2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

അല്‍മുയസ്സര്‍ ഹജ്ജ് പാക്കേജ് നടപ്പാക്കുന്നതിന് 20 ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികളെ തെരഞ്ഞെടുത്തു

നിസാര്‍ കലയത്ത്

ജിദ്ദ: ഈ വര്‍ഷത്തെ അല്‍മുയസ്സര്‍ ഹജ്ജ് പാക്കേജ് നടപ്പാക്കുന്നതിന് 20 ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികളെ ഹജ്, ഉംറ മന്ത്രാലയം തെരഞ്ഞെടുത്തു. ഈ പാക്കേജില്‍ 3,465 റിയാലാണ് നിരക്ക്. പതിനായിരം പേര്‍ക്ക് അവസരം ലഭിക്കും.

ദുല്‍ഹജ് 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് മശാഇര്‍ മെട്രോ സേവനവും ലഭിക്കും. മറ്റു ദിവസങ്ങളില്‍ ബസുകളിലാണ് യാത്രാ സൗകര്യം ലഭിക്കുകയെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

അതേ സമയം ഈ വര്‍ഷത്തെ നിരക്ക് കുറഞ്ഞ ഹജ്ജ് പാക്കേജുകളുടെ പ്രയോജനം 75,000 പേര്‍ക്ക് ലഭിക്കും. കുറഞ്ഞ നിരക്കില്‍ ഹജ് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കുന്ന രണ്ടാമത്തെ പാക്കേജില്‍ 65,000 പേര്‍ക്ക് അവസരം ലഭിക്കും. ഈ പാക്കേജ് നടപ്പാക്കുന്നതിന് 57 സര്‍വിസ് കമ്പനികളെ ഹജ്, ഉംറ മന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്.

മക്കയില്‍ ലൈസന്‍സുള്ള കെട്ടിടങ്ങളിലാണ് തീര്‍ഥാടകരെ പാര്‍പ്പിക്കേണ്ടത്. തീര്‍ഥാടകരില്‍ ഒരാള്‍ക്ക് നാലു ചതുരശ്രമീറ്റര്‍ സ്ഥലം വീതം മുറികളില്‍ നീക്കിവെക്കണം. ഓരോ തീര്‍ഥാടകനും വെവ്വേറെ കട്ടിലുകളുണ്ടായിരിക്കണം. അറഫയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത, തീപ്പിടിക്കാത്ത തമ്പുകളിലാണ് തീര്‍ഥാടകര്‍ക്ക് താമസം ഒരുക്കേണ്ടത്.

തമ്പുകളില്‍ തീര്‍ഥാടകര്‍ക്ക് 1.6 ചതുരശ്രമീറ്റര്‍ സ്ഥലം വീതം നീക്കിവെക്കണം. 30 തീര്‍ഥാടകര്‍ക്ക് ഒന്ന് എന്ന തോതില്‍ ടോയ്‌ലെറ്റുകളുമുണ്ടായിരിക്കണം. മുസ്ദലിഫയില്‍ രാപ്പാര്‍ക്കുമ്പോള്‍ രണ്ടു മൊബൈല്‍ ടോയ്‌ലെറ്റുകള്‍ വീതവും സര്‍വീസ് കമ്പനികള്‍ ഒരുക്കണം.

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള നിരക്കുകള്‍ ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3,465 റിയാലാണ്. ഏറ്റവും കൂടിയ നിരക്ക് 11,905 റിയാലും. മിനായിലെ മലമുകളില്‍ നിര്‍മിച്ച ബഹുനില കെട്ടിടങ്ങളില്‍ താമസം ലഭിക്കുന്നവരാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് അടയ്‌ക്കേണ്ടത്. ജനറല്‍ വിഭാഗത്തില്‍ ആദ്യ കാറ്റഗറിയില്‍ ജംറയില്‍ നിന്ന് തമ്പുകളിലേക്കുള്ള ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 7,561, 7,661, 7,786, 7,911, 8,036, 8,099, 8,166 റിയാല്‍ തോതിലും രണ്ടാം കാറ്റഗറിയില്‍ 7,410, 7,535, 7,660, 7,785, 7,848, 7,910 റിയാല്‍ തോതിലും മൂന്നാം കാറ്റഗറിയില്‍ 6,608, 6,733, 6,858, 6,983, 7,046, 7,108 റിയാല്‍ തോതിലുമാണ് നിരക്ക്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.