2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അരങ്ങ്

മുയ്യം രാജന്‍

‘തന്റെ തൊണ്ണൂറാമത്തെ വയസിലും കണ്ണുകള്‍ കെട്ടിയ ഒരു അഭ്യാസി കത്തിയേറിന് തയാറാവുന്നു. നമ്മുടെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ധനശേഖരാണര്‍ഥം ഇന്നു വൈകുന്നേരം കൃത്യം ആറുമണിക്ക് ആ പരിപാടി നിങ്ങള്‍ക്കു മുന്നിലവതരിപ്പിക്കുന്നു. തന്റെ വിരമിക്കല്‍ ചടങ്ങിനോട് അനുബന്ധമായി അരങ്ങേറുന്ന ഈ അവസാന പ്രകടനം കാണാന്‍ വെറും പത്തുരൂപ മാത്രമാണു സുഹൃത്തുക്കളേ പ്രവേശന ഫീസ്… ഈ പരിപാടി കണ്ടു സംരംഭം വന്‍ വിജയകരമാക്കി തീര്‍ക്കാന്‍ ഓരോ നാട്ടുകാരോടും ഞങ്ങള്‍ സവിനയം…’

വാഹനം തിരിവില്‍ മറഞ്ഞിട്ടും അറിയിപ്പിന്റെ ഇരമ്പല്‍ കാതില്‍ പ്രകമ്പനം കൊണ്ടു. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍ തിങ്ങിനിറഞ്ഞിരുന്നു. അകത്ത് കയറാനായി അതിനെക്കാള്‍ ആളുകള്‍ പുറത്ത് അക്ഷമരായി. മഴ ചതിച്ചു. മഴയില്ലായിരുന്നെങ്കില്‍ ഓപണായി വയ്ക്കാന്നിരുന്ന പ്രോഗ്രാം. വെളിയില്‍ നില്‍ക്കുന്നവര്‍ക്കു രണ്ടാമതും ഷോ നടത്താമെന്ന വാഗ്ദാനത്തിലാണു ജനം പിന്നീട് ശാന്തരായത്.
പരിപാടി തുടങ്ങുന്നതിനു മുന്നോടിയായി ആ അഭ്യാസി ഇടറുന്ന സ്വരത്തില്‍ തന്റെ കദനകഥ ജനസമക്ഷം കാഴ്ച വച്ചു:
‘ഇതെന്റെ പതിനായിരത്തിയെട്ടാമത്തെ പ്രകടനമാണ്.. ഇതുവരെ എന്റെ ഒരേറു പോലും പാഴായില്ല എന്നതിനാലാണ് ഇതൊരു ജീവിതവിജയമാക്കി നിങ്ങളുടെ മുന്നില്‍ ഇങ്ങനെ ഇപ്പോഴും നില്‍ക്കുന്നത്… ഇതെനിക്ക് ജീവിതമാര്‍ഗമാണ്. ഇതുപോലെ നിങ്ങളൊരിക്കലും കത്തി കൈയിലെടുത്തു പരസ്പരം പോരാടാതെ നല്ല മനുഷ്യരായി, എന്നും സ്‌നേഹമുള്ളവരായി വാഴുക! അതാണ് സദസിനോട് എനിക്കുള്ള എളിയ സന്ദേശം. ഞാന്‍ പരിപാടിയിലേക്ക് കടക്കുന്നു. ഇതു വിജയിപ്പിക്കാന്‍ ഏകാഗ്രതയാണ് ഏറെ ആവശ്യം… അതു നിങ്ങള്‍ തരുമെന്ന ഉത്തമവിശ്വാസത്തില്‍, നിങ്ങളോരോരുത്തര്‍ക്കും ഒരിയ്ക്കല്‍ക്കൂടി എന്റെ കൂപ്പുകൈ..!’
സഹായി വന്നു കണ്ണുകള്‍ മൂടിക്കെട്ടി. മധ്യവയസ്‌കനായ അയാളെ കണ്ടിട്ടു മകനും പിന്തുടര്‍ച്ചാവകാശിയുമാണെന്നു തോന്നുന്നു. കുറച്ചകലെ ചുമരിനോട് ചേര്‍ത്തുനിര്‍ത്തിയ മെലിഞ്ഞ പെണ്‍കുട്ടി കൊച്ചുമകളും വിവാഹപ്രായം കഴിഞ്ഞ യുവതിയുമാണെന്നു മനസിലായി.
നിര്‍ജീവമായ ചില നിമിഷങ്ങള്‍ കൂടി കടന്നുപോയി.
വണ്‍, ടു, ത്രീ…
കത്തി എറിയാനായി അയാള്‍ ഉയര്‍ത്തിയ കൈകള്‍ വായുവില്‍ ചെറുതായി വിറകൊണ്ടു. പിന്നെ, മെല്ലെ മെല്ലെ അത് ഫ്രീസായി… സാവകാശം മൂര്‍ച്ചയുള്ള ആ കത്തി അയാളുടെ നെഞ്ചിലേക്ക് തന്നെ ഊര്‍ന്നുവീണു.. ചോര ചീറ്റി, അരങ്ങത്ത് കുഴഞ്ഞുവീണു.
ജനം അവരുടെ കര്‍മം അപ്പോഴും വളരെ ഭംഗിയായി നിര്‍വഹിച്ചു. ഒരിട പോലും നിര്‍ത്താതെ കൈയടി നന്നായി തുടര്‍ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.