2019 January 18 Friday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

അവഗണനകള്‍ക്ക് നടുവില്‍ വയനാട്ടിലെ ചരിത്രസ്മാരകങ്ങള്‍

റഷീദ് നെല്ലുള്ളതില്‍

പനമരം: അവഗനകള്‍ക്ക് നടുവില്‍ വയനാട്ടിലെ ചരിത്രസ്മാരകങ്ങള്‍. പലതും സംരക്ഷിക്കാനാളില്ലാതെ നാശത്തിന്റെ വക്കിലാണ്. അധിലധികം നശിച്ചും പോയി. നാശത്തിന്റെ വക്കിലുള്ള ചരിത്ര സ്മാരകങ്ങളില്‍ പ്രധാനപ്പെട്ടതാണ് പനമരത്തിന് സമീപത്തെ കല്ലമ്പലങ്ങള്‍. ചരിത്രത്തിന്റെ ശേഷിപ്പുകളായി തലയുയര്‍ത്തി നില്‍ക്കുന്ന കല്ലമ്പലങ്ങളുടെ സംരക്ഷണം ഇപ്പോഴും കടലാസിലാണ്. സംരക്ഷിക്കേണ്ട പുരാവസ്തു വകുപ്പ് ഇതിനെപറ്റി യാതൊന്നും പറയുന്നുമില്ല. സംരക്ഷിക്കേണ്ടവര്‍ കാഴ്ച്ചക്കാരായപ്പോള്‍ ഇല്ലാതാവുന്നത് നാടിന്റെ ചരിത്രമാണ്. പനമരം പുഞ്ചവയല്‍-കായക്കുന്ന്, പുഞ്ചവയല്‍-നീര്‍വാരം റോഡരികുകളില്‍ സ്ഥിതിചെയ്യുന്ന രണ്ട് കല്ലമ്പലങ്ങള്‍ക്കാണ് പുരാവസ്തു വകുപ്പിന്റെ അവഗണന. ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് പുരാവസ്തു വകുപ്പ് രണ്ട് ക്ഷേത്രങ്ങളുടെയും സംരക്ഷണം ഏറ്റെടുത്തങ്കിലും തുടര്‍നടപടികള്‍ വൈകുകയാണ്. വിഷ്ണുഗുഡി, ജനാര്‍ദനഗുഡി എന്നിങ്ങനെ കരിങ്കല്ലില്‍ തീര്‍ത്ത രണ്ട് അമ്പലങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ വിഷ്ണുഗുഡി ദേശീയ സ്മാരകമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 2015 സെപ്റ്റംബറില്‍ വിജ്ഞാപനം ചെയ്തതാണ്. ഇവിടെനിന്നു 700 മീറ്റര്‍ മാറിയാണ് ജനാര്‍ദനഗുഡി. ശിലാപാളികളും തൂണുകളും ഉപയോഗിച്ചുള്ളതാണ് രണ്ട് നിര്‍മിതികളും. കാലത്തെ അതിജീവിച്ച തൂണുകളിലും പാളികളിലുമായി 300ലധികം കൊത്തുപണികളുണ്ട്. ജനാര്‍ദനഗുഡിയിലെ ശിലാപാളികളിലൊന്നില്‍ കന്നഡയിലുള്ള എഴുത്തും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ നിര്‍മിച്ചതാണ് വിഷ്ണു, ജനാര്‍ദനഗുഡികളെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണാടക ഭരിച്ചിരുന്ന ജൈന വിശ്വാസികളായ ഹൊയ്‌സാല രാജാക്കന്മാരാണ് ഇവ പണിതതെന്നാണ് ചരിത്രകാരന്മാരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം. ദക്ഷിണ കന്നഡയില്‍നിന്ന് വയനാട് വഴി പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് പോയി വന്നിരുന്ന കച്ചവടസംഘങ്ങളിലൊന്നാണ് കല്ലമ്പലങ്ങള്‍ പണിതതെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. മുത്തുകളുടെയും രത്‌നങ്ങളുടെയും വ്യാപാരത്തിനു പുകള്‍പ്പെറ്റതായിരുന്നു പുഞ്ചവയലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളെന്നും ചരിത്രകാരന്മാര്‍ പറയുന്നു.
നാശംനേരിടുന്ന കല്ലമ്പലങ്ങള്‍ ആന്‍ഷ്യന്റ് മോണുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമൈന്‍സ്(ഭേദഗതി) നിയമപ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ശുപാര്‍ശ ചെയ്ത് എ.എസ്.ഐ ഡയരക്ടര്‍ക്ക് തൃശൂര്‍ സര്‍ക്കിള്‍ ഓഫിസ് അയച്ച കത്താണ് വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നത്. രണ്ട് കല്ലമ്പലങ്ങളുടെയും ചരിത്രപരമായ പ്രത്യേകതകള്‍, വാസ്തുശൈലി തുടങ്ങിയവ വിശദീകരിച്ചായിരുന്നു കത്ത്. വിഷ്ണുഗുഡിയും ജനാര്‍ദനഗുഡിയും ദേശീയസ്മാരകങ്ങളാക്കി സംരക്ഷിക്കുമെന്ന് ലോക്‌സഭയില്‍ 2009ല്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി വി. നാരാണസ്വാമി പ്രസ്താവിച്ചിരുന്നു. ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതിനു പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ വിഷ്ണുഗുഡി സന്ദര്‍ശിച്ചിരുന്നു.
ജീര്‍ണാവസ്ഥയിലുള്ള ക്ഷേത്രം അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതിയും രൂപരേഖയും ഉടന്‍ തയാറാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് മാത്രം. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മഴക്കാലത്ത് ജനാര്‍ദനഗുഡിയുടെ ഗോപുരഭാഗങ്ങള്‍ തകര്‍ന്ന് വീണിരുന്നു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.