2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അവനെ തൂക്കിലേറ്റണം

ആസിഫ് അലി എ.പി, കാളമ്പാറ

സമീപകാലത്തു കേരളത്തില്‍ ഏറ്റവുമധികം കോളിളക്കം ഉണ്ടാക്കിയ ജിഷ കൊലപാതകത്തിലെ പ്രതിയെ പിടിക്കൂടാന്‍ കഴിഞ്ഞതിലൂടെ ഒന്നരമാസത്തിലേറെ നീണ്ട ദുരൂഹതയ്ക്കാണു മറനീങ്ങിയിരിക്കുന്നത്. അതിസങ്കീര്‍ണമായ കേസ് ശാസ്ത്രീയരീതിയിലുള്ള അന്വേഷണത്തിലൂടെ തെളിയിച്ച് കേരള പൊലിസ് മാതൃകയായി. അസംസ്വദേശിയാണ് ഈ ക്രൂരത നടത്തിയെന്നതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ കേരളം പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചുള്ള മുന്നറിയിപ്പുകൂടി ഇതില്‍നിന്നു വായിച്ചെടുക്കാം.
ഡല്‍ഹിയിലെ നിര്‍ഭയസംഭവത്തെ ഓര്‍മിപ്പിക്കുന്നതാണ് പെരുമ്പാവൂര്‍ കൊലപാതകം. സൗമ്യ കൊലപാതകത്തിനു ശേഷം കേരളത്തെ പ്രകമ്പനം കൊള്ളിച്ച കൊലപാതകമാണിത്. കൊലപാതകം രാഷ്ട്രീയമുതലെടുപ്പിനു വിനിയോഗിക്കാനുള്ള ഗൂഢശ്രമങ്ങള്‍ തിരുത്തിയെഴുതാന്‍ എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനു കഴിഞ്ഞു. ദേശീയതലത്തില്‍ത്തന്നെ വളരെയേറെ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയ കേസില്‍ നീണ്ട ഒന്നരമാസത്തെ അന്വേഷണത്തിനുശേഷമാണു ഘാതകനെ തിരിച്ചറിഞ്ഞത്.
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് 2013 ല്‍ നടത്തിയ സര്‍വെപ്രകാരം ഇതരസംസ്ഥാനക്കാരായ 25 ലക്ഷത്തിലേറെപ്പേര്‍ കേരളത്തില്‍ ജോലിചെയ്യുന്നുണ്ട്. ഓരോവര്‍ഷവും 2.35 ലക്ഷംപേരാണു ജോലിക്കായി കേരളത്തിലെത്തുന്നത്. പത്തുവര്‍ഷംകൊണ്ട് ഇവരുടെ അംഗസംഖ്യ അരക്കോടി കവിയുമെന്നു പഠനറിപ്പോര്‍ട്ടിലുണ്ട്.
അതിനാല്‍ ഇതരസംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അങ്ങനെയുണ്ടായില്ലെങ്കില്‍ ഇനിയും ഇതുപോലെ ആമിറുമാര്‍ ജന്മമെടുത്തേക്കാം. അതേസമയം നിരപരാധികളായ അന്യസംസ്ഥാനക്കാര്‍ അന്ധമായി ആക്രമിക്കപ്പെടുന്നത് ഒഴിവാക്കുകയും വേണം.
‘അവനെ തൂക്കിലേറ്റണം. എന്റെ മകള്‍ക്കു സംഭവിച്ചതുപോലെ മറ്റൊരാള്‍ക്കും സംഭവിക്കരുത് ‘. പെരുമ്പാവൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാജേശ്വരിയുടെ വിതുമ്പുന്ന വാക്കുകളാണിത്. ജിഷയുടെ ജനനേന്ദ്രിയം കഠാരക്കൊണ്ടു കുത്തിക്കീറിയ കാമരാക്ഷസന്‍ മനുഷ്യവര്‍ഗത്തിനുതന്നെ അപമാനമാണ്. ഒട്ടുംവൈകാതെയുള്ള നിയമനടപടികളിലൂടെ കൊലപാതകിക്കു മാതൃകാപരമായ ശിക്ഷ നല്‍കിയാലേ ആ പെണ്‍കുട്ടിയോടു കേരളം കാണിക്കേണ്ട നീതി പൂര്‍ണമാവൂ. സ്ത്രീ സുരക്ഷയെന്ന പദത്തിനു സാംഗത്യമുണ്ടാവൂ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.