2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

അവധി കഴിഞ്ഞുള്ള മടക്കം മരണത്തിലേക്ക്; നൊമ്പരമടക്കാനാവാതെ നാട്

വൈത്തിരി: ഒരാഴ്ച മുന്‍പ് അവധി കഴിഞ്ഞ് വീട്ടുകാരോട് യാത്രപറഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഹവില്‍ദാര്‍ വി.വി വസന്തകുമാര്‍ അറിഞ്ഞിരുന്നില്ല അത് തന്റെ അവസാനത്തെ യാത്രപറച്ചിലാകുമെന്ന്. സി.ആര്‍.പി.എഫിന്റെ 82ാം ബറ്റാലിയനില്‍ വസന്തകുമാറിന് അടുത്തിടെയാണ് ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചത്. പ്രമോഷനോട് അനുബന്ധിച്ചുള്ള അവധിക്കായി ഫെബ്രുവരി രണ്ടിനാണ് നാട്ടിലെത്തിയത്. ഒരാഴ്ചക്ക് ശേഷം എട്ടാം തിയതി മടങ്ങുകയും ചെയ്തു. ശ്രീനഗറിലെത്തിയ വസന്തകുമാര്‍ രണ്ട് ദിവസം മുന്‍പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. തെക്കന്‍ കശ്മിരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോറയ്ക്കടുത്ത് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് വസന്തകുമാര്‍ ഉള്‍പ്പെടെ 40 പേര്‍ മരിച്ചത്.
അപകടത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് വസന്തകുമാര്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സൈനികവൃത്തങ്ങള്‍ ഔദ്യോഗികമായി മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതറിഞ്ഞത് മുതല്‍ വീട്ടിലേക്ക് അളുകളുടെ ഒഴുക്കാണ്. പട്ടികവര്‍ഗത്തിലെ മുള്ളുക്കുറുമ വിഭാഗക്കാരാണ് വസന്തകുമാറിന്റെ കുടുംബം.
പൂക്കോട് വെറ്ററിനറി സര്‍വകലാശാല പരിധിയില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് താമസം. അമ്മ ശാന്തയും വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ ഷീനയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു വസന്തകുമാര്‍.  മൂത്തമകള്‍ അനാമിക വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയും ഇളയമകന്‍ അമൃതദീപ് ഇതേ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയുമാണ്. പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ ഒരു ചടങ്ങിനെത്തിയ അദ്ദേഹത്തോടൊപ്പം വസന്തകുമാര്‍ നില്‍ക്കുന്ന ഫോട്ടോയുള്‍പ്പെടെ നിരവധി ചിത്രങ്ങളും മെഡലുകളും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അച്ഛന്റെ ഫോട്ടോയും മെഡലുകളും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന മകള്‍ അനാമിക വീട്ടിലെത്തിയവര്‍ക്ക് നൊമ്പരക്കാഴ്ചയായിരുന്നു.

 

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.