2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

അസമില്‍ എ.ജി.പി വീണ്ടും ബി.ജെ.പി മുന്നണിയില്‍

 

ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ബി.ജെ.പിയുമായി ബന്ധം വിച്ഛേദിച്ച അസം ഗണപരിഷത് (എ.ജി.പി) ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു മാസത്തിനുശേഷം ബി.ജെ.പി സഖ്യത്തില്‍ തിരിച്ചെത്തി.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും എ.ജി.പി അധ്യക്ഷന്‍ പ്രഫുല്ലകുമാര്‍ മഹന്തയും തമ്മില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതിന് എ.ജി.പിയും ബി.ജെ.പിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി റാം മാധവ് ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇന്ത്യയില്‍ ആറു വര്‍ഷത്തിലധികമായി താമസിച്ചുവരുന്ന ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അമുസ്‌ലിംകള്‍ക്കു പൗരത്വം നല്‍കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ജനുവരി ഏഴിനാണ് എ.ജി.പി അസമില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.

അസമിലെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതിനെതിരേ ശക്തമായ പ്രചാരണം നടത്തിവരികയായിരുന്നു. ബില്‍ വോട്ടിനിട്ടാല്‍ അതിനെ പരാജയപ്പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നായിരുന്നു ബി.ജെ.പി നിലപാട്.

2014ലെ തെരഞ്ഞെടുപ്പില്‍ അസമിലെ 14 ലോക്‌സഭാ സീറ്റുകളില്‍ ഏഴെണ്ണത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചിരുന്നു. അതേസമയം ബി.ജെ.പി സഖ്യത്തിലുള്ള ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടിനും എ.ജി.പിക്കും ലോക്‌സഭയില്‍ ഒറ്റ സീറ്റുമില്ല. കോണ്‍ഗ്രസിനും ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിനും മൂന്നുവീതം സീറ്റുകളും ഒരു സ്വതന്ത്രനുമാണുള്ളത്. അസമില്‍ ഇത്തവണ ഏപ്രില്‍ 11, 18, 23 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.