2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

അര്‍ജന്റീനയെ ഇന്ത്യ മുട്ടുകുത്തിച്ചു

 

മാഡ്രിഡ്: സ്‌പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ അണ്ടന്‍ 20 ഫുട്‌ബോള്‍ സംഘം. ഈ വിജയം ഇന്ത്യന്‍ ഫുട്‌ബോളിന് ചരിത്ര നിമിഷമായി. ഫുട്‌ബോള്‍ ലോകത്തെ രാജാക്കന്‍മാരെ മുട്ടുക്കുത്തിക്കാനായതിന്റെ അഭിമാനത്തിലാണ് ഇന്ത്യന്‍ സംഘം.
കോട്ടിഫ് കപ്പില്‍ ഒന്നിനെതിരേ രണ്ടണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. തുടക്കത്തില്‍ ഒരു ഗോളിലൂടെ അര്‍ജന്റീനയെ ഞെട്ടിച്ചാണ് ഇന്ത്യ വിജയം വരെ എത്തിയത്. നാലാം മിനുട്ടില്‍ ദീപകിന്റെ ഹെഡര്‍ അര്‍ജന്റീനന്‍ ഗോളിയെ മറികടന്ന് ഇന്ത്യക്ക് ലീഡ് നല്‍കുകയായിരുന്നു. ഒരു ഗോളിന്റെ ലീഡില്‍ പിടിച്ചു നിന്ന ഇന്ത്യ ആദ്യ പകുതി അകസാനിക്കും വരെ 1-0ല്‍ തന്നെ നിന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ അനികേതിന് ചുവപ്പ് കാര്‍ഡ് കിട്ടിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ വിറച്ചു എങ്കിലും അന്‍വര്‍ അലി രക്ഷകനായി. കളിയുടെ 68ാം മിനുട്ടില്‍ അന്‍വര്‍ അലിയുടെ ഫ്രീ കിക്ക് ഇന്ത്യയെ 2-0 എന്ന സ്‌കോറിന് മുന്നില്‍ എത്തിച്ചു. വിജയത്തിന് അടുത്തേക്ക് കുതിച്ച ഇന്ത്യക്ക് മുന്നില്‍ ഒരു ഗോള്‍ മടക്കി അര്‍ജന്റീന ഭീഷണി ഉയര്‍ത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം ജീവന്‍ മരണ പോരാട്ടം കാഴ്ചവച്ച് ചരിത്ര ജയം ഉറപ്പിക്കുകയായിരുന്നു. കൂടുതല്‍ സമയവും ഇന്ത്യന്‍ നിര അര്‍ജന്റീനന്‍ മുഖത്ത് ഭീതി വിതച്ചെങ്കിലും കൂടുതല്‍ ഗോളുകളൊന്നും നേടാനായില്ല. സുരേഷ് സിങ്ങ് വങ്കജം, ബോറിസ് സിങ്ങ് തങ്കജം, അനികേത് യാദവ് എന്നിവര്‍ ചേര്‍ന്ന് മൂന്നിലധികം സുവര്‍ണാവസരങ്ങള്‍ ഒരുക്കിയെങ്കിലും ഓഫ് സൈഡില്‍ കലാശിക്കുകയായിരുന്നു. രണ്ടാം പകുതിക്ക് ശേഷം ഇന്ത്യന്‍ താരം യാദവിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടി. ഗോള്‍ നേടാന്‍ അര്‍ജന്റീനന്‍ താരങ്ങള്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ പ്രഭസുഖാന്‍ ഗില്ലിന്റെ ഇടപെടല്‍ കാരണം ഗോളവസരങ്ങളെല്ലാം പാഴാവുകയായിരുന്നു. ഇന്ത്യന്‍ താരം റഹീം അലിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോള്‍ പിറന്നത്. അര്‍ജന്റീനക്കെതിരേ ജയിച്ചെങ്കിലും ഇന്ത്യ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ വെനിസ്വേലയെ സമനിലയില്‍ പിടിക്കുകയും ചെയ്തിരുന്നു. ഒമ്പത് പോയിന്റുമായി അര്‍ജന്റീനയും ഏഴു പോയിന്റുമായി വെനിസ്വേലയും ഗ്രൂപ്പില്‍ നിന്ന് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും ജയത്തില്‍ സന്തോഷത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.