2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

അസഹിഷ്ണുതാ കാലത്ത് വോട്ടര്‍മാര്‍ ചെയ്യേണ്ടത്

#എ. റഹീംകുട്ടി
9995077790

 

മത-രാഷ്ട്രീയ-അസഹിഷ്ണുത ഏറ്റവും തീക്ഷ്ണമായ കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. അതു ജനങ്ങളില്‍ കടുത്ത ഭീതിയും ഉല്‍ക്കണ്ഠയും വളര്‍ത്തിയിട്ടുമുണ്ട്. സൈ്വരജീവിതം അസാധ്യമാക്കുന്ന അവസ്ഥയാണിപ്പോള്‍. ജനാധിപത്യത്തിന്റെ ആന്തരികസത്തയായ സഹിഷ്ണുത ഇല്ലാതാക്കുകയാണ്.
വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളെയും മതവിശ്വാസങ്ങളെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം ജനാധിപത്യവ്യവസ്ഥ. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും തനിക്കിഷ്ടപ്പെട്ട മതത്തിലും രാഷ്ട്രീയത്തിലും ഭയരഹിതമായി വിശ്വസിക്കാനും വ്യക്തികള്‍ക്കു കഴിയണം. അതാണ് ജനാധിപത്യത്തിന്റെ പ്രാണവായു. അതു നിഷേധിക്കുന്നിടത്താണു ഫാസിസം ഉടലെടുക്കുന്നത്.

തങ്ങള്‍ക്കു ഹിതകരമല്ലാത്ത അഭിപ്രായങ്ങളെയും വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണു രാഷ്ട്രീയത്തിന്റെ മുഖാവരണമണിഞ്ഞ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഇപ്പോള്‍ നടത്തിപ്പോരുന്നത്. ഏതു തരത്തില്‍ വസ്ത്രം ധരിക്കണം, ഏതു ഭക്ഷണം കഴിക്കണം, എങ്ങനെ എഴുതണം, ഏതു പ്രകാരം അഭിപ്രായം പറയണമെന്നെല്ലാം കല്‍പ്പിക്കുകയും അനുസരിപ്പിക്കുകയുമാണവര്‍.

ഇന്ത്യ ലോകത്തെ ഏറ്റവുമധികം ജാതി-മത-വര്‍ണ-വര്‍ഗ-ഭാഷാ വൈവിധ്യമുള്ള രാജ്യമാണ്. അതുള്‍ക്കൊണ്ടാണു നമ്മുടെ ഭരണഘടനയ്ക്കു രൂപം നല്‍കിയത്. എല്ലാ ജാതി, മതവിഭാഗക്കാര്‍ക്കും തുല്യനീതിയും തുല്യാവകാശവും തുല്യസ്വാതന്ത്ര്യവും ഭരണഘടന അനുവദിച്ചിട്ടുണ്ട്. ജാതീയവും മതപരവും മറ്റുമായ വൈജാത്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു രാജ്യമെന്ന കുടക്കീഴില്‍ ഒന്നിച്ചു പ്രയാണം നടത്താനുള്ള മാസ്മരികതയാണു ഭരണഘടനാ നിര്‍മിതിയില്‍ തെളിഞ്ഞു കാണുന്നത്.
നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയത്തിനു വിരുദ്ധമായ ഏതു നീക്കവും രാജ്യതാല്‍പ്പര്യത്തിനു നിരക്കാത്തതാണ്. അങ്ങനെ ചെയ്യുന്നതാണു രാജ്യദ്രോഹം. അത്തരം രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് അധികാരത്തിന്റെ തണല്‍ ലഭിക്കാന്‍ പാടില്ല. എന്നാല്‍, ഇവിടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഇത്തരം ഭരണഘടനാവിരുദ്ധമായ നീക്കങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്.
ഫാസിസ്റ്റ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മതത്തെ രാഷ്ട്രീയായുധമാക്കുകയാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ നേരിടുന്ന നിരവധി ജീവല്‍പ്രശ്‌നങ്ങളുണ്ട്. അതൊന്നും പരിഹരിക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. അത്തരം പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമായാല്‍ ഫാസിസ്റ്റുകള്‍ക്കു തിരിച്ചടി ഉറപ്പ്. എന്നാല്‍, അതൊക്കെ മാറ്റിവയ്പിച്ചു ആരാധനാലയ നിര്‍മാണം തെരഞ്ഞെടുപ്പു വിഷയമാക്കി വോട്ട്‌കൊയ്യാനുള്ള നീക്കമാണു നടക്കുന്നത്.

