2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അരൂരില്‍ ജീപ്പ് കായലില്‍ വീണുണ്ടായ അപകടം: ഒരു മൃതദേഹം കണ്ടെടുത്തു

കൊച്ചി: അരൂരില്‍ ജീപ്പ് കായലില്‍ വീണുണ്ടായ അപകടത്തില്‍ കാണാതായ ഒരു മൃതദേഹം കണ്ടെടുത്തു. നേപ്പാള്‍ സ്വദേശി മധുവിന്റെ മൃതദേഹമാണ് കണ്ടെടുത്തിയത്. നാവിക സേനയാണ് മൃതദേഹം കണ്ടെടുത്തത്‌
ഡ്രൈവര്‍ ഉള്‍പടെ ഇനി നാല് പേരെയാണ് കണ്ടെത്താനുള്ളത്.
അരൂര്‍ പാലത്തില്‍ ജീപ്പ് നിയന്ത്രണം വിട്ട് കായലില്‍ വീണു കാണാതായ അഞ്ചു പേര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് രാവിലെയാണ്‌ പുനരാരംഭിച്ചു.
രാവിലെ എട്ടോടെ നാവികസേനയുടെ പ്രത്യേക സംഘം തെരച്ചിലിനായി എത്തിയിട്ടുണ്ട്. അരൂര്‍-ഇടക്കൊച്ചി പാലത്തിന്റെ ഭാഗത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.

 

പോലീസ്, ഫയര്‍ ഫോഴ്‌സ്, കോസ്റ്റല്‍ പോലീസ് എന്നിവരും തെരച്ചില്‍ നടത്തുന്നുണ്ട്. കുമ്പളങ്ങി കായലടക്കം വന്നു ചേരുന്ന ഈ ഭാഗത്ത് ശക്തമായ അടിയൊഴുക്കുണ്ട്. ഇത് തെരച്ചിലിനെ ബാധിക്കുന്നുണ്ട്. ഒഴുക്കുള്ളതിനാല്‍ കാണാതായവര്‍ക്കായി എവിടെ തെരച്ചില്‍ നടത്തണമെന്ന കാര്യത്തില്‍ സംശയമുണ്ട്. കാണാതായവര്‍ ഏതു ഭാഗത്തേക്ക് ഒഴുകിയിട്ടുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് തെരച്ചില്‍ ദുഷ്‌കരമാക്കുന്നു.

 

അര്‍ധരാത്രി ഒന്നോടെ ജീപ്പ്  ഉയര്‍ത്തിയെങ്കിലും കാണാതായവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രി രണ്ടോടെ ശക്തമായ അടിയൊഴിക്കും വെളിച്ചക്കുറവും മൂലം തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.50 ഓടെയായിരുന്നു അപകടം.

 

ഡ്രൈവര്‍ ഉള്‍പ്പെടെ ഒമ്പതംഗ സംഘം സഞ്ചരിച്ചിരുന്ന ജീപ്പ്  അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ടു കൈവരി തകര്‍ത്ത് കായലില്‍ പതിക്കുകയായിരുന്നു. ഡ്രൈവര്‍ ഒഴികെ ജീപ്പിലുണ്ടായിരുന്ന
ബാക്കി എട്ടു പേരും നേപ്പാള്‍ സ്വദേശികളാണ്. ഡ്രൈവര്‍ ആലപ്പുഴ അരൂക്കുറ്റി നടുവത്ത് ഇടപ്പുറം സെയ്തലിയുടെ മകന്‍ നിജാസ്, നേപ്പാള്‍ സ്വദേശികളായ ഹിമലാല്‍, ശ്യാം, മധു, ഗോമന്‍ എന്നിവരെയാണു കായലില്‍ കാണായത്.

 

ലോക്മാന്‍ (32), സുരേഷ് (27), പദംബാദര്‍ (36), രാമു (30) എന്നിവരെ കായലില്‍ മീന്‍പിടിക്കുകയായിരുന്ന മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതവേഗതയിലെത്തിയ ജീപ്പ് മുന്‍പിലെ ലോറിയെ മറികടക്കുന്നതിനിടയിലാണു ദുരന്തമുണ്ടായതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു.
നിയന്ത്രണം വിട്ട് ലോറിയിലിടിച്ച ജീപ്പ് പാലത്തിന്റെ കൈവരി തകര്‍ത്ത് വേമ്പനാട്ട് കായലിലേക്ക് വീഴുകയായിരുന്നു.

എറണാകുളം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് ഒരു കിലോമീറ്ററോളം നീളമുണ്ട്. പാലത്തിന്റെ മധ്യഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്.

ഇടപ്പള്ളി ചിത്ര ഡെക്കറേഷന്‍സ് എന്ന പന്തല്‍ നിര്‍മാണസ്ഥാപനത്തിലെ തൊഴിലാളികളായ ഇവര്‍ ചേര്‍ത്തല പാണാവള്ളിയിലെ താമസസ്ഥലത്തേക്കു പോകുകയായിരുന്നു. പാലത്തിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അപകടത്തെ തുടര്‍ന്ന് അരൂര്‍ പാലത്തില്‍ മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചു.

മേഖലയിലെ മുഴുവന്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. 950 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തിന്റെ മധ്യഭാഗത്തു വച്ചാണ് അപകടമുണ്ടായത്.
കാണാതായ അഞ്ചു പേരും വാനിന്റെ മുന്‍ഭാഗത്ത് ഇരുന്ന് യാത്ര ചെയ്തവരാണ്. രക്ഷപ്പെട്ട നാലുപേര്‍ വാഹനത്തിന്റെ പിന്നിലെ സീറ്റിലാണ് ഇരുന്നിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News