2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം കനക്കുന്നു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജങ്ഷനിലെ വഞ്ചിസ്‌ക്വയറില്‍ നടന്നുവരുന്ന സമരത്തിന് പിന്തുണയേറുന്നു. മലപ്പുറം, കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നായി നിരവധിപേരാണ് ഇന്നലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയത്. നിരവധി സംഘടനകളും പിന്തുണയുമായെത്തി. ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിന്ദു കൃഷ്ണ, മേജര്‍ രവി, പ്രൊഫ.അരവിന്ദാക്ഷന്‍, പ്രൊഫ.എം.പി മത്തായി തുടങ്ങിയ പ്രമുഖരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. കന്യാസ്ത്രീക്കുനേരെ നടന്നത് വെറും സ്ത്രീപ്രശ്‌നം മാത്രമല്ലെന്നും മനുഷ്യാവകാശപ്രശ്‌നമാണെന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. 

ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് ഭയമാണെങ്കില്‍ രാജിവച്ച് വേറെ പണിക്കുപോകണം. സഭയുടെ അധികാരം അഴിച്ചുപണിഞ്ഞില്ലെങ്കില്‍ നീതി നടപ്പാകില്ലെന്നും സമരക്കാര്‍ പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീയെ അവഹേളിച്ച പി.സി ജോര്‍ജിനെതിരേ കേസെടുക്കണമെന്നും അഭിപ്രായമുയര്‍ന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന് പിന്തുണ വര്‍ധിച്ചതിനെ തുടര്‍ന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചാണ് സമരം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചത്. ഇന്നലെയും കുറുവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകളും സമരത്തില്‍ പങ്കെടുത്തു. പരാതിക്കാരിയുടെ സഹോദരിയും ഇതില്‍ ഉള്‍പ്പെടും. തങ്ങള്‍ നടത്തുന്ന സമരം സഭക്കെതിരല്ലെന്നും നീതിക്കുവേണ്ടിയാണെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, മനുഷ്യാവകാശ നീതിഫോറം, ശാസ്ത്രസാഹിത്യ പരിഷത്ത്, ജനകീയ പ്രതിരോധ സമിതി, എസ്.യു.സി.ഐ, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, വനിതാമോര്‍ച്ച, കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍, പ്രതികരണവേദി, നാഷണലിസ്റ്റ് കോണ്‍ഗ്രസ്, ശിവസേന എന്നീ സംഘടനകളാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയത്. ദേശീയ മാധ്യമങ്ങളും ഇന്നലെ പ്രതിഷേധം തത്സമയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു. സമരപ്പന്തലില്‍ സ്റ്റീഫന്‍ മാത്യു നടത്തുന്ന നിരാഹാരസമരം തുടരുകയാണ്. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.