2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Editorial

അസാധാരണ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്


 

കഴിഞ്ഞ മെയ് മാസത്തില്‍ സംസ്ഥാനത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപാ വൈറസ് ബാധ യഥാസമയം കണ്ടെത്തുന്നതില്‍ ആരോഗ്യ വകുപ്പ് വീഴ്ച വരുത്തിയെന്നുവേണം കരുതാന്‍. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളായ ‘ബ്രിട്ടീഷ് മെഡിക്കലും , ദ ജേണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസും’ പുറത്തുവിട്ട വിവരങ്ങളില്‍നിന്നും അതാണ് മനസിലാകുന്നത്.
കഴിഞ്ഞ മെയ് മാസത്തിലാണ് കുറ്റ്യാടിയില്‍ നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുന്‍പുതന്നെ നിപാ രോഗലക്ഷണങ്ങളോടെ അഞ്ചുപേര്‍ മരണമടഞ്ഞുവെന്നുള്ള വിവരമാണ് ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചതായി കരുതാന്‍ കാരണം.
അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും അന്തരം പ്രകടമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ 18 പേര്‍ക്ക് രോഗം ബാധിക്കുകയും17 പേര്‍ മരിച്ചുവെന്നുമാണുള്ളത്. എന്നാല്‍ ജേണലുകളില്‍ പറയുന്നത് 23 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും 21 പേര്‍ മരിച്ചുവെന്നുമാണ്. നിപാ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിലുണ്ടായ കാലതാമസമാണ് ഈ വീഴ്ചയുടെ അടിസ്ഥാനം.
ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുന്‍പുതന്നെ അഞ്ചുപേര്‍ രോഗം ബാധിച്ച് മരണമടഞ്ഞുവെന്ന് ജേണല്‍ പറയുന്നു. ഇതില്‍ മൂന്നാമത്തെയാളാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റേഡിയോളജി എക്‌സ് റേ വിഭാഗത്തില്‍ അസിസ്റ്റന്റ് ആയിരുന്ന സുധ എന്നാണ് ജേണലില്‍ പറയുന്നത്. എന്നാല്‍ ആരോഗ്യവകുപ്പ് ഇത് അംഗീകരിച്ചിരുന്നില്ല. സുധ മരിച്ചത് നിപാ ബാധിച്ചാണെന്ന് അവരുടെ ഭര്‍ത്താവ് ടി. വിനോദ് അന്നുതന്നെ പറഞ്ഞിരുന്നു. അവരുടെ രോഗവിവരങ്ങളും അത് സ്ഥിരീകരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതിരുന്നതിനാല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും കഴിഞ്ഞില്ല.
നിപാ ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന സാബിത്തിനെ പരിചരിച്ചിരുന്നത് സുധയായിരുന്നു. സാബിത്തിന് നിപായാണെന്നറിയാതെ പരിചരിച്ച സുധയ്ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. അങ്ങനെയായിരിക്കാം അവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടാവുക. പനിയും ശക്തമായ തലവേദനയാലുമാണ് അവര്‍ മരണമടഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ ആരോഗ്യവകുപ്പില്‍ നിന്നുണ്ടാകേണ്ട അതീവശ്രദ്ധ സുധക്ക് കിട്ടാതെപോയതാകാം അകാലത്തിലുള്ള അവരുടെ മരണത്തിന് കാരണം.
സുധയുടെ മരണം നിപാ വൈറസ് മൂലമാണെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ വ്യക്തമാക്കുമ്പോള്‍ രണ്ടാമതൊരാള്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ നിപാ സ്ഥിരീകരിക്കാനായി എന്ന ആരോഗ്യവകുപ്പിന്റെ വാദം അസ്ഥാനത്താകുന്നു.
ആദ്യംമരിച്ച അഞ്ചുപേരെ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നെങ്കില്‍ രോഗം പടരുന്നത് തടയാമായിരുന്നു. രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണംകൂടി അന്താരാഷ്ട്ര ജേണലുകള്‍ ഉള്‍പ്പെടുത്തിയതാണ് മരണസംഖ്യ കൂടുതലാകാന്‍ കാരണമെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വാദം. ആ വാദം അംഗീകരിച്ചാല്‍ത്തന്നെ അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകള്‍ പറയുന്നതാണ് യാഥാര്‍ഥ്യമെന്ന് ബോധ്യപ്പെടും.
മാറിയ ജീവിതരീതിയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിനാശവും അറിയപ്പെടാത്ത പല രോഗങ്ങള്‍ക്കും ബീജാവാപം ചെയ്യുന്നുണ്ടെന്നുവേണം കരുതാന്‍. കേട്ടറിവുപോലുമില്ലാത്ത പല രോഗങ്ങളും നമ്മുടെ സംസ്ഥാനത്തും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യസംരക്ഷണ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണെന്നത് ഒരു കടങ്കഥയായി മാറിയിരിക്കുന്നു. എച്ച് വണ്‍ എന്‍ വണ്‍ എന്ന രോഗ പകര്‍ച്ചയ്ക്ക് ശേഷമാണ് നിപാ കേരളത്തെ പിടികൂടാന്‍ വന്നത്.
അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ പറയുന്നതുപോലെ ആദ്യഘട്ടത്തില്‍ നിപായെ തിരിച്ചറിയുന്നതില്‍ നമ്മുടെ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചിരിക്കാം. എന്നാല്‍ രോഗം തിരിച്ചറിഞ്ഞതിനുശേഷം അവരില്‍ നിന്നുണ്ടായ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് രോഗം വ്യാപിക്കുന്നത് തടഞ്ഞത്. അതിന് അവരെ ശ്ലാഘിക്കുകതന്നെ വേണം. രോഗബാധ പൂര്‍ണമായും തടയുന്നതുവരെ മഹത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങളായിരുന്നു അവര്‍ കാഴ്ചവച്ചതും.
അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകള്‍ പുറത്തുവിട്ട വിവരങ്ങളില്‍ നമ്മുടെ ആരോഗ്യവകുപ്പിന് ഒരു പാഠമുണ്ട്. അസാധാരണ രോഗലക്ഷണങ്ങളുമായി വരുന്ന ഒരു രോഗിയേയും അലസമായ പരിശോധനകൊണ്ട് അവഗണിക്കരുത് എന്ന പാഠം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.