2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

അസ്താനയ്‌ക്കെതിരേ അന്വേഷണം തുടരാം: ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ട അഴിമതിക്കേസില്‍ ആരോപണവിധേയനായ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന കൂടുതല്‍ കുരുക്കിലേക്ക്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്താന നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാന്‍ നിര്‍ദേശം നല്‍കിയ ഹൈക്കോടതി, പത്തു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു. ജസ്റ്റിസ് നജ്മി വസീരിയുടെ ബെഞ്ചിന്റേതാണ് വിധി. ഹരജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിയിരിക്കുകയായിരുന്നു.

മാംസകയറ്റുമതി വ്യാപാരി മുഈന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് ബാബുവില്‍ നിന്ന് മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്‌ക്കെതിരായ ആരോപണം. കേസില്‍ ഒന്നാംപ്രതിയാണ് അസ്താന. രണ്ടാം പ്രതി സി.ബി.ഐ ഡി.വൈ.എസ്.പി ദേവേന്ദ്രകുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

അസ്താനയ്‌ക്കെതിരായ അന്വേഷണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ഥിഭായി ചൗധരിയും മറ്റും ഇടപെടാന്‍ ശ്രമിച്ചെന്ന് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സി.ബി.ഐ ഡി.ഐ.ജി മനീഷ് കുമാര്‍ സിന്‍ഹ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.

കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ, കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ കെ.വി ചൗധരി, കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി എന്നിവര്‍ക്കെതിരേയും സത്യവാങ്മൂലത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. റാഫേല്‍ ഉള്‍പ്പെടെ സുപ്രധാന കേസുകളില്‍ അന്വേഷണം നീളുന്നതിനിടെയായിരുന്നുഅലോക് വര്‍മയയും അസ്താനയെയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.