2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അസഹിഷ്ണുത, അസമത്വം, ആള്‍ദൈവം…

തന്‍സീര്‍ ദാരിമി കാവുന്തറ 9946972873

കലാകാരന്മാരുടെ ഭാവനയോടുപോലും കഠിനമായ അസഹിഷ്ണുത സംഘ്പരിവാര്‍ സംഘടനകള്‍ പുലര്‍ത്തിത്തുടങ്ങിയിട്ട് കാലമേറെയായി. വിമര്‍ശകരായ എഴുത്തുകാരെ കൊല ചെയ്യുന്നതും ചോദ്യശരം ഉയര്‍ത്തുന്നവരെ ആക്രമിക്കുന്നതും ഊരുവിലക്ക് പ്രഖ്യാപിക്കുന്നതുമെല്ലാം അഭംഗുരം തുടരുകയാണ്.സഹിഷ്ണുതയും സ്വാതന്ത്ര്യവും കൊണ്ട് അനുസ്യൂതമായി ജനാധിപത്യം നിലനിന്നിരുന്ന ഇന്ത്യയുടെ ശക്തിയായ നാനാജനഭിന്നതയുടെയും ബഹുസ്വരതയുടെയും പാരമ്പര്യത്തെ ഏകശിലാത്മകവും ഏകസ്വരവുമായ കപട ദേശീയതാവാദത്തിനും ജിങ്‌ഗോയിസത്തിനും അടിയറവയ്ക്കുന്നത് അത്യന്തം ആപത്കരമാണെന്നതില്‍ പക്ഷാന്തരമില്ല.
അമേരിക്കയും ബ്രിട്ടനുമടക്കമുള്ള ലോകരാഷ്്ട്രങ്ങള്‍ ഇന്ത്യയിലെ മതവര്‍ഗീയതയെക്കുറിച്ചും സംഘര്‍ഷങ്ങളെക്കുറിച്ചും നിരന്തരം ആശങ്കപ്പെടുന്നു.എക്കാലവും സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് രാഷ്ട്രപതിക്കു പോലും നിരവധി തവണ ഓര്‍മപ്പെടുത്തേണ്ടി വരുന്നു. ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തുടങ്ങി വ്യവസായ സാമ്പത്തിക രംഗങ്ങളിലെ പ്രമുഖര്‍ രാജ്യത്താകെ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചതും ശ്രദ്ധയാകര്‍ഷിച്ചു.തങ്ങള്‍ക്കിഷ്ടപ്പെടാത്തത് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. അത് ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ നേരെ മാത്രമായി ഒതുങ്ങുന്നില്ല. എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കു ജാതിമതത്തിന്റെ പരിവേഷങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ.
മുംബൈയില്‍ പാക്കിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി കൗസരിയുടെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്ത സുധീന്ദ്ര കുല്‍ക്കര്‍ണി രാജ്യദ്രോഹിയാണ്. അതുകൊണ്ട് കരിഓയില്‍ അഭിഷേകംനടത്തി.1983ല്‍ പാര്‍ലമെന്റിന് തോട്ടരികെയുള്ള ഗുരുദ്വാര രഖബ്ഗഞ്ചിന് മുന്നില്‍ വെച്ച് ഇന്ത്യന്‍ ഭരണഘടന പരസ്യമായി കത്തിച്ച പ്രകാശ് സിംഗ് ബാദല്‍ ഇന്നു കറകളഞ്ഞ രാജ്യസ്‌നേഹിയാണ്. അതുകൊണ്ട് പൊന്നാട അണിയിച്ചു. അതായത് ഈ ദേശീയതയും രാജ്യസ്‌നേഹവുമൊെക്ക അവരവരുടെ ആവശ്യത്തിനും ഇംഗിതത്തിനുമൊത്ത് വിളമ്പാവുന്നതാണെന്ന് രത്‌നച്ചുരുക്കം. രാജ്യസ്‌നേഹവും രാജ്യദ്രോഹവും തിട്ടപ്പെടുത്താനുള്ള അളവുകോല്‍ എത്ര ലളിതമായാണ് ഫാസിസത്തിന്റെ തലച്ചോറുകള്‍ വികസിപ്പിച്ചെടുക്കുന്നത്. മഹാഭാരതമെന്നു പേരിട്ടാല്‍ ആ സിനിമ കളിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിപോലും സുചിന്തിതമാണ്.
