2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

അവസാനലാപ്പില്‍ കൊച്ചി

 

#കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: അവസാന ലാപ്പില്‍ കൊച്ചിയുടെ ചുണക്കുട്ടികള്‍ കളം കൈയടക്കിയപ്പോള്‍ കൈവിട്ടെന്നു കരുതിയ വിയജം സ്വന്തമാക്കി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. പ്രൊ വോളിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പരാജയപ്പെടുത്തിയത്. അവസാന സെറ്റുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു കൊച്ചിയുടെ ശക്തമായ തിരിച്ചുവരവ്. സ്‌കോര്‍ 12-15, 10-15, 15-11, 15-13, 15-10. ഈ വിജയത്തോടെ കൊച്ചി പ്ലേ ഓഫില്‍ കടന്നു.
ചെന്നൈയുടെ അഖിനാണ് ആദ്യസെറ്റില്‍ പോയിന്റ് വേട്ടക്ക് തുക്കം കുറിച്ചത്. പിന്നാലെ ഡേവിഡ് ലീയിലുടെ കൊച്ചി തിരിച്ചടിച്ചു. എന്നാല്‍ വ്യക്തമായ മുന്‍തൂക്കമായിരുന്നു ചെന്നൈ സെറ്റില്‍ ഉടനീളം കാഴ്ച്ചവച്ചത്. ഇടക്ക് രണ്ട് തവണ കൊച്ചിയുടെ താരങ്ങള്‍ വരുത്തിയ പിഴവും ചെന്നൈക്ക് തുണയായി.
കളിക്കളത്തില്‍ നിലയുറപ്പിക്കാനാവാതെ പതറുന്ന കൊച്ചിയെയായിരുന്നു ആരാധകര്‍ ആദ്യസെറ്റില്‍ കണ്ടത്.
രണ്ടാം സെറ്റില്‍ ചെന്നൈ റൂഡി വെര്‍ ഹോഫിലൂടെ ആദ്യപോയിന്റ് നേടി. പ്രഭാകരനിലൂടെ കൊച്ചി തിരിച്ചടിച്ചു. പിന്നീട് ചെന്നൈ ലീഡുയര്‍ത്തുന്ന കാഴ്ച്ചയായിരുന്നു. ഇതിനിടെ രണ്ട് സൂപ്പര്‍പോയിന്റുകളും ചെന്നൈക്ക് അനുകൂലമായതോടെ സ്‌കോര്‍ സ്‌കോര്‍ 07-12ല്‍ എത്തിച്ചു. പിന്നാലെ സൂപ്പര്‍ സെര്‍വിലൂടെ കൊച്ചി തങ്ങളുടെ സ്‌കോര്‍ ഒന്‍പതില്‍ എത്തിച്ചെങ്കിലും നവീന്‍ രാജിലൂടെ തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ചെന്നൈ സ്‌കോര്‍ 14ല്‍ എത്തിച്ചു. പിന്നാലെ രസലിന്റെ സെര്‍വിലൂടെ ചെന്നൈ രണ്ടാം സെറ്റും സ്വന്തമാക്കി.
മൂന്നാം സെറ്റിലും ആദ്യപോയിന്റ് ചെന്നൈക്ക് തന്നെയായിരുന്നു. എന്നാല്‍ എതിരില്ലാത്ത രണ്ട് പോയിന്റുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം ചെന്നൈ വരുത്തിയ പിഴവ് മുതലാക്കിയും നവീന്‍, റസല്‍ എന്നിവരിലൂടെയും കൊച്ചി മൂന്ന് പോയിന്റ് നേടി.
