2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

അവസാന ഘട്ടസര്‍വേകള്‍ പുറത്ത്; എന്‍.ഡി.എ ഒറ്റ സീറ്റ് പോലും നേടില്ല

വി. അബ്ദുല്‍ മജീദ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും പരസ്പരവിരുദ്ധമായ അഭിപ്രായ സര്‍വേകള്‍. ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന മൂന്നു സര്‍വേകളില്‍ രണ്ടെണ്ണം യു.ഡി.എഫ് ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുമ്പോള്‍ ഒന്ന് എല്‍.ഡി.എഫിനു ഭൂരിപക്ഷം പ്രവചിക്കുന്നു. പല സീറ്റുകളിലെയും വിജയസാധ്യതകളുടെ കാര്യത്തിലും മൂന്നു സര്‍വേകളുടെയും കണ്ടെത്തലുകള്‍ പരസ്പരവിരുദ്ധമാണ്.
സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ അനാലിസിസ് നടത്തിയ സര്‍വേയില്‍ യു.ഡി.എഫിന് 93 മുതല്‍ 94 വരെ സീറ്റാണ് പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് 45 മുതല്‍ 46 വരെ സീറ്റും. എന്‍.ഡി.എ ഒറ്റ സീറ്റ് പോലും നേടില്ല. കക്ഷി തിരിച്ചുള്ള കണക്ക് ഇങ്ങനെ: കോണ്‍ഗ്രസ്- 52 മുതല്‍ 53 വരെ, മുസ്‌ലിം ലീഗ്- 21, കേരള കോണ്‍ഗ്രസ് (എം)- 12, ജനതാദള്‍ (യു)- മൂന്ന്, ആര്‍.എസ്.പി- മൂന്ന്, കേരള കോണ്‍ഗ്രസ് (ജേക്കബ്)- ഒന്ന്, സി.എം.പി (സി.പിജോണ്‍)- ഒന്ന്. എല്‍.ഡി.എഫില്‍ സി.പി.എം- 33 മുതല്‍ 35 വരെ, സി.പി.ഐ- 10, എന്‍.സി.പി- ഒന്ന്, കേരള കോണ്‍ഗ്രസ് (ബി)- ഒന്ന്. 140 മണ്ഡലങ്ങളിലും 120 പേരുടെ വീതം അഭിപ്രായമാരാഞ്ഞാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
സെറിബ്ര മീഡിയ പുറത്തുവിട്ട സര്‍വേയില്‍ യു.ഡി.എഫിന് 78 സീറ്റാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ്- 48, മുസ്്‌ലിം ലീഗ്- 19, കേരള കോണ്‍ഗ്രസ് (എം)- ആറ്, ആര്‍.എസ്.പി- രണ്ട്, ജനതാദള്‍ (യു)- രണ്ട്, സി.എം.പി (സി.പി ജോണ്‍)- 1. എല്‍.ഡി.എഫിന് 62 സീറ്റ് ലഭിക്കും. സി.പി.എം- 48, സി.പി.ഐ- ഒമ്പത്, ജനതാദള്‍- രണ്ട്, കേരള കോണ്‍ഗ്രസ് (ബി)- ഒന്ന്, ആര്‍.എസ്.പി- ഒന്ന്, എന്‍.സി.പി- ഒന്ന്. എന്‍.ഡി.എയ്ക്ക് സീറ്റൊന്നും ലഭിക്കില്ല. ഓരോ മണ്ഡലത്തിലെയും 1500 പേരുടെ വീതം അഭിപ്രായം ശേഖരിച്ചാണ് ഈ സര്‍വേ.
അതേസമയം തിരുവന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐമെഗ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോണിറ്ററിങ് ഇക്കണോമിക് ഗ്രോത്ത്) സെഫോളജി വിഭാഗം നടത്തിയ സര്‍വേയില്‍ എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. ഈ സര്‍വേ അനുസരിച്ച് എല്‍.ഡി.എഫിന് 83 മുതല്‍ 90 സീറ്റുകള്‍ വരെ ലഭിക്കും. കക്ഷി തിരിച്ചുള്ള കണക്കുകള്‍ ഈ സര്‍വേ പുറത്തുവിട്ടിട്ടില്ല. എന്‍.ഡി.എയ്ക്ക് അക്കൗണ്ട് തുറക്കാനാവില്ല. മൊത്തം 60,000 പേരില്‍ നിന്ന് അഭിപ്രായം ശേഖരിച്ചാണ് ഈ സര്‍വേ താറാക്കിയിരിക്കുന്നത്. ഐമെഗ് നിയോഗിച്ച ആളുകള്‍ ഏപ്രില്‍ 20 മുതല്‍ മെയ് ആറ് വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചാണ് വോട്ടര്‍മാരുടെ അഭിപ്രായം ശേഖരിച്ചത്. ദേശീയ നേതാക്കളുടെ സന്ദര്‍ശനം വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ഐമെഗ് അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സര്‍വേ ഫലം പുറത്തുവിട്ടത്.
എന്‍.ഡി.എയ്ക്ക് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് മൂന്നു സര്‍വേകളുടെയും കണ്ടെത്തുന്നുണ്ടെങ്കിലും അവരുടെ വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുമെന്ന് മൂന്നു സര്‍വേകളും പ്രവചിക്കുന്നു. അതിനുസരിച്ച് മറ്റു രണ്ടു മുന്നണികളുടെയും വോട്ട് ശതമാനത്തില്‍ കുറവു സംഭവിക്കുമെന്നും സര്‍വേകളില്‍ കണ്ടെത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.