മതം രാഷ്ട്രീയായുധമാക്കി നടത്തിയ തരംതാണതും ക്രൂരവുമായ നീക്കങ്ങള്‍ കാരണം ആയിരക്കണക്കിനാളുകളുടെ ജീവന്‍ നഷ്ടമായി. ഗുജറാത്ത്-മുംബൈ കലാപങ്ങളും മുറാദാബാദ്, ഫൈസാബാദ്, മലേഗാവ്, സംഝോധ ട്രെയിന്‍ സ്‌ഫോടന പരമ്പരകളും മാത്രം നോക്കിയാല്‍ അതിന്റെ ഭീകരത വ്യക്തമാകും. ഒടുവിലുണ്ടായ പുല്‍വാമ സ്‌ഫോടനത്തിലും ഇതിന്റെ പ്രതിഫലനം കാണാം.
കല്‍ബുര്‍ഗി, നരേന്ദ്ര ധാവോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ വിലപ്പെട്ട ജീവന്‍ കവര്‍ന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ലല്ലോ! ഫാസിസത്തിന്റെ കുടിലതകളും ക്രൂരതകളും സഹിക്കവയ്യാതെ പല സാഹിത്യകാരന്മാരും എഴുത്തു നിര്‍ത്തിവയ്ക്കുന്ന സാഹചര്യമുണ്ടായി. ചില സാഹിത്യകാരന്മാര്‍ രചനകള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി.

ഇത്തരം ഫാസിസ്റ്റ് ക്രൂരതകള്‍ക്കെതിരേ സാഹിത്യലോകവും പൊതുമണ്ഡലവും ശക്തമായി പ്രതികരിക്കാന്‍ തയാറായെന്നതും എടുത്തുപറയേണ്ടതാണ്. പല സാഹിത്യകാരന്മാരും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അവാര്‍ഡുകള്‍ തിരസ്‌കരിക്കാനും തിരിച്ചുകൊടുക്കാനും തയാറായി. പക്ഷേ, ക്രൂരമായ നടപടികളില്‍നിന്നു പിന്മാറാന്‍ ഫാസിസ്റ്റുകള്‍ ഇതുവരെ തയാറായിട്ടില്ല.
പശു ഇറച്ചിയുടെ പേരില്‍ വ്യാപകമായി ആള്‍ക്കൂട്ട കൊലപാതകങ്ങളുണ്ടായി. മുഹമ്മദ് അഖ്‌ലാഖില്‍ തുടങ്ങിയ അത്തരം ചെയ്തികള്‍ ഇതുവരെ 42 മനുഷ്യരുടെ ജീവനെടുത്തു. മതവിരോധം തീര്‍ക്കാന്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി. കശ്മിരിലെ കത്‌വയിലുള്‍പ്പെടെ പിഞ്ചുബാലികമാര്‍ പീഡനത്തിനും ക്രൂരമായ കൊലപാതകത്തിനും ഇരകളാക്കപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരും രാഷ്ട്രീയനേതാക്കന്മാരും ഇത്തരം മൃഗീയകൃത്യങ്ങളിലെ പ്രതികളെ പിന്തുണക്കുന്ന ലജ്ജാകരമായ അവസ്ഥയും നാം നേരില്‍ക്കണ്ടു.
നമ്മുടെ നാട്ടില്‍ ഫാസിസത്തിന് തുടക്കം കുറിക്കുന്നതുതന്നെ അരാജകത്വം സൃഷ്ടിച്ചും ജനങ്ങളെ ഭയവിഹ്വലരാക്കിയുമാണ്. ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരേ പ്രതികരിക്കുന്നതു പോലും വലിയ ഭീഷണി നേരിടുന്ന കാര്യമായി. മുന്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയും സിനിമാതാരം ഷാരൂഖ്ഖാനും മലയാളക്കരയിലെ വിഖ്യാതസാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരും സംവിധായകന്‍ കമലുമൊക്കെ ഫാസിസ്റ്റുകളാല്‍ ക്രൂരമായി വേട്ടയാടപ്പെട്ടു.

ഫാസിസ്റ്റുകള്‍ ഈ വിഖ്യാതരും ആദരണീയരുമായ വ്യക്തികളെ ‘രാജ്യദ്രോഹി’കളായാണു മുദ്രകുത്തിയത്. സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ നാടുവിടണമെന്നു ശഠിക്കുകയും മുറവിളി കൂട്ടുകയും ചെയ്തു ഫാസിസ്റ്റുകള്‍. മുസ്‌ലിംകളെപ്പോലെ ദലിതരും വ്യാപകമായി വേട്ടയാടപ്പെട്ടു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമൂലയ്ക്കു ജീവനൊടുക്കേണ്ടിവന്നു.

