2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അഴീക്കലില്‍ നിന്നു ചരക്കുകപ്പല്‍ അടുത്തമാസം

കണ്ണൂര്‍: ഏപ്രിലോടെ അഴീക്കല്‍ തുറമുഖം വഴി ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കു ചരക്കുകപ്പല്‍ സര്‍വിസ് ആരംഭിക്കുമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. മാര്‍ച്ച് അവസാനത്തോടെ ഡ്രഡ്ജിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി തുറമുഖം ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. തുറമുഖം സന്ദര്‍ശിച്ച ശേഷം തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് ഏഴിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രദേശത്തെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണു സര്‍ക്കാരിന്റേത്. എന്നാല്‍ തുറമുഖ വികസനത്തിന്റെ മറവില്‍ മണല്‍ മാഫിയകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. മണല്‍ഖനനത്തിന്റെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള സമഗ്ര പദ്ധതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള നിലപാടാണ് അഴീക്കലിലും സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.
ഭാവിയിലേക്കുള്ള സാധ്യതകള്‍ കൂടി പരിഗണിച്ച് സമഗ്ര പദ്ധതിയാണ് അഴീക്കലില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു പ്രിന്‍സിപ്പല്‍സെക്രട്ടറി അറിയിച്ചു. ഇതിനായി ഒരു ഉന്നതതല സമിതിക്കു സര്‍ക്കാര്‍ രൂപം നല്‍കി. നിലവില്‍ സീറോഫേസ് വികസന പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കടലിനോടു ചേര്‍ന്ന ഭാഗങ്ങളില്‍ രണ്ടുവീതം വാര്‍ഫുകള്‍ കൂടി നിര്‍മിക്കാനാണു പദ്ധതി. വലിയ കപ്പലുകള്‍ക്ക് വരെ വരാവുന്ന രീതിയില്‍ തുറമുഖത്തിന്റെ ആഴം കൂട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി ആറുമാസത്തിനകം സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ കിഫ്ബിക്കു സമര്‍പ്പിക്കും. കസ്റ്റംസ് സൗകര്യങ്ങളൊരുക്കുന്നതിന് ഇലക്‌ട്രോണിക് ഡാറ്റ ഇന്റര്‍ഫെയ്‌സ് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തുറമുഖത്തെത്തുന്ന ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള വെയര്‍ഹൗസിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലക്ഷദ്വീപിലേക്ക് നിലവില്‍ ചരക്കുകള്‍ കൊണ്ടുപോവുന്നതു മംഗളൂരു തുറമുഖത്ത് നിന്നാണെന്നും അഴീക്കല്‍ തുറമുഖം സജ്ജമായാല്‍ വ്യാപാരം ഇവിടേക്കു മാറുമെന്നും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി.വി ദീപക് പറഞ്ഞു. പോര്‍ട്ട് ഓഫിസില്‍ നടന്ന യോഗത്തില്‍ തുറമുഖ ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വിനി പ്രതാപ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍കുമാര്‍, കുടുവന്‍ പത്മനാഭന്‍, പ്രസന്ന കുമാരി, മാത്യു സാമുവല്‍, സച്ചിന്‍ സൂര്യകാന്ത്, റിയര്‍ അഡ്മിറല്‍ മോഹന്‍ എന്നിവരും സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.