2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അര്‍ജന്റീന ഫൈനലില്‍

ഹൂസ്റ്റന്‍: ഒരു ഗോള്‍ വലയിലാക്കിയും മൂന്നു ഗോളുകള്‍ക്ക് വഴിയൊരുക്കിയും ലയണല്‍ മെസ്സി ഇന്ദ്രജാല പ്രകടനത്തിലൂടെ മുന്നില്‍ നിന്നു നയിച്ച മത്സരത്തില്‍ ആതിഥേയരായ അമേരിക്കയെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ കടന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് അര്‍ജന്റീന ഫൈനലില്‍ കടക്കുന്നത്. ഹിഗ്വയ്ന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മെസ്സി, ലാവേസി എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു. ഗോള്‍ നേട്ടത്തോടെ അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മെസ്സിക്ക് സാധിച്ചു. 55 ഗോളുകളാണ് അര്‍ജന്റീനയ്ക്കായി മെസ്സി ഇതുവരെ നേടിയത്. 

പ്രമുഖ താരങ്ങളായ ജെര്‍മെയ്ന്‍ ജോണ്‍സ്, ബോബി വുഡ്, അലക്‌സാന്ദ്രോ ബെദോയ എന്നിവര്‍ സസ്‌പെന്‍ഷന്‍ മൂലം അമേരിക്കന്‍ ടീമിലുണ്ടായിരുന്നില്ല. ബോബി വുഡിന്റെ അഭാവം മത്സരത്തിലുടനീളം അമേരിക്കയെ പിന്നോട്ടടിക്കുകയും ചെയ്തു. ഈ മൂന്നു താരങ്ങള്‍ക്ക് പകരം ഗ്രഹാം സുസി, ക്രിസ് വോന്‍ഡലോവ്‌സ്‌കി, കൈല്‍ ബെക്കര്‍മാന്‍ എന്നിവര്‍ കളത്തിലിറങ്ങി. അര്‍ജന്റീന സസ്‌പെന്‍ഷനിലായ നിക്കോളാസ് ഗെയ്റ്റന് പകരം ലാവേസിയെയും കളത്തിലിറക്കി.
മെസ്സിയെ പ്രത്യേകം മാര്‍ക്ക് ചെയ്യില്ലെന്ന് മത്സരത്തിന് മുന്‍പ് തന്നെ അമേരിക്കന്‍ കോച്ച് യുര്‍ഗെന്‍ ക്ലിന്‍സ്മാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു അമേരിക്കന്‍ ടീമിനു തിരിച്ചടിയാവുന്നതാണ് കണ്ടത്. കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ അര്‍ജന്റീന അക്കൗണ്ട് തുറന്നു. മെസ്സി നല്‍കിയ ചിപ്പ് ഷോട്ടില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ലാവേസി ലക്ഷ്യം കാണുകയായിരുന്നു. താരത്തെ ടീമിലെടുത്തത് തിരിച്ചടിയാവുമെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ലാവേസിയുടെ ഗോള്‍.
ഗോള്‍ വീണതോടെ അമേരിക്ക മുന്നേറ്റം ശക്തമാക്കിയെങ്കിലും ഗോളിലേക്കുള്ള ശ്രമങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ അര്‍ജന്റീനയുടെ നീക്കങ്ങളെ മെസ്സി മുന്നില്‍ നിന്നു നയിച്ചു. 32ാം മിനുട്ടില്‍ ക്രിസ് വോന്‍ഡലോവ്‌സ്‌കി മെസ്സിയെ വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചു. മെസ്സിയെടുത്ത കിക്ക് അമേരിക്കന്‍ ഗോളി ബ്രാഡ്‌ലി ഗുസാനെ ഭേദിച്ച് വലയില്‍ കയറി. ഈ ഗോളോടെ അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായി മെസ്സി മാറി. ടൂര്‍ണമെന്റില്‍ മെസ്സിയുടെ അഞ്ചാം ഗോള്‍ കൂടിയായിരുന്നു ഇത്. രണ്ടാം പകുതിയില്‍ അമേരിക്ക വോന്‍ഡലോവ്‌സ്‌കിക്ക് പകരം ക്രിസ്റ്റ്യന്‍ പുലിസിക്കിനെ കളത്തിലിറക്കി. എന്നാല്‍ കാര്യമായ മാറ്റം ടീമിന്റെ പ്രകടനത്തിലുണ്ടായില്ല. 50ാം മിനുട്ടില്‍ അര്‍ജന്റീന മൂന്നാം ഗോള്‍ നേടി. മെസ്സിയുടെ മികച്ചൊരു പാസില്‍ ഓഫ് സൈഡ് കുരുക്ക് ഭേദിച്ച ഹിഗ്വയ്ന്‍ ഷോട്ടുതിര്‍ത്തെങ്കിലും ഗുസാന്‍ സേവ് ചെയ്തു. റീബൗണ്ടില്‍ ഹിഗ്വയ്ന്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.
അവസാന നിമിഷങ്ങളില്‍ ക്യാപ്റ്റന്‍ മൈക്കല്‍ ബ്രാഡ്‌ലിയുടെ ചില നീക്കങ്ങളിലൂടെ അമേരിക്ക അര്‍ജന്റീനയെ ഞെട്ടിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 86ാം മിനുട്ടില്‍ ഹിഗ്വയ്ന്‍ തന്റെ രണ്ടാം ഗോള്‍ നേടി. മെസ്സിയുടെ പാസില്‍ മിന്നല്‍ ഷോട്ടിലൂടെയായിരുന്നു താരം ഗോള്‍ നേടിയത്.
മത്സരത്തിലെ മുന്നേറ്റത്തിനിടെ ലാവേസിക്ക് പരസ്യ ബോര്‍ഡിലിടിച്ച് പരുക്കേറ്റു. താരത്തിന്റെ കൈയ്ക്കും കാലിനും കാര്യമായി പരുക്കേറ്റിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.