യു.എ.പി.എ നിയമം ദുരുപയോഗം ചെയ്തു വ്യാപകമായ മനുഷ്യാവകാശ ധ്വംസനം നടത്തി. അങ്ങനെ അസംഖ്യം ചെറുപ്പക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ജാമ്യം ലഭിക്കാത്ത വിധം ജയിലിലടച്ചു. മുത്വലാഖ് നിയമവും പൗരത്വ ഭേദഗതി ബില്ലും പോലെ യുക്തിരഹിതവും വിഭാഗീയവുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. ലക്ഷ്യം വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ചു വോട്ട് തട്ടിയെടുക്കല്‍ തന്നെ. ഒടുവിലിതാ, ലോകം ഏറെ ആദരിക്കുന്ന നമ്മുടെ രാഷ്ട്രപിതാവിനു നേരേ പ്രതീകാത്മകമായി വെടിയുതിര്‍ക്കാന്‍ പോലും കുടിലമനസുകള്‍ ധൈര്യം കാണിച്ചിരിക്കുന്നു.
സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് വിഭജനം സൃഷ്ടിച്ച വര്‍ഗീയ ചേരിതിരിവും അക്രമവും കൊലപാതകങ്ങളും അതിരൂക്ഷമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലം മുതല്‍ തൊണ്ണൂറുകള്‍ വരെ രാഷ്ട്രീയത്തില്‍ മതം കടന്നുകയറി അസഹിഷ്ണുത സൃഷ്ടിക്കുന്ന സമീപനം തടഞ്ഞുനിര്‍ത്താനായിരുന്നു. അക്കാലത്തു മതത്തിനും രാഷ്ട്രീയത്തിനുമിടയില്‍ കൃത്യമായ അതിര്‍വരമ്പുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ ജനാധിപത്യ മൂല്യങ്ങളും സംസ്‌കൃതിയും സംരക്ഷിക്കുന്ന വിശുദ്ധി പരിപാലിക്കപ്പെട്ടിരുന്നു.
വിഭാഗീയചിന്തകളില്ലാതെ ജനതയെ ഐക്യത്തോടെ നയിക്കാന്‍ പ്രാപ്തിയും മേധാശക്തിയും പുലര്‍ത്തിയവരായിരുന്നു അന്നത്തെ ഭരണകര്‍ത്താക്കളും രാഷ്ട്രീയനേതാക്കളും. 90 കളില്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വിരിമാറിലൂടെ മതസ്പര്‍ധയുടെ സംഹാരരഥമുരുളാന്‍ തുടങ്ങി. അതോടെ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയതയെ ആയുധമാക്കാന്‍ തുടങ്ങി. ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും അനിവാര്യഘടകമായി ഇന്നു മതവര്‍ഗീയ രാഷ്ട്രീയം മാറിയിരിക്കുന്നു.

ഒരു പരിധിവരെ ഭരണാധികാരികളെയും സമ്പ്രദായത്തെയും തിരുത്താനും നേര്‍വഴി നടത്താനും ശക്തമായ ഏതാനും ഭരണഘടനാ സ്ഥാപനങ്ങള്‍ നമുക്കുണ്ട്. നിര്‍ഭാഗ്യവശാല്‍, പ്രസ്തുത സ്ഥാപനങ്ങളുടെപോലും പല്ലും നഖവും എടുത്തു വരുതിയില്‍ നിര്‍ത്തുന്ന അപകടകരമായ പ്രവണതയിലേയ്ക്കാണു വര്‍ത്തമാനകാലം വഴിയൊരുക്കുന്നത്. പരമോന്നത നീതിപീഠത്തില്‍ വരെ ഈ ദുഷ്പ്രവണതയുണ്ടായെന്നു വിളിച്ചു പറഞ്ഞത് അക്കാലത്തെ സുപ്രിംകോടതിയിലെ ഏറ്റവും സീനിയറായ ജസ്റ്റിസ് ചേലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലു ജഡ്ജിമാരായിരുന്നു.

