2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

അഴിത്തലയുടെ സൗന്ദര്യം നുകരണമെങ്കില്‍ ‘കാടുകയറണം’

നീലേശ്വരം: ജില്ലയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അഴിത്തലയോട് നഗരസഭക്കും ടൂറിസം അധികൃതര്‍ക്കും ഇപ്പോഴും അവഗണന. ദിവസേന വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ്‌ അഴിത്തലയില്‍ എത്തുന്നത്. എന്നാല്‍ അഴിത്തലയുടെ സൗന്ദര്യം നുകരാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ ഇവിടെ എത്തണമെങ്കില്‍ ഇടുങ്ങിയ വഴികളില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന പച്ച പുല്ല് ചെത്തി വൃത്തിയാക്കണം. ചെറിയ വഴികളിലൂടെ അപകടകരമാം വിധമാണ് സഞ്ചാരികള്‍ നടന്നു പോകുന്നത്.
അഴിത്തല റോഡ് അവസാനിക്കുന്നിടത്ത് വാഹനം നിര്‍ത്തിയാല്‍ പിന്നെ കടലോരത്തേക്കെത്താന്‍ കാല്‍നട മാത്രമാണ് മാര്‍ഗം. ഇവിടേക്ക് ചെറിയ ഒരു ഇടവഴി മാത്രമാണുള്ളത്. ഇത് കാട് മൂടിക്കിടന്ന് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്. പലപ്പോഴും ഇഴജന്തുക്കളുടെ ഭീഷണിയും ഉണ്ടാകാറുണ്ട്. കാട് മൂടി കിടക്കുന്ന ഈ വഴി വൃത്തിയാക്കാന്‍ നഗരസഭ അധികൃതരോ ജില്ലയിലെ ടൂറിസം വകുപ്പോ ഇതുവരെ തയാറായിട്ടില്ല.
നീലേശ്വരം നഗരസഭ അധികൃതര്‍ ടൂറിസം മേഖലക്ക് പ്രത്യേകം പ്രാധാന്യം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും വഴി വൃത്തിയാക്കാനോ കടലോരത്ത് വരുന്നവര്‍ക്ക് ഇരിക്കാനോ ഇവിടെ സൗകര്യമില്ല. സന്ധ്യ കഴിഞ്ഞാല്‍ ഈ വഴിയില്‍ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ്. നല്ല വെളിച്ചം പോലും ഇവിടെയില്ലെന്ന് സഞ്ചാരികള്‍ പരാതി പറയുന്നു. ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല. നഗരസഭയും വിനോദ സഞ്ചാരവകുപ്പും ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാണ് ആവശ്യം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.