കര്‍ണാടകത്തില്‍ ഡോ.എം.എം കല്‍ബുര്‍ഗിയും,മഹാരാഷ്്ട്രയില്‍ നരേന്ദ്ര ധബോല്‍ക്കറും,ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ട സമാനരീതിയിലാണ് ഗൗരി ലങ്കേഷിന്റെ വധവും. മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന അവര്‍ രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്്ട്രീയ നിലപാടുകളുടെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ ആളുകളെ ഉന്നമിടുകയാണെന്ന് ഗൗരി ചൂണ്ടിക്കാട്ടി. തന്റെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതിനെക്കുറിച്ചു ഗൗരി ലങ്കേഷ് പ്രതികരിച്ചു. സെപ്തംബര്‍ അഞ്ചിന് കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് റൊഹിങ്ക്യന്‍ മുസ്്‌ലിംകളെ എന്തിനാണ് പുറത്താക്കുന്നതെന്ന് കോടതി ചോദിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഗൗരി അവസാനമായി ട്വീറ്റ് ചെയ്തത്. തന്റെ രചനകളിലൂടെ വര്‍ഗീയ രാഷ്്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ തീവ്രവലതുപക്ഷത്തിനെതിരെയും ഹിന്ദുത്വരാഷ്്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. മുന്‍ മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ഡി.എന്‍ ജീവന്‍രാജ് പറഞ്ഞത്,ഗൗരി ലങ്കേഷ് ‘ ആര്‍.എസ്.എസ് കശാപ്പ്’എന്ന തലക്കെട്ടോടെ ഒരു ലേഖനം എഴുതി. അങ്ങനെയുള്ള എഴുത്തുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും ജീവനോടെയിരുന്നേനെ എന്നാണ്. ഗൗരിയുടെ ജീവഹാനി ആരുടെ അജണ്ടയായിരുന്നുവെന്ന് പറയുന്നുണ്ട് ഇത്തരം വിഷലിപ്തമായ വാക്കുകള്‍.

ആള്‍ദൈവങ്ങളുടെ സ്വര്‍ഗരാജ്യം
ആള്‍ദൈവം ഗുര്‍മീത് സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി ശിക്ഷ വിധിച്ചതിനെ തുടര്‍ന്നുണ്ടായ അതിക്രമങ്ങള്‍ ആള്‍ദൈവങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത സ്വാധീനശക്തിയെ വിളിച്ചോതുന്നതാണ്. ശതകോടികളുടെ ആസ്തിയും ഉന്നത രാഷ്ട്രീയ ബാന്ധവവും അധോലോക രഹസ്യങ്ങള്‍ക്ക് മറയിടാന്‍ സേവന ശൃംഖലയും സ്വന്തം മാധ്യമങ്ങളുമൊക്കെയുള്ള ആള്‍ദൈവങ്ങള്‍ സ്വയം സ്വര്‍ഗരാജ്യം പണിയുകയാണ്. ആത്മീയതയുടെ മറവില്‍ ചൂഷണങ്ങളും തട്ടിപ്പുകളും സ്ത്രീപീഡനവും നടത്തുന്ന ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കേണ്ട ഭരണ, രാഷ്ട്രീയ നേതൃത്വം ഭാഗികമായെങ്കിലും അവരുടെ ആരാധകരോ വിധേയരോ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
മുന്‍രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ സായിബാബയുടെ ‘എളിയ’ ശിഷ്യനായിരുന്നു. അനുഗ്രഹം തേടിച്ചെല്ലുന്ന ശര്‍മയുടെ തലയില്‍ ചവിട്ടിയായിരുന്നു ബാബ ആശീര്‍വദിച്ചിരുന്നത്! പല നേതാക്കളേയും സ്വാധീനിച്ച വ്യക്തിയാണ് സന്യാസിയെന്ന് അവകാശപ്പെട്ട ചന്ദ്രസ്വാമി. അനധികൃതവും നിഗൂഢവുമായ നിരവധി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു ചന്ദ്രസ്വാമി. രാജീവ്ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷിച്ച ജയിന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ചന്ദ്രസ്വാമിയുടെ പങ്കിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. നരസിംഹറാവുവിന്റെ ആത്മീയ ഉപദേശകനായിരുന്നു ചന്ദ്രസ്വാമി. അതിനാല്‍ രാജീവ് വധവുമായി ചന്ദ്രസ്വാമിക്കുള്ള ബന്ധം സംബന്ധിച്ച രേഖകളൊന്നും പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്ന് പുറത്തുവന്നിരുന്നില്ല. ഭരണസ്ഥാനത്തിരിക്കുന്നവര്‍ ഇവരുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം യാചിക്കുമ്പോള്‍ എങ്ങനെ നിയമസംവിധാനം ശരിയായി പ്രവര്‍ത്തിക്കും. മതത്തിന്റെയും ധര്‍മപ്രവര്‍ത്തനങ്ങളുടെയും മറയ്ക്കുപിന്നില്‍ ഏത് കൊടുംകുറ്റത്തെയും ഒളിപ്പിക്കാമെന്നായിരിക്കുന്നു.അധികാര കേന്ദ്രങ്ങള്‍ നല്‍കുന്ന ഇരട്ടത്താപ്പിന്റെ ആനുകൂല്യത്തിലാണ് ആള്‍ദൈവങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളുടെ തമ്പുരാക്കന്മാരായി നിയമത്തെയും ഭരണഘടനയെയും പന്താടി മദിച്ചു നടക്കുന്നത്.
ആദര്‍ശവാദിയായി വിശേഷിപ്പിക്കപ്പെടുന്ന പല നേതാക്കളും അമൃതാനന്ദയിയുടെ പതിവു സന്ദര്‍ശകരാണല്ലോ. അവരുടെ അധോലോക രഹസ്യങ്ങളെക്കുറിച്ചു അന്വേഷണം നടത്തി പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങളള്‍ പലതും അവരുടെ സ്തുതിപാഠകരായി തരംതാഴ്ന്നിരിക്കുകയുമാണ്. മഠത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും അറിയാത്ത ഭാവം നടിച്ച സംസ്ഥാനത്തെ മുഖ്യധാരാ മാധ്യമങ്ങള്‍, ‘അമ്മ’യുടെ പിറന്നാളിന് പ്രത്യേക പതിപ്പുകള്‍ ഇറക്കി അവരെ മഹത്വവത്കരിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. അമൃതാനന്ദമയിയുടെയും മഠത്തിന്റെയും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്ത് പുസ്തകം പുറത്തിറക്കിയ ഡി.സി ബുക്‌സും അമൃതാനന്ദമയിയുടെ ഒരു വിമര്‍ശകനായ സ്വാമിയും ആക്രമിക്കപ്പെട്ടത് പ്രബുദ്ധ കേരളത്തിലായിരുന്നു. മഠത്തിലെ അന്തേവാസിയായിരുന്ന സത്‌നാം സിംഗിന്റെ മരണത്തിന് പിന്നിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല.ഉത്തരേന്ത്യയിലെ കോര്‍പറേറ്റ് ആള്‍ദൈവമായ ആശാറാം ബാപ്പു ഗുജറാത്ത്,മധ്യപ്രദേശ് സര്‍ക്കാരുകളുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്. 2013ല്‍ പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ ആശാറാം ബാപ്പുവിനെ അറസ്റ്റ്‌ചെയ്യാനും പൊലീസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു.സൂറത്ത് മാനഭംഗക്കേസില്‍ ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയ അഖില്‍ ഗുപ്ത അജ്ഞാതന്റെ വെടിയേറ്റുമരിച്ചിരുന്നു. ആശാറാമെന്നല്ല ഏത് ആള്‍ദൈവത്തിനെതിരെയും ശബ്ദിക്കുന്നതും നിയമ നടപടികള്‍ സ്വീകരിക്കുന്നതും അപകടകരമാണെന്നതാണ് കലര്‍പ്പില്ലാത്ത നേര്. തങ്ങളുടെ രോമകൂപം സ്പര്‍ശിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അവന്റെ ഗതി ഇതായിരിക്കുമെന്ന, അധോലോക രാജാക്കന്മാരുടെ ശൈലിയിലുള്ള മുന്നറിയിപ്പ് കൂടിയാണ് അഖില്‍ ഗുപ്ത, അമൃത് പ്രജാപതി കൊലകളിലൂടെ അവരുടെ അനുയായി വൃന്ദം ജനങ്ങള്‍ക്ക് നല്‍കുന്നത്.
