2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

അസം പൗരത്വ പട്ടിക: പുനഃപരിശോധനയില്ല; അന്തിമ പട്ടിക 31ന്

 

ന്യൂഡല്‍ഹി: അസം അന്തിമ പൗരത്വപ്പട്ടിക ഈ മാസം 31ന് പ്രസിദ്ധീകരിക്കണമെന്ന് സുപ്രിം കോടതി. പട്ടികയില്‍ പുനഃപരിശോധനയോ സാംപിള്‍ ഡാറ്റ പരിശോധനയോ ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെയും അസം സര്‍ക്കാരിന്റെയും ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

പൗരത്വ നിയമത്തിന്റെ മൂന്ന്, ആറ്(എ) എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
2004 ഡിസംബര്‍ മൂന്നിന് ശേഷം ജനിച്ചവരില്‍ രക്ഷിതാക്കള്‍ വിദേശികളായി പൗരത്വ ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചവരോ വോട്ടര്‍പട്ടികയില്‍ സംശയകരമായ വോട്ടറായി രേഖപ്പെടുത്തപ്പെട്ടവരോ ഉണ്ടെങ്കില്‍ അവരെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. ട്രൈബ്യൂണന്‍ വിധിയ്‌ക്കെതിരേ ഗുവാഹത്തി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചതു പോലെ പൗരത്വവിവരങ്ങളും രഹസ്യമായും സുരക്ഷിതമായും സൂക്ഷിക്കണം. പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെയും ഒഴിവാക്കിയവരുടെയും വിവരങ്ങളുടെ ഹാര്‍ഡ് കോപ്പി മാത്രമേ ജില്ലാ ഓഫിസുകളില്‍ സൂക്ഷിക്കാന്‍ പാടുള്ളൂ എന്നും കോടതി നിര്‍ദേശിച്ചു.

ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ അഭയാര്‍ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ കണ്ടെത്തുന്നതിന് 20 ശതമാനം പേരുകളില്‍ സാംപിള്‍ പരിശോധന നടത്തണമെന്നുമായിരുന്നു കേന്ദ്രത്തിന്റെയും അസം സര്‍ക്കാരിന്റെയും ആവശ്യം. രാജ്യത്തെ അഭയാര്‍ഥികളുടെ കേന്ദ്രമാക്കാന്‍ സമ്മതിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.