
അല്‍ ഉല മലമുകളില്‍ റിസോര്‍ട്ട്, പ്രകൃതി ദത്ത ശേഖരം, പ്രാചീന കാല കാല്പാടുകളുടെ സംരക്ഷണം
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയുടെ പ്രാചീനകാല കാല്പാടുകളുടെ ചരിത്ര ഭൂമിയായി അറിയപ്പെടുന്ന അല്‍ ഉല മേഖലയില്‍ നിര്‍മ്മിക്കുന്ന മെഗാ ടൂറിസം പദ്ധതി കിരീടാവകാശി ഉദ്ഘാടനം ചെയ്തു. അല്‍ ഉല മലമുകളില്‍ റിസോര്‍ട്ട്, പ്രകൃതി ദത്ത ശേഖരം, പ്രാചീന കാല കാല്പാടുകളുടെ സംരക്ഷണം, പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഗ്ലോബല്‍ ഫണ്ട്, ലോകോത്തര നിലവാരത്തിനോട് കിടപിടിക്കുന്ന വിധത്തിലുള്ള വന്യമൃഗ സംരക്ഷണ മേഖല തുടങ്ങി വിവിധ പദ്ധതികള്‍ ഉള്‍കൊള്ളുന്ന അല്‍ ഉല മെഗാ ടൂറിസം പദ്ധതി അല്‍ ഉല റോയല്‍ കമ്മീഷന് നേതൃത്വത്തിലാണ് നടക്കുക. വിഖ്യാതമായ ഫ്രഞ്ച് വാസ്തു ശില്‍പ്പം, പ്രകൃതി ദത്ത ശേഖരം തുടങ്ങിയവ ടൂറിസം പദ്ധതിയിലെ അതി പ്രധാനമായവയാണ്. ഏറെ പദ്ധതികള്‍ ഉള്കൊള്ളുന്നപ്രശസ്ത ഫ്രഞ്ച് വാസ്തു ശില്‍പ്പി ജീന്‍ നൗവലിന്റെ കരവിരുതില്‍ ഒരുങ്ങുന്ന കെട്ടിടം പുരാതന നാഗരികതയുടെ നേര് സാക്ഷ്യമായിരിക്കും ടൂറിസ്റ്റുകള്‍ക്ക് സമ്മാനിക്കുക.
പ്രമുഖ കലകളും സാംസ്കാരിക രംഗങ്ങളിലും നേതൃത്വം വഹിക്കുന്ന പ്രാദേശിക അന്ത്രാഷ്ട്ര പ്രമുഖര്‍, പൈതൃക, പ്രകൃതി വിദഗ്ധര്‍, പ്രധാന നിക്ഷേപകര്‍ തുടങ്ങിയവര്‍ പദ്ധതി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ലിഹ്യാന്‍, നബാതിയന്‍, തുടങ്ങി ഏറ്റവും അതി പുരാതനമായ നാഗരികതയുടെ പ്രധാന കേന്ദ്രമായ അല്‍ ഉലയില്‍ ഇതെല്ലം ഉള്‍കൊള്ളിച്ചാണ് പുതിയ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിച്ച രാജ്യത്തെ ആദ്യത്തെ പൈതൃക നഗരിയായ മദായിന്‍ സ്വാലിഹ് അടക്കം അതി പുരാതന ജീവിതങ്ങളുടെ നിരവധി ശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് അല്‍ ഉല.നബാതിയന്‍ നാഗരികതയുടെ തെക്കന്‍ തലസ്ഥാന നഗരിയായും അല്‍ ഉല ചരിത്രത്തില്‍ അറിയപ്പെടുന്നുണ്ട്. ഇത്തരം നാഗരികതകളുടെ കാല്പാടുകള് അതെ പടി പകര്‍ത്തി ലോകത്തിനു കാഴ്ച്ചയുടെ മാസ്മരികത നല്‍കാനുള്ള ശ്രമത്തിലാണ് അല്‍ ഉല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൂറിസം പദ്ധതി.
ഗ്ലോബല്‍ ഫണ്ട് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് അറേബ്യന്‍ ടൈഗര്‍ എന്ന നാമധേയത്തില്‍ അറേബ്യന്‍ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഗ്ലോബല്‍ ഫണ്ട് ഉള്‍പ്പെടുത്തിയതിലൂടെ ഭാവിയില്‍ ഈ ഗണത്തിലുള്ള പുള്ളിപ്പുലികളുടെ ഏറ്റവും അനുയോജ്യമായ ആവാസ വ്യവസ്ഥായി പദ്ധതി മാറുമെന്നു അല്‍ ഉല റോയല്‍കമ്മീഷന്‍ മേധാവിയും സാംസ്കാരിക മന്ത്രിയുമായ ബദര്‍ ബിന്‍ ഫര്ഹാന് പറഞ്ഞു.മേഖലയില്‍ തഴച്ചുവളരുന്ന വൈവിധ്യമാര്‍ന്ന ചെടികളും ഇവിടെ സംരക്ഷിക്കും. ലോകോത്തര നിലവാരത്തിനോട് കിടപിടിക്കുന്ന വിധത്തിലുള്ള വന്യമൃഗ സംരക്ഷണ മേഖലകൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ബദര്‍ ബിന്‍ ഫര്ഹാന് രാജകുമാരന് പറഞ്ഞു. സഊദി വിഷന്‍ 2030 യില്‍ ഉള്‍പ്പെടുത്തി മധ്യപൂര്‍വദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അല്‍ഉലയെ പരിവര്‍ത്തിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് അല്‍ ഉല റോയല്‍ കമ്മീഷന് സ്ഥാപിച്ചത്.