2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

അര്‍ജന്റീനക്കും ബ്രസീലിനും ജയം

വാഷിങ്ടണ്‍: ലോകകപ്പിന് ശേഷം നടക്കുന്ന രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ വമ്പന്മാര്‍ക്കെല്ലാം തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന സൗഹൃദ മത്സരങ്ങളില്‍ ബ്രസീല്‍, അര്‍ജന്റീന, കൊളംബിയ, ഉറുഗ്വെ, ബെല്‍ജിയം, ഇക്വഡോര്‍ എന്നീ ടീമുകള്‍ ജയിച്ചു.

നെയ്മര്‍ നായകനായതിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീല്‍ യു.എസ്.എക്കെതിരേ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയും കുട്ടീഞ്ഞോയുമായിരുന്നു ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് പിറകില്‍. മത്സരത്തിന്റെ 11ാം മിനുട്ടില്‍ തന്നെ ബ്രസീല്‍ ലീഡെടുത്തു. കോസ്റ്റയുടെ അസിസ്റ്റില്‍ നിന്ന് ഫിര്‍മീനോയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിക്ക് മുന്‍പ് തന്നെ നായകന്‍ നെയ്മറും പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെ ബ്രസീല്‍ വിജയമുറപ്പിച്ചു.
മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ഗ്വാട്ടിമലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അര്‍ജന്റീനയുടെ മൂന്നു ഗോളുകളും പുതുമുഖ താരങ്ങളുടെ വകയായിരുന്നു. കന്നി മത്സരം കളിച്ച ഗോണ്‍സാലോ മാര്‍ട്ടിനസ്, ജിയോവാനി ലോ സെല്‍സോ, ജിയോവാനി സിമിയോണി എന്നിവരാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍. 27ാം മിനുട്ടിലാണ് മാര്‍ട്ടിനസ് പെനാല്‍റ്റിയിലൂടെ ടീമിന്റെ അക്കൗണ്ട് തുറന്നു. 35ാം മിനുട്ടില്‍ സെല്‍സോ ലീഡുയര്‍ത്തി. 45ാം മിനുട്ടിലായിരുന്നു സിമിയോണിയുടെ ഉജ്ജ്വല ഗോള്‍.
സ്‌കോട്ട്‌ലാന്‍ഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബെല്‍ജിയം മുക്കിയത്. ഇരട്ടഗോളുകളുമായി മിക്കി ബാതുഷായി ബെല്‍ജിയത്തിന്റെ ഹീറോയായി.
റൊമേലു ലുക്കാക്കുവും ഈഡന്‍ ഹസാര്‍ഡുമാണ് മറ്റു സ്‌കോറര്‍മാര്‍. മറ്റു മത്സരങ്ങളില്‍ കൊളംബിയ 2-1ന് വെനസ്വലെയേയും ഉറുഗ്വെ 4-1ന് മെക്‌സിക്കോയെയും ഇക്വഡോര്‍ 2-0ത്തിന് ജമൈക്കയെയും പരാജയപ്പെടുത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.