2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

അശോക് ശേഖര്‍ ഇനി ഓര്‍മകളുടെ ക്രീസില്‍

 

എം.പി മുജീബ് റഹ്മാന്‍#

കണ്ണൂര്‍: കേരള ക്രിക്കറ്റിന് മികവിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ കളിക്കാരനെന്ന കീര്‍ത്തി ബാക്കിയാക്കി മുന്‍ രഞ്ജി ടീം നായകന്‍ അശോക് ശേഖര്‍ വിടവാങ്ങി. പത്തുവര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറില്‍ പിന്‍തലമുറയ്ക്കു പകര്‍ന്നു നല്‍കിയതു മികവിന്റെ റണ്‍സുകള്‍ മാത്രം. 1971ല്‍ ആന്ധ്രയ്‌ക്കെതിരേ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മികച്ച വിജയമാണ് അശോകിന്റെ ക്രിക്കറ്റ് ജീവിതത്തിലെ നാഴികക്കല്ല്. അശോക് ശേഖര്‍ ക്യാപ്റ്റനായിരുന്ന സമയത്ത് സ്വന്തം നാടായ കണ്ണൂരിലായിരുന്നു മത്സരം നടന്നത്. മികച്ച താരങ്ങളുള്ള ടീമായിരുന്ന ആന്ധ്രയ്‌ക്കെതിരേയുള്ള പോരാട്ടം അന്നു വലിയ വെല്ലുവിളിയായിരുന്നു. എന്നിട്ടും മത്സരം കഴിഞ്ഞപ്പോള്‍ വിജയം അശോകിന്റെ കേരളത്തിനൊപ്പം നിന്നു.

കണ്ണൂരിലെ പ്രശസ്തമായ മഠത്തില്‍ ബ്രദേഴ്‌സിലെ മൂന്നാമനായിരുന്നു അശോക് ശേഖര്‍. ബ്രദേഴ്‌സ് ക്ലബെന്ന അക്കാലത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബിലെ താരങ്ങളായിരുന്നു അശോക് ശേഖറിന്റെ മൂത്ത സഹോദരന്മാരായ തീര്‍ഥാനന്ദനും ചിതാന്ദനും. ചട്ടവാസുവെന്ന പ്രതാപശാലിയായ പരിശീലനകനായിരുന്നു അന്ന് ബ്രദേഴ്‌സിനെ നയിച്ചിരുന്നത്. ഫുട്‌ബോള്‍ കളത്തില്‍ മികവുണ്ടായിരുന്നുവെങ്കിലും ക്രിക്കറ്റ് ഒരാവേശമായി അശോക് എന്നും കൊണ്ടുനടന്നു. അശോകിന്റെ ക്രിക്കറ്റ് ഭ്രമം മനസിലാക്കിയ ജ്യേഷ്ഠന്‍ ചിതാനന്ദനാണു ക്രിക്കറ്റിലെ വഴികാട്ടി. കണ്ണൂര്‍ ജില്ലാ ടീമിലേക്കും പിന്നീട് കേരളാ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്, കര്‍ണാടക, ഹൈദരാബാദ് ഉള്‍പ്പെട്ട സൗത്ത് സോണിനപ്പുറം സ്വപ്നം പോലും കാണാന്‍ കഴിയാത്ത കാലമായിരുന്നു കേരളത്തിന്. ഇന്നു കാണുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കാലത്തായിരുന്നു അശോകിന്റെ നേട്ടം.
ക്രിക്കറ്റിനോടുള്ള ഇഷ്ടം മാത്രമായിരുന്നു അന്നു കളിക്കാരുടെ കൈമുതലെന്നു പില്‍ക്കാലത്ത് അശോക് ശേഖര്‍ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റില്‍ നിന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജര്‍ സ്ഥാനത്തു നിന്നും വിരമിച്ച ശേഷം പുതുതലമുറയ്ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് അശോക് ശേഖര്‍ സമയം കണ്ടെത്തി. ഫുട്‌ബോളിനോടുള്ള പ്രണയം കൈവിടാതിരുന്ന അദ്ദേഹം അവസാന കാലംവരെയും ബ്രദേഴ്‌സ് ക്ലബിന്റെ മുഖ്യരക്ഷാധികാരിയായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.