2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

അഴിമതിക്കേസ്: പത്മകുമാറിന്റെ നിയമനം റദ്ദ് ചെയ്തു

ബാസിത് ഹസന്‍

തൊടുപുഴ: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ എം.ഡി കെ. പത്മകുമാറിനെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കാള്‍) മാനേജിങ് ഡയറക്ടറായി നിയമിച്ചത് സര്‍ക്കാര്‍ റദ്ദ് ചെയ്തു.

കമ്പനിയുടെ മാനേജിങ് ഡയറക്ടറായി എ. ഷാജഹാനെ നിയമിച്ച് വ്യവസായ വകുപ്പ് ജോ. സെക്രട്ടറി ആര്‍. വിജയകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ‘അഴിമതിക്കേസിലെ പ്രമുഖന് പൊതുമേഖലാസ്ഥാപനത്തിന്റെ തലപ്പത്ത് നിയമനം’ എന്ന തലക്കെട്ടില്‍ ജനുവരി 3ന് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഡീലര്‍മാരുമായി ഒത്തുകളിച്ച് മലബാര്‍ സിമന്റ്‌സിന് 2.70 കോടിയുടെ നഷ്ടം വരുത്തിയെന്നതടക്കമുള്ള കേസാണ് പത്മകുമാറിന് എതിരേയുള്ളത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍വിസില്‍നിന്ന് നീക്കംചെയ്ത പല എം.ഡിമാരും ഉന്നതരുടെ സ്വാധീനത്താല്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനുകള്‍ സമര്‍പ്പിക്കുകയും കോടതിയില്‍ ഗവ. പ്ലീഡര്‍മാര്‍ നിശബ്ദമാവുകയും ചെയ്യുമ്പോള്‍ ഇവര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കുകയാണ്. വിഷയം വിവാദമായതോടെ സിഡ്‌കോ എം.ഡി സജി ബഷീറിന്റെ പുനര്‍നിയമനം വ്യവസായ വകുപ്പ് അടുത്തിടെ റദ്ദ് ചെയ്തിരുന്നു.

വ്യവസായ വകുപ്പ് മന്ത്രിയുടെ സ്വന്തം പഞ്ചായത്തിലെ പൊതുമേഖലാ സ്ഥാപനമായ തൃശൂര്‍ സഹകരണ സ്പിന്നിങ് മില്‍ എം.ഡിയുടെപേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം വിജിലന്‍സ് കേസുണ്ട്. എന്നാല്‍, ഇദ്ദേഹത്തിന് കുറ്റിപ്പുറം മാല്‍കോടെക്‌സ് സ്പിന്നിങ് മില്‍ എം.ഡിയുടെ അധിക ച്ചുമതലകൂടി നല്‍കിയിരിക്കുകയാണ്. മാര്‍ച്ചില്‍ വിരമിക്കേണ്ട ഇദ്ദേഹത്തിന് രണ്ടുവര്‍ഷം സര്‍വിസ് നീട്ടിനല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍, സംഭവം വിവാദമായതോടെ മന്ത്രി ഫയല്‍ തിരിച്ചുവിളിപ്പിച്ചിട്ടുണ്ട്. വിജിലന്‍സ് കേസിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്ന ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്‍ എം.ഡി എം. ഗണേഷിനെ തിരിച്ചെടുത്തെന്നുമാത്രമല്ല തൃശൂര്‍ സീതാറാം ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡിന്റെയും ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലിന്റെയും എം.ഡിയുടെ അധികച്ചുമതലകൂടി നല്‍കി. കെ.എസ്.ടി.സി മില്ലുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ 7 സ്പിന്നിങ് മില്ലുകളുടെ എം.ഡിയായി തുടരുന്ന ഗണേഷിനെ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നിലവിലുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.