ഹരിയാന കോടതി കൊലക്കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബര്‍വാലയിലെ സത്‌ലോക് ആശ്രമത്തിന്റെ അധിപന്‍ ആള്‍ദൈവം രാംപാലിനെ സതോക് ആശ്രമത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കാന്‍ വന്ന പോലീസിനെ അയാളുടെ അനുയായികള്‍ എതിരേറ്റത് വെടിയുണ്ടകള്‍ കൊണ്ടായിരുന്നല്ലോ.രാംപാലിനെ അറസ്റ്റ്‌ചെയ്യാന്‍ ആറ്് മനുഷ്യജീവനുകള്‍ കുരുതി കൊടുക്കേണ്ടിവന്നു.പതിനായിരത്തിലധികംപേരെ ആശ്രമത്തില്‍ ബന്ദികളാക്കിയതും സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചങ്ങളാക്കിയതും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. ആത്മീയതയുടെ പേരുപറഞ്ഞ് ഊറ്റംകൊള്ളുന്ന ആശ്രമങ്ങളില്‍ നടക്കുന്ന ക്രൂരതകളുടെ നഖചിത്രമാണിത്.

സാമ്പത്തിക അസ്ഥിരത
നോട്ടുനിരോധനമെന്ന മണ്ടന്‍ പരിഷ്‌കാരത്തിന്റെ ദുരന്തത്തില്‍ നിന്നും ജനം ഇനിയും മോചിതരായിട്ടില്ല. ധനശാസ്ത്രസിദ്ധാന്തങ്ങളും സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളും എന്തായാലും സാമാന്യ ജനജീവിതം വിലക്കയറ്റത്താല്‍ ദുസ്സഹമാകുന്നുവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മുന്‍കാലങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു മാത്രമാണ് വില കയറിയിരുന്നതെങ്കില്‍, ഇപ്പോള്‍ സ്ഥിതിഗതികള്‍ ഗുരുതരമാണ്.പെട്രോളിനും ഡീസലിനും നിത്യേന വില കൂടുന്നു. പാചകവാതകത്തിന്റെ സബ്‌സിഡി ഇല്ലാതാവുന്നു. ജി.എസ്.ടി നടപ്പാക്കിയതിലെ അവ്യക്തതയും അശാസ്ത്രീയതയും കാരണം ജീവന്‍രക്ഷാമരുന്നുകള്‍ക്കുപോലും അമിതപണം ചെലവിടേണ്ടിവരുന്നു.അമിത സാമ്പത്തിക ഭാരത്താല്‍ സാധാരണക്കാരന്റെ ജീവിതം വീര്‍പ്പുമുട്ടുന്നു. സമ്പദ്ഘടനയുടെ വൈരുധ്യങ്ങള്‍ താങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.