2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

അറിവിന്‍ മുറ്റത്ത് കുരുന്നുകളെത്തി

 

കോഴിക്കോട്: അമ്മയുടെ കൈപിടിച്ചു സ്‌കൂളിലെത്തുമ്പോള്‍ അത്ഭുതത്തോടെയാണ് പലരും കടന്നുവന്നത്. ചിലര്‍ അമ്മ കൈവിട്ടതിന്റെ സങ്കടം കരച്ചിലായി പ്രകടിപ്പിച്ചു. മറ്റുചിലര്‍ പരിഭവങ്ങളേതുമില്ലാതെ തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിച്ച സ്‌കൂളിന്റെ അന്തരീക്ഷം കണ്ട് അമ്പരന്നിരിക്കുന്നു. വരുന്നവര്‍ക്കെല്ലാം വര്‍ണത്തൊപ്പിയും ബലൂണുകളും നല്‍കി അധ്യാപകര്‍ കുട്ടികളെ സ്വീകരിച്ചു. കുഞ്ഞുങ്ങളെ വരവേല്‍ക്കുന്നതിന് ‘പുസ്തകപ്പൂക്കളില്‍ തേന്‍ നുകരാനായി ചിത്രപതംഗങ്ങളെത്തി…’ എന്ന സ്വീകരണ ഗാനം അന്തരീക്ഷത്തില്‍ ലയിച്ചു. കണ്ടും കേട്ടും കുട്ടികള്‍ അത്ഭുതലോകത്തിരിന്നു. അധ്യയനത്തിന്റെ ആദ്യ ദിനം കോഴിക്കോട് ആഴ്ചവട്ടം സ്‌കൂളില്‍ കണ്ട രസകരമായ കാഴ്ചയാണിത്.
ജില്ലയില്‍ കോഴിക്കോട്, വടകര, താമരശേരി എന്നീ മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി 17 ഉപജില്ലകളില്‍ 1205 സ്‌കൂളുകളിലാണ് ഇന്നലെ പ്രവേശനോത്സവം നടന്നത്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 280, വടകര 548, താമരശേരി 377 എന്നിങ്ങനെയാണ് കണക്ക്. ചേവായൂര്‍, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, ഫറോക്ക്, വടകര, ചോമ്പാല, കുന്നുമ്മല്‍, മേലടി, നാദാപുരം, കൊയിലാണ്ടി, തോടന്നൂര്‍, കുന്ദമംഗലം, താമരശേരി, ബാലുശേരി, പേരാമ്പ്ര, മുക്കം, കൊടുവള്ളി എന്നീ ഉപജില്ലകളിലും പ്രവേശനോത്സവം നടന്നു.
കളിച്ചും ചിരിച്ചും ഉല്ലസിച്ചും അക്ഷരമധുരം നുകരാനെത്തിയ കുരുന്നുകള്‍ക്ക് ജില്ലയില്‍ വര്‍ണാഭമായ സ്വീകരണമാണ് ലഭിച്ചത്. നവാഗതരെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മലയോര മേഖലയിലെ ചെമ്പുകടവ് ഗവ. യു.പി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നൊരുക്കിയ ഉത്സവാന്തരീക്ഷത്തില്‍ ജില്ലാതല പ്രവേശനോത്സവം നിറപ്പകിട്ടാര്‍ന്നതായി. ദിവസങ്ങളായി തുടരുന്ന കനത്തമഴയെ അവഗണിച്ച് നൂറുകണക്കിനു പേരാണ് പരിപാടിക്കെത്തിയത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷനായി. ഡി.ഡി.ഇ ഇ.കെ സുരേഷ്‌കുമാര്‍, കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. രാധാകൃഷ്ണന്‍, ഡി.പി.ഒ എം. ജയകൃഷ്ണന്‍, വി.എച്ച്.എസ്.സി അസി. ഡയറക്ടര്‍ എം. ശെല്‍വമണി, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ വി. വസീഫ്, താമരശേരി ഡി.ഇ.ഒ കെ.എസ് കുസുമം, താമരശേരി എ.ഇ.ഒ കെ. മുഹമ്മദ് അബ്ബാസ്, പ്രധാനാധ്യാപകന്‍ വി.ജെ എബ്രഹാം, ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡയറക്ടര്‍ കെ. ശകുന്തള, കോടഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി ഷിബു, പഞ്ചായത്തംഗങ്ങളായ കെ.പി ചാക്കോച്ചന്‍, യു.ടി ഷാജു, സീനിയര്‍ ഡയറ്റ് ലക്ചറര്‍ യു.കെ അബ്ദുല്‍ നാസര്‍, കൊടുവള്ളി ബി.പി.ഒ വി.എം മെഹറലി, കെ. സുലൈഖ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ടി.ജെ ടെന്നിസന്‍, പി.ടി.എ പ്രസിഡന്റ് കെ.എം നാസര്‍, പി.ജെ ജോണ്‍സണ്‍, കുര്യന്‍ വട്ടപ്പലത്ത്, എം.പി.ടി.എ പ്രസിഡന്റ് ജൂലി സംസാരിച്ചു.
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ പ്രവേശനോത്സവം മാനാഞ്ചിറ മോഡല്‍ ടി.ടി.ഐ സ്‌കൂളില്‍ നടന്ന ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. നവാഗതരെ മഷിപ്പേന നല്‍കിയാണ് സ്വീകരിച്ചത്. സ്‌കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്റെ വക സ്റ്റീല്‍ പാത്രങ്ങളും നല്‍കി. പ്രധാനാധ്യാപകന്‍ എം.കെ മോഹന്‍കുമാര്‍, ഷാരൂഖാ ബീഗം, വി.പി രാജീവന്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.