2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അവസാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഹജ്ജ് മിഷന്‍

നിസാര്‍ കലയത്ത്

ജിദ്ദ: ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന മുഴുവന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കും വേണ്ട ഒരുക്കങ്ങള്‍ മക്കയിലും മദീനയിലും പൂര്‍ത്തിയയതായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. ഇത്തവണ വിപുലമായ സജ്ജീകരണങ്ങളാണ് സഊദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഭൂരിഭാഗം സേവനങ്ങളും ഈ വര്‍ഷത്തോടെ ഇ-ട്രാക്കിലായി. ഹാജിമാരുടെ വിസ മുതല്‍ ചികിത്സക്കുള്ള ഒ.പി ടിക്കറ്റ് വരെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് പൂര്‍ണമായും മാറി. മൊബൈല്‍ ആപ്ലിക്കേഷനും പരിഷ്‌കരിച്ചു. ഹാജിമാര്‍ക്ക് ഏറ്റവും മികച്ച സേവനം ഇത്തവണ ലഭ്യമാക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

ഹാജിമാര്‍ക്കായി പ്രത്യേക പേപ്പറിലാണ് ഇലക്‌ട്രോണിക് വിസ ഇത്തവണയും അടിച്ചത്. ഇതില്‍ രേഖപ്പെടുത്തിയ ബാര്‍കോഡ് വഴി തീര്‍ഥാടകരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ അറിയാം. ഇതിന്റെ ചുവടു പിടിച്ച് മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കി കഴിഞ്ഞു ഇന്ത്യന്‍ ഹജ്ജ് മിഷന്‍. ഇന്ത്യന്‍ ഹാജി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന മൊബൈല്‍ ആപ്ലിക്കേഷനും! പരിഷ്‌കരിച്ചു.

അതേ സമയം ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി തീര്‍ഥാടകരുടെ യാത്രയും താമസവുമെല്ലാം നിയന്ത്രിക്കുന്നതും പരാതികള്‍ കൈകാര്യം ചെയ്യുന്നതും ഇത്തവണ മക്കയിലെ ഹജ്ജ് മിഷന്‍ ആസ്ഥാനത്ത് വെച്ചാണ്.

മക്കയിലെ വിശാലമായ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്തുമാണ് ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ നീക്കങ്ങളെല്ലാം നിയന്ത്രിക്കുന്നത്. ആറു കോഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 600ല്‍ പരം പേര്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനായി ഡെപ്യൂട്ടേഷനില്‍ ഇന്ത്യയില്‍ നിന്നും എത്തിയിട്ടുണ്ട്. കാണാതാവുന്ന ഹാജിമാരെ കണ്ടത്തെുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനുമായി ജനറല്‍ വെല്‍ഫയര്‍ ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

മക്കയിലും മദീനയിലും മറ്റു പുണ്യസ്ഥലങ്ങളിലുമുള്ള താമസം, യാത്ര, ചികിത്സ തുടങ്ങി തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തേണ്ടത് ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴിലുള്ള ഈ വളണ്ടിയര്‍മാര്‍ ആണ്. വഴി തെറ്റിയ തീര്‍ഥാടകരെ എത്തിക്കുന്നതും, മൊബൈല്‍ മെഡിക്കല്‍ സേവനം നിയന്ത്രിക്കുന്നതും, കാണാതായ സാധനങ്ങളെ കുറിച്ച് പരാതിപ്പെടുന്നതുമെല്ലാം ഈ കേന്ദ്രത്തിലാണ്.

മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹാജിമാര്‍ക്ക് അജ്യാദ്, മിസ്ഫല , ഉമ്മുല്‍ ഖുറ റോഡ് , ശിഅബ് ആമിര്‍, എന്നിവിടങ്ങളിലും ബാക്കി ഹാജിമാര്‍ക്ക് അസീസിയയിലെ മഹത്വത്തുല്‍ ബാങ്കിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. അസീസിയ കാറ്റഗറിയിലെ ഹാജിമാര്‍ക്ക് ഹറമില്‍ എത്തുന്നതിനായി 200 ഹാജി മാര്‍ക്ക് ഒരു ബസ് എന്ന തോതില്‍ 24 മണിക്കൂറം വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. അസീസിയയിലും ശിഅബ് ആമിറിലും 140 കിടക്കകളുള്ള രണ്ട് ആശുപത്രികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലും 30 ഡിസ്‌പെന്‍സറികളിലുമായി 108 ഡോക്ടര്‍മാരും 142 പാര മെഡിക്കല്‍ സ്്റ്റാഫും 242 മറ്റു ജോലിക്കാരും 13 ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ തീര്‍ഥാടകര്‍ ഉള്ള മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ സേവനം ഏറെ മെച്ചപ്പെട്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.