2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അവര്‍ക്കിനി എം.ടിയുടെ പുസ്തകങ്ങള്‍ വായിക്കാം

കോഴിക്കോട്: പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അധിക വായനയ്ക്കായി പുസ്തകങ്ങള്‍ നല്‍കി എം.ടി വാസുദേവന്‍ നായരും. സംസ്ഥാന സര്‍ക്കാരിന്റെ പുസ്തക വിതരണ സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക് മാര്‍ക്ക് തുടങ്ങിയ പുസ്തക ശേഖരണത്തിലേക്കാണ് എം.ടി തന്റെ കൃതികള്‍ നല്‍കിയത്. കേരള സ്റ്റേറ്റ് ബുക്മാര്‍ക്ക് കോഴിക്കോട് മാനേജര്‍ കെ.പി ജഗന്നാഥന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം ഗ്രന്ഥശാലാ സെക്രട്ടറി എം.എ ജോണ്‍സണ്‍, എം. ജാഫര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
അധ്യാപകദിനത്തില്‍ അധ്യാപക ദമ്പതിമാരായ സാഹിത്യകാരി പി. വത്സലയും ഭര്‍ത്താവ് അപ്പുട്ടി മാഷും ചേര്‍ന്ന് ബുക് മാര്‍ക്കിന് ‘നെല്ല് ‘ എന്ന പ്രശസ്ത നോവല്‍ ഉള്‍പ്പെടെ അവരുടെ എല്ലാ കൃതികളും കൈമാറി. കൂടാതെ സാഹിത്യകാരന്മാരായ യു.എ ഖാദര്‍, പി.കെ ഗോപി, ഡോ. കെ. ശ്രീകുമാര്‍ തുടങ്ങിയവരും തങ്ങളുടെ കൃതികള്‍ പുസ്തകശേഖരണത്തിലേക്കു നല്‍കി. കോഴിക്കോട്ടെ സാഹിത്യകാരികളുടെ കൂട്ടായ്മയായ ‘ശക്തി’ ശേഖരിച്ച പുസ്തകങ്ങളും കൈമാറി.
പുസ്തക പ്രസാധകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യക്തികള്‍ ബുക്മാര്‍ക്കിന്റെ ഈ ഉദ്യമത്തില്‍ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ബുക് മാര്‍ക്ക് ശാഖകളിലും പുസ്തകങ്ങള്‍ ശേഖരിക്കും. കോഴിക്കോട് മാവൂര്‍ റോഡ് നൂര്‍ കോംപ്ലക്‌സിലുള്ള ബുക്മാര്‍ക്ക് ശാഖയില്‍ 10നു മുന്‍പായി താല്‍പര്യമുള്ളവര്‍ക്കു പുസ്തകങ്ങള്‍ നല്‍കാം. ശേഖരിച്ച പുസ്തകങ്ങള്‍ ബുക് മാര്‍ക്ക് വിവിധ സ്‌കൂളുകളിലെ പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കു നല്‍കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.