സ്‌കോര്‍ 08-04 എന്ന നിലിയില്‍ നിക്കവേ സുപ്പര്‍ പോയിന്റിലൂടെ ചെന്നൈ തങ്ങളുടെ സ്‌കോര്‍ ആറിലേക്ക് ഉയര്‍ത്തി. പക്ഷെ പിന്നീട് കൊച്ചിയുടെ ജൈത്രയാത്രയായിരുന്നു സെറ്റില്‍. ഒരു സൂപ്പര്‍ പോയിന്റുള്‍പ്പെടെ നേടി കൊച്ചി സ്‌കോര്‍ 14-10 എന്നനിലയിലെത്തി. തൊട്ടുപിന്നാലെ പ്രഭാകരന്റെ മികച്ച ഒരു ഷോട്ടിലൂടെ മൂന്നാം സെറ്റ് കൊച്ചി സ്വന്തമാക്കി.
നാലാമത്തെ സെറ്റില്‍ കൊച്ചിയാണ് പോയിന്റ് വേട്ടക്ക് തുടക്കമിട്ടത്. ചെന്നൈ വരുത്തിയ പിഴവിലൂടെയായിരുന്നു കൊച്ചിയുടെ ആദ്യ രണ്ട് പോയിന്റുകളും. പിന്നാലെ ശക്തമായ നീക്കങ്ങളിലൂടെ കളം നിറഞ്ഞ ചെന്നൈ സ്‌കോര്‍ബോര്‍ഡ് ഒപ്പത്തിനൊപ്പമാക്കി. ഇടക്ക് 09-07 എന്ന നിലയില്‍ പിന്നോട്ട് പോയ ചെന്നൈ സൂപ്പര്‍ പോയിന്റിലൂടെ സ്‌കോര്‍ ഒപ്പമെത്തിച്ചു. സ്‌കോര്‍ 10-10ല്‍ നില്‍ക്കുമ്പോള്‍ സൂപ്പര്‍ പോയിന്റിലൂടെ കൊച്ചി തങ്ങളുടെ സ്‌കോര്‍ 12ല്‍ എത്തിച്ചു. പിന്നാലെ ചെന്നൈ റൂഡി, അഖിന്‍, നവീന്‍ എന്നിവരിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അവസാനം അവര്‍ വരുത്തിയ പിഴവിലൂടെ തന്നെ കൊച്ചി നാലാം സെറ്റ് സ്വന്തമാക്കി.
നാല് സെറ്റുകള്‍ കഴിഞ്ഞപ്പോള്‍ ടീമുകള്‍ 2-2 എന്ന നിലയിലായതോടെ അഞ്ചാം സെറ്റ് ആവേശഭരിതമായി. ചെന്നൈയുടെ അഖിനാണ് പോയിന്റ് നേട്ടത്തിന് തുടക്കമിട്ടത്. പിന്നാലെ കൊച്ചിയുടെ പ്രഭാകരന്‍ വരുത്തിയ പിഴവിലൂടെ ചെന്നൈ രണ്ടാമത്തെ പോയിന്റും കരസ്ഥമാക്കി. പിന്നാലെ പ്രവീണ്‍ കുമാറിലൂടെ കൊച്ചി ആദ്യപോയിന്റ് കരസ്ഥമാക്കി. സ്‌കോര്‍ എട്ട്- ആറില്‍ നില്‍ക്കവെ നവീന്‍ രാജിന്റെ പിഴവിലൂടെ കൊച്ചി സ്‌കോര്‍ ഒന്‍പതിലേക്കും തുടര്‍ന്ന് ലഭിച്ച സൂപ്പര്‍ പോയിന്റിലൂടെ സ്‌കോര്‍ 11-06 എന്ന നിലയിലേക്കും ഉയര്‍ത്തി. സ്‌കോര്‍ 12-06ല്‍ നിക്കവേ തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടി ചെന്നൈ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മജിബ്, ഡേവിഡ് ലീ, പ്രവീണ്‍ കുമാര്‍ എന്നിവരിലൂടെ കൊച്ചി സെറ്റും മത്സരവും വിജയിച്ചു. ആന്ത്രോ പദുക്കാണ് കളിയിലെ താരം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.