2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അരിവാള്‍ പോര്

യു.എ.പി.എക്ക് പാര്‍ട്ടി എതിര്: കേന്ദ്ര നേതൃത്വം, യു.എ.പി.എയില്‍ ഇടപെടണ്ട: സംസ്ഥാന സെക്രട്ടേറിയറ്റ്

 

ന്യൂഡല്‍ഹി: രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയത് ശരിയായില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം.
യു.എ.പി.എ പോലുള്ള നിയമങ്ങള്‍ക്ക് പാര്‍ട്ടി എക്കാലത്തും എതിരാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്.
പൊലിസിന്റെ നടപടികളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. പാര്‍ട്ടി എതിര്‍ത്ത് പറയുന്നതിന്റെ അടിസ്ഥാനത്തില്‍ പറയുന്നത് കൊണ്ട് സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ ആകില്ല.
ഭരണഘടനയുടെയും കേന്ദ്ര നിയമങ്ങളുടെയും ചട്ടക്കൂടില്‍ നിന്ന് മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
ആര്‍ക്കെതിരേയും യു.എ.പി.എ ചുമത്തരുതെന്നാണ് സി.പി.എം നിലപാടെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ നീതിപൂര്‍വമായ നിലപാടാണ് സ്വീകരിക്കുന്നത്.
പാര്‍ട്ടിയും സര്‍ക്കാരും രണ്ടാണ്. സംസ്ഥാന സര്‍ക്കാരിന് നിയമപരമായി അധികാരം വരുന്ന ഘട്ടത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 16, 17 തിയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കോഴിക്കോട്ട് പാര്‍ട്ടി അംഗങ്ങളായ വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി ജയിലിലടച്ച സംഭവത്തില്‍ ഒടുവില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സംരക്ഷിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ ഇടപെടേണ്ടെന്നും നടപടിയെക്കുറിച്ച് റിട്ട. ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ അധ്യക്ഷനായ പ്രത്യേകസമിതി തീരുമാനം എടുക്കട്ടേയെന്നും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
വിദ്യാര്‍ഥികളെ പാര്‍ട്ടിയില്‍നിന്ന് ഉടന്‍ പുറത്താക്കില്ല. സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്താനും നിയമനടപടികള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും നിയമപരമായി പാര്‍ട്ടി ഒരു സഹായവും ചെയ്യേണ്ടതില്ലെന്നുമാണ് തീരുമാനം.
യു.എ.പി.എ പോലുള്ള നിയമങ്ങള്‍ക്ക് പാര്‍ട്ടി എതിരാണെങ്കിലും പൊലിസ് ശക്തമായ തെളിവുകള്‍ നിരത്തുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെ തീരുമാനമെടുക്കണമെന്നു സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നു. യു.എ.പി.എ നിയമത്തില്‍ വന്ന ഭേദഗതികള്‍ അനുസരിച്ച് രാജ്യവിരുദ്ധ സ്വഭാവമുള്ള കേസുകള്‍ എന്‍.ഐ.എയ്ക്ക് ഏറ്റെടുക്കാം. യു.എ.പി.എ ചുമത്തിയ തീരുമാനത്തിനെതിരേ സര്‍ക്കാര്‍ നിലപാടെടുക്കുകയും അതിനുശേഷം എന്‍.ഐ.എ അന്വേഷണം ഉണ്ടാകുകയും ചെയ്താല്‍ രാഷ്ട്രീയ ആരോപണങ്ങളുയരാമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതോടെ യു.എ.പി.എ പിന്‍വലിക്കണമെന്ന മുന്‍നിലപാടില്‍ സെക്രട്ടേറിയറ്റ് മാറ്റം വരുത്തി.
വിദ്യാര്‍ഥികള്‍ക്ക് തീവ്രസ്വഭാവമുള്ള ചില സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ഇത്തരം സംഘടനകളുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നു നേരത്തെ നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും മുഖവിലയ്‌ക്കെടുത്തില്ലെന്നും ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ യു.എ.പി.എ കരിനിയമമാണെന്നും മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ ഈ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതാക്കളുടെ ആവശ്യം തള്ളാനോ കൊള്ളാനോ ഇതുവരെയും സംസ്ഥാന നേതൃത്വം തയാറായില്ല.

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമെന്ന് ജില്ലാ കമ്മിറ്റി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. പാര്‍ട്ടി പ്രവര്‍ത്തകരായ യുവാക്കള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയതിനെതിരേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ വകവയ്ക്കാതെയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തീവ്ര ആശയം ചെറിയൊരു വിഭാഗം പ്രവര്‍ത്തകരെ സ്വാധീനിച്ചിട്ടുണ്ടെന്നും അതിന് തടയിടണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റും തുടര്‍ന്നുള്ള സാഹചര്യവും കണക്കിലെടുത്ത് ഇരുവരുടെയും പ്രവര്‍ത്തനത്തെപ്പറ്റി കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രത്യേക സമിതിയെ വച്ച് അന്വേഷണം നടത്തിയിരുന്നു.
തീവ്ര ഇടത് സംഘടനയുമായി നിഷേധിക്കാനാവാത്ത വിധത്തില്‍ ഇരുവരും ബന്ധപ്പെട്ടെന്ന ഏരിയാ കമ്മിറ്റിയുടെ സ്ഥിരീകരണം ശരിവച്ചാണ് ജില്ലാ കമ്മിറ്റി മേല്‍ഘടകത്തിന് റിപ്പോര്‍ട്ട് ചെയ്തത്.
അറസ്റ്റിലായവര്‍ക്ക് നിയമസഹായവും സംഘടനാ സംരക്ഷണവും പ്രത്യക്ഷത്തില്‍ നല്‍കിയാല്‍ സമാന ആശയമുള്ളവര്‍ക്ക് അത് പ്രചോദനമാവുമെന്ന ആശങ്കയും കോഴിക്കോട്ടുനിന്നുള്ള സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കുവെച്ചു.
നിലവില്‍ താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് കമ്മിറ്റിയിലും അലന്‍ മീഞ്ചന്ത ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റിയിലും അംഗങ്ങളും വിദ്യാര്‍ഥിയുവജന സംഘടനകളിലെ സജീവ പ്രവര്‍ത്തകരുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.