2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അരയടി വഴിയിലൂടെ സാഹസയാത്ര; തീരാദുരിതത്തില്‍ കുടുംബങ്ങള്‍

കണ്ണാടിപ്പറമ്പ്: അധികൃതരുടെ നിസംഗതയും അവഗണനയും കാരണം യാത്രാ മാര്‍ഗമില്ലാതെ ദുരിതം പേറി ഒരു കൂട്ടം കുടുംബങ്ങള്‍. നാറാത്ത് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മാതോടത്തെ ഏതാനും കുടുംബങ്ങളാണ് ഏറെക്കാലമായി യാത്രാ ക്ലേശമനുഭവിക്കുന്നത്. കോട്ടക്കുനി വയലിന് കുറുകെയായി കടന്നുപോകുന്ന പഴശ്ശി പദ്ധതിയുടെ ഭാഗമായുള്ള കനാല്‍ പാലത്തിന് സമീപത്ത് കൂടിയാണ് പ്രദേശത്തുള്ളവര്‍ 20 വര്‍ഷത്തോളമായി യാത്ര ചെയ്യുന്നത്.
കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടക്കാന്‍ കഴിയുന്ന ഒരു നടവഴി മാത്രമാണ് ഇവിടെയുള്ളത്. അരകിലോമീറ്ററോളം ദൂരമുള്ള ഈ വഴി താണ്ടിയാണ് സ്ത്രീകളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ ദിനേന നടന്നുപോകുന്നത്. കാലവര്‍ഷം ആരംഭിച്ചാല്‍ വയലില്‍ വെള്ളം കയറുകയും നടവഴി കാടുകയറുകയും ചെയ്യും. ഇതോടെ ദുരിതവും ആരംഭിക്കും. അരയടി മാത്രം വീതിയുള്ള കനാലിന്റെ കൈവരിയില്‍ കൂടിയുള്ള സാഹസിക യാത്രയാണ് പിന്നെയുള്ള ഏക ആശ്രയം. രണ്ട് മീറ്ററിലധികം ഉയരമുണ്ട് ഈ കനാലിന്. വൃദ്ധരും ചെറിയ കുട്ടികളും ഇതുവഴി ഏറെ കഷ്ടപ്പെട്ടാണ് സഞ്ചരിക്കുന്നത്. ഏറെ ദുഷ്‌കരവും അപകടകരവുമായ ഈ യാത്രയില്‍ നിരവധി പേര്‍ക്ക് അടിതെറ്റി വീണ് പരുക്കേറ്റിട്ടുണ്ട്. ആര്‍ക്കെങ്കിലും അസുഖമോ മറ്റു ബുദ്ധിമുട്ടോ സംഭവിച്ചാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനത്തില്‍ എത്തിക്കണമെങ്കില്‍ കസേരയില്‍ ഇരുത്തി മറ്റു വീടുകളുടെ ഇടയിലൂടെ പോകേണ്ട അവസ്ഥയാണ്.
ഈ ദുരിതങ്ങള്‍ക്ക് പരിഹാരമായി ഇവിടെ ഒരു ഫുട്പാത്ത് നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കുമുണ്ട്. ഇതിനുവേണ്ടി പഞ്ചായത്തില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ എണ്ണവും നിരവധിയാണ്. പക്ഷെ റോഡ് എന്ന സ്വപ്‌നം ഇന്നും അവശേഷിക്കുകയാണ്. കനാലിന് ഇരുവശങ്ങളിലും മൂന്ന് മീറ്റര്‍ വീതിയില്‍ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയില്‍ ഭൂമിയുണ്ട്. പക്ഷേ ഇവിടെ റോഡ് നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു. നാറാത്ത് പഞ്ചായത്ത് ഭരണ സമിതിയും അധികാരികളും ഇവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News