എത്ര ഭയാനകവും ഗുരുതരവുമായ സ്ഥിതിവിശേഷമാണ് സംജാതമാക്കിത്തീര്‍ത്തത്. രാജ്യത്തിനും ജനങ്ങള്‍ക്കും നീതി ലഭ്യമാക്കേണ്ട ഏറ്റവും ഉന്നതമായ പദവി പോലും ഹൈജാക്ക് ചെയ്യപ്പെടുന്നൂവെന്ന വെളിപ്പെടുത്തല്‍ ജനാധിപത്യ വിശ്വാസികളെ തെല്ലല്ല ആശങ്കയിലാക്കിയത്. പിന്നാലെ ഉണ്ടായ സംഭവവികാസമാണല്ലോ ഭരണനേതൃത്വത്തിന്റെ സമ്മര്‍ദത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശേഷിയില്ലാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ചരിത്രത്തിലാദ്യമായി തന്റെ ഉത്തരവാദിത്വം വിട്ടൊഴിയേണ്ടി വന്നത്. തങ്ങള്‍ക്കെതിരേ നീങ്ങുമോയെന്ന ഭയത്താല്‍ അര്‍ധരാത്രിയില്‍ സി.ബി.ഐ ഡയരക്ടറെ മാറ്റി പുതിയ ഡയരക്ടറെ വാഴിച്ച് ആ ഭരണഘടനാ സ്ഥാപനത്തിലും കടന്നുകയറ്റം നടത്തിയതും നാം കണ്ടതാണ്.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണറുടെ സ്ഥിതിയും ഏതാണ്ടിതു പോലെയാണ്. ഇലക്ഷന്‍ കമ്മിഷനില്‍പ്പോലും സംശയത്തിന്റെ നിഴലുകള്‍ നീളുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഇപ്രകാരം ഭരണഘടനാ സ്ഥാപനങ്ങള്‍ വരുതിയില്‍ കൊണ്ടുവന്നാല്‍ ജനാധിപത്യത്തെ കുഴിച്ചുമൂടി ഏകാധിപത്യത്തിലേയ്ക്കും ഫാസിസത്തിലേയ്ക്കും നീങ്ങാന്‍ അധികദൂരം സഞ്ചരിക്കേണ്ടി വരില്ല.
17-ാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനു തിയതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ വോട്ടര്‍മാര്‍ മനസിരുത്തി ചിന്തിക്കേണ്ട കാര്യങ്ങള്‍ മേല്‍പ്പറഞ്ഞതൊക്കെയാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെന്ന രണ്ടു വര്‍ഗം സൃഷ്ടിക്കപ്പെടും. ഭരിക്കപ്പെടുന്നവനെ തീര്‍ത്തും അകറ്റി നിര്‍ത്തും. ഖജനാവിലെ പണം സ്വേച്ഛാനുസരണം വിനിയോഗിക്കാന്‍ വിലക്കുകളും വിലങ്ങുകളും ഭരണക്കാര്‍ക്കു മുന്നിലുണ്ടാകാറില്ല. ജനഹിതം നോക്കിയല്ല അവര്‍ തീരുമാനം കൈക്കൊള്ളുക. എതിര്‍പ്പുകള്‍ വകവയ്ക്കാറില്ല.

പ്രജകളായ വോട്ടര്‍മാര്‍ക്കു ഭരണനടപടികളില്‍ ഒരു പങ്കാളിത്തവുമുണ്ടാകാറില്ല. അവരുടെ ഇഷ്ടവും അനിഷ്ടവും പിന്നീടാരും അന്വേഷിക്കാറുമില്ല. ജനാധിപത്യമാര്‍ഗത്തിലൂടെ വോട്ട്‌നേടി ഏകാധിപത്യ പ്രവണതയിലേയ്ക്കു നീങ്ങുന്ന പ്രക്രിയയായി ജനാധിപത്യം മാറിയിരിക്കുന്നു. സത്ത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലടിക്കുന്ന അവസാനത്തെ ആണിയായി അസഹിഷ്ണുതാ രാഷ്ട്രീയം മാറുമോയെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

ഈ ഗുരുതര സാഹചര്യത്തില്‍ അസഹിഷ്ണുതാ രാഷ്ട്രീയത്തിനു വിരാമം കുറിക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിയണം. എങ്കില്‍ മാത്രമേ ഭാസുരമായൊരു ജനാധിപത്യ സംസ്‌കൃതിയും ആരോഗ്യകരമായ ജനാധിപത്യവ്യവസ്ഥയും ഇന്ത്യയില്‍ നിലനില്‍ക്കൂ. രാഷ്ട്രീയാസഹിഷ്ണുത പൂര്‍ണമായും പിഴുതെറിയപ്പെടണം. ഇതായിരിക്കണം ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ ദൗത്യം.
ഏകാധിപത്യത്തിലേയ്ക്കു രാജ്യം നീങ്ങാതിരിക്കാന്‍ ഓരോ വോട്ടര്‍മാരും ജാഗ്രതയോടുകൂടി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട സമയമാണിത്. ഇന്ത്യയുടെ സൗന്ദര്യമായ വൈവിധ്യം നിലനിര്‍ത്തി ജനാധിപത്യ – മതേതര മൂല്യങ്ങള്‍ സംരക്ഷിച്ച് ഭാരതാംബയെ ഉയര്‍ത്തിപ്പിടിക്കുന്നതിന് എല്ലാ ജനാധിപത്യവിശ്വാസികളും കടമ വിനിയോഗിക്കേണ്ട സന്ദര്‍ഭമാണ്.
ഓര്‍ക്കുക
”സ്വാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം”.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.