2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

അലോക്‌വര്‍മയെ വീണ്ടും നീക്കി

 

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ വീണ്ടും നീക്കി. വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് പുനഃസ്ഥാപിച്ചുള്ള സുപ്രിംകോടതി വിധി വന്ന് 48 മണിക്കൂറിനകമാണ് കേന്ദ്രത്തിന്റെ നാടകീയ നീക്കം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അംഗവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പ് അവഗണിച്ചാണ് വര്‍മയെ നീക്കിയത്.
കഴിഞ്ഞ ദിവസം അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടറായി പുനര്‍നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി കനത്ത പ്രഹരമേല്‍പിച്ചിരുന്നു. സി.ബി.ഐ ഡയറക്ടറെ നിയമിക്കേണ്ടതും നീക്കേണ്ടതും ഉന്നതാധികാര സമിതിയാണെന്നു ചൂണ്ടിക്കാട്ടിയാണ് പാതിരാത്രി പടിയിറക്കിയ കേന്ദ്ര ഉത്തരവ് സുപ്രിംകോടതി അസാധുവാക്കിയിരുന്നത്. എന്നാല്‍, ഉന്നതാധികാര സമിതിക്ക് ഡയറക്ടറെ മാറ്റാമെന്ന കോടതിവിധിയുടെ മറപിടിച്ച് അടിയന്തരമായി കേന്ദ്രം നടപടിയെടുക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് പുറമെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനു പകരമെത്തിയ ജസ്റ്റിസ് എ.കെ സിക്രി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയതാണ് മൂന്നംഗ ഉന്നതാധികാര സമിതി.
കേന്ദ്ര സര്‍ക്കാരിന്റെ പാതിരാ നാടകത്തിന് തിരശ്ശീല വീഴ്ത്തി കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി ഉത്തരവിലൂടെ അലോക് വര്‍മ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് തിരികെയെത്തിയത്. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി കേന്ദ്രം സി.ബി.ഐക്കുമേല്‍ തങ്ങളുടെ സ്വാധീനം ഒന്നുകൂടി ശക്തമാക്കിയത്.
റാഫേല്‍ യുദ്ധവിമാന കരാര്‍ അടക്കം നിര്‍ണായകമായ അന്വേഷണങ്ങള്‍ നടത്താനുള്ള നീക്കമാണ് അലോക്‌വര്‍മയെ തെറിപ്പിച്ചത്. പല ക്രമക്കേടും മോദി ഭരണത്തിലുണ്ടെന്ന് കണ്ടെത്തി അന്വേഷണം ശക്തമാക്കാനുള്ള നീക്കത്തിനിടയിലാണ് വിശ്വസ്തനായ രാകേഷ് അസ്താനയെ മോദി സി.ബി.ഐ തലപ്പത്ത് രണ്ടാമനാക്കിയത്. എന്നാല്‍, അലോക് വര്‍മയുടെ നീക്കം ശക്തമാണെന്നറിഞ്ഞതും അസ്താനക്കെതിരേ അന്വേഷണം തുടങ്ങിയതും മോദിയെ സമ്മര്‍ദത്തിലാക്കി.
തുടര്‍ന്നാണ് സി.ബി.ഐ തലപ്പത്ത് തര്‍ക്കം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരേയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. അലോക്‌വര്‍മ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സുപ്രിം കോടതി അദ്ദേഹത്തെ വീണ്ടും ഡയറക്ടറാക്കി ഉത്തരവിട്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.