2019 February 21 Thursday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

അസമില്‍ ആശങ്ക: 40 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടമാകും

ഗുവാഹത്തി: അസമില്‍ 40 വര്‍ഷമായി തുടരുന്ന അനിശ്ചിതത്വത്തിന് പരിഹാരമായി എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ പൗരത്വം നഷ്ടപ്പെടുന്നത് 40 ലക്ഷത്തിലധികം പേര്‍ക്ക്. ഇന്നലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തുവിട്ടതോടെ വലിയ അനിശ്ചിതത്വമാണ് സംസ്ഥാനത്തുണ്ടായത്. സുപ്രിം കോടതിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഇന്നലെയാണ് പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടത്. 3.29 കോടി അപേക്ഷകരില്‍ 2,89,83,677 കോടി പേര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന്‌സംസ്ഥാന എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ അറിയിച്ചു.
പട്ടിക പുറത്തു വന്നതോടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി ജനങ്ങളുടെ തിക്കുംതിരക്കും തുടങ്ങിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത പരിഗണിച്ച് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ കര്‍ശനമാക്കി. റേഷന്‍ കാര്‍ഡുള്ളവരും വോട്ടര്‍പട്ടികയില്‍ പേരുള്ളവരും പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ടെന്ന ആക്ഷേപമുണ്ട്.

ആരെല്ലാം പട്ടികയിലുണ്ട്, ആരെല്ലാം പുറത്തുപോകും എന്നതില്‍ വ്യക്തമാകാത്തത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. പട്ടികക്കെതിരേ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരായി ചിത്രീകരിച്ച് നാടുകടത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢനീക്കത്തിന്റെ ഫലമായിട്ടാണ് പൗരാവകാശ രേഖ കൊണ്ടുവന്നതെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ ആരോപിച്ചു. വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍ജി ആരോപിച്ചു. ജനങ്ങളെ അഭയാര്‍ഥികളാക്കി നാടുകടത്താനുള്ള ഗൂഢനീക്കമാണിത്. വിഷയത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിക്കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനങ്ങളെ വിദേശികളായി മുദ്രകുത്താനുള്ള നീക്കമാണിത്. ഇത് പീഡനമാണ്. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു.

പൗരാവകാശ രേഖയുടെ അന്തിമ കരട് പുറത്തിറക്കിയത് ചരിത്ര സംഭവമാണെന്ന് അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. പട്ടിക പുറത്തിറക്കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ചിലര്‍ അനാവശ്യമായ ആശങ്കക്ക് ഇടയാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് പട്ടികയാണെന്നും അന്തിമ ലിസ്റ്റ് അല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് ഓഗസ്റ്റ് 30 വരെ പൗരത്വം തെളിയിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആദ്യകരടില്‍ 1.9 കോടിപേര്‍ ഉണ്ടായിരുന്നു. 1971 മാര്‍ച്ച് 25ന് മുന്‍പ് അസമില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. സുപ്രിം കോടതി നിര്‍ദേശപ്രകാരമാണ് പൗരത്വ രജിസ്റ്റര്‍ പുതുക്കുന്നത്.

ഇരു സഭകളിലും ബഹളം: ബലപ്രയോഗം ഉണ്ടാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അസമിലെ പൗരത്വ പട്ടികയില്‍ പേരില്ലാത്തവര്‍ക്കെതിരേ ബലപ്രയോഗം ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഫോറിന്‍ ട്രിബ്യൂണലിനെ സമീപിക്കാം. ഭയപ്പെടേണ്ട സാഹചര്യമില്ല. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത്. പട്ടിക പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് ഒരുവിഭാഗം ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നലെ പ്രസിദ്ധീകരിച്ചത് കരട് പട്ടിക മാത്രമാണെന്നും അന്തിമമല്ലെന്നും അദ്ദേഹം പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാനുള്ള അവകാശമുണ്ടെന്നും വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.

പട്ടികക്കെതിരേ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. പട്ടികയില്‍ സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ കൃത്രിമത്വം കാണിച്ചതായി ലോക്‌സഭയില്‍ ആരോപിച്ച പ്രതിപക്ഷം, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് അസമില്‍ മാത്രം പൗരത്വപട്ടിക പ്രസിദ്ധീകരിച്ചതെന്ന് തൃണമൂലിലെ സുധീപ് ബന്ദോപാധ്യായ ചോദിച്ചു. 40 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടമായെന്നും അവര്‍ എവിടെ പോകുമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കരുതെന്നും ഒരു വിഭാഗമാളുകളെ രാഷ്ട്രമില്ലാത്തവരാക്കിയ നടപടി അപകടം ചെയ്യുമെന്നും സി.പി.എമ്മിലെ മുഹമ്മദ് സലീം പറഞ്ഞു. പൗരത്വവിഷയത്തെച്ചൊല്ലിയുള്ള പ്രതിഷേധവും ബഹളവും കാരണം ഉച്ചയോടെ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.