2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അറവ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാര്‍ പിടികൂടി

നിലമ്പൂര്‍: ഇരുട്ടിന്റെ മറവില്‍ ചാലിയാര്‍ പുഴയുടെ തീരത്ത് അറവുമാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാര്‍ പിടികൂടി. ചൊവ്വാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം പനയംകോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ചാലിയാര്‍ പുഴയ്ക്ക് സമീപം ആര്യവല്ലിക്കാവ് വനത്തിലാണ് ലോറിയില്‍ കൊണ്ടുവന്ന അറവ് മാലിന്യം തള്ളാന്‍ ശ്രമം നടന്നത്.
ലോറിയില്‍ നിന്നുള്ള മാലിന്യം തള്ളുന്നതിനിടെ പ്രദേശമാകെ ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. ലോറി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇരുട്ടിലൂടെ ലോറിയുടെ സമീപമെത്തി പിടികൂടിയെങ്കിലും സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. ലോറിയിലുണ്ടായിരുന്ന മറ്റൊരു ബംഗാള്‍ സ്വദേശി ഓടിരക്ഷപ്പെട്ടെങ്കിലും വഴിയറിയാതെ വീണ്ടും നാട്ടുക്കാരുടെ ഇടയില്‍പ്പെട്ടു. ചോദ്യം ചെയ്തപ്പോള്‍ കോഴിക്കോട് നിന്നുള്ള മാലിന്യമാണെന്നും രണ്ടായിരം രൂപ തരാമെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവറായി പോന്നതാണെന്നുമാണ് ഇയാള്‍ പറഞ്ഞത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ പൊലിസ് സ്ഥലത്തെത്തി. രാത്രി മുഴുവന്‍ ലോറിക്ക് നാട്ടുക്കാരും വനപാലകരും കാവല്‍ നിന്നു. ചൊവാഴ്ച രാവിലെ പത്ത് മണിയോടെ മാലിന്യം കൊണ്ടുവന്ന ലോറിയും എസ്‌കോര്‍ട്ട് വന്ന സ്‌കൂട്ടറും വനപാലകര്‍ കസ്റ്റഡിയിലെടുത്തു. ബംഗാളി സ്വദേശിയും വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. സ്‌കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി വനപാലകര്‍ പറഞ്ഞു. സ്‌കൂട്ടര്‍ ഉടമ മൊടവണ്ണ പൈങ്ങാകോടിലെ ജിമോദിനെതിരേയും വനത്തില്‍ അതിക്രമിച്ച് കയറി മാലിന്യം തള്ളിയതിനെതിരെ വനം വകുപ്പ് കേസെടുത്തു. ഇയാളുടെ നിര്‍ദേശപ്രകാരമാണ് മാലിന്യം ഇവിടെ എത്തിച്ചതെന്നാണ് വിവരം. മുന്‍പ് അത്തിക്കാട് വനത്തിലും, മൈലാടി പാലത്തിന് സമീപം ചാലിയാറിന്റെ ഓരത്തും തള്ളിയ അറവ് മാലിന്യവും ജിമോദിന്റെ നേതൃത്വത്തിലാണെന്ന് വനപാലകര്‍ സംശയിക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.