്ടികകളോ, ഭൂപടങ്ങളോ എളുപ്പത്തില്‍ തയാറാക്കാന്‍ കഴിയും. നല്‍കിയിരിക്കുന്ന ജിഐഎസ് ഭൂപടത്തില്‍ ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗങ്ങളും പര്‍വതനിരകളും വ്യത്യസ്ത പാളികളായി ചേര്‍ത്തിരിക്കുന്നു.

സ്‌പേഷ്യല്‍ റെസല്യൂഷന്‍

ഉപഗ്രഹങ്ങളിലെ സെന്‍സറുകള്‍ക്ക് ഭൗമോപരിതലത്തിലെ എല്ലാ വലിപ്പത്തിലുമുള്ള വസ്തുക്കളെയും തിരിച്ചറിയാന്‍ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ് ആ സെന്‍സറിന്റെ സ്‌പേഷ്യല്‍ റസല്യൂഷന്‍.

വിശകലന സാധ്യതകള്‍

സ്ഥാനീയ വിവരങ്ങളായും വിശേഷണങ്ങളായും ശേഖരിക്കപ്പെടുന്ന ഭൗമോപരിതല സവിശേഷതകളെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിശകലനങ്ങള്‍ക്കു വിധേയമാക്കാന്‍ ഭൂവിവര വ്യവസ്ഥയ്ക്കു കഴിയും. ശൃംഖലാവിശകലനം, ആവൃത്തി വിശകലനം, ഓവര്‍ലെ വിശകലനം, എന്നിവ പ്രധാനപ്പെട്ട വിശകലന സാധ്യതകളാണ്.

ശൃംഖലാ വിശകലനം

റോഡ്, റെയില്‍വേ, നദികള്‍, തുടങ്ങി ഭൂപടത്തിലെ രേഖീയ സവിശേഷകതകളെയാണ് ശൃംഖല വിശകലനത്തിന് വിശദമാക്കുന്നത്. ഏറ്റവും ദൂരം കുറഞ്ഞ യാത്രാ മാര്‍ഗം, ടോള്‍ ഇല്ലാത്ത പാത, തിരക്കു കുറഞ്ഞ പാത, വഴിയിലുള്ള പെട്രോള്‍ പമ്പ് , ഹോട്ടല്‍, ആശുപത്രി മുതലായവ കണ്ടത്താന്‍ ശൃംഖലാ വിശകലനത്തിലൂടെ കഴിയും.

ആവൃത്തി വിശകലനം

ഒരു ബിന്ദുവിനു ചുറ്റുമായോ, രേഖീയ സവിശേഷതകള്‍ക്ക് നിശ്ചിത ദൂരത്തിലോ നടത്താവുന്ന പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ആവൃത്തി വിശകലനം. ഉദാ. നിലവില്‍ ഉള്ള റോഡിന് 10 മീറ്റര്‍ വീതി കൂട്ടുമ്പോള്‍ ഏറ്റെടുക്കേണ്ടി വരുന്ന വീടുകള്‍ നമുക്ക് ആവൃത്തി വിശകലനത്തിലൂടെ കണ്ടെത്താം.

ഓവര്‍ലേ വിശകലനം

ഒരു പ്രദേശത്തിന്റെ വിവിധ ഭൗമോപരിതല സവിശേഷതകളുടെ പരസ്പര ബന്ധത്തെക്കുറിച്ചും കാലാനുസൃതമായി അവയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും മനസിലാക്കുന്നതിന് ഓവര്‍ലേ വിശകലനം ഉപയോഗിക്കുന്നു. വിളകളുടെ വിസ്തൃതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയൊക്കെ മനസിലാക്കാന്‍ ഓവര്‍ലേ വിശകലനം സഹായകമാണ്.

ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം

ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ സ്ഥാനം , ഉയരം, സമയം, എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം( ജിപിഎസ്)
ഇന്ത്യന്‍ റീജിനല്‍ നാവിഗേഷന്‍

സാറ്റലൈറ്റ് സിസ്റ്റം

ജി.പി.എസ്സിനു പകരമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഗതി നിര്‍ണയ സംവിധാനമാണ് ഇന്ത്യന്‍ റീജിനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.