2018 June 14 Thursday
ചിന്തയുടെ വെളിപാടാണ് മനുഷ്യനെ അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്.
-എമേഴ്‌സണ്‍

അയ്യപ്പഭക്തരോട് റെയില്‍വേയുടെ ക്രൂരത

കെ.കുഞ്ഞനന്തക്കുറുപ്പ്, വെരാവല്‍

അടിസ്ഥാനസൗകര്യമില്ലായ്മ, സമയനിഷ്ഠയില്ലായ്മ എന്നിവയാല്‍ യാത്രക്കാരോടു ക്രൂരത കാണിക്കുന്ന റെയില്‍വേ അയ്യപ്പഭക്തരോടു മാത്രം അനുതാപം പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കേണ്ടണ്ടതില്ല.
എന്നാലും റെയില്‍വേയുടെ നിരുത്തരവാദിത്വത്തിന് ഇരയായ അമ്പതോളം ശബരിമല തീര്‍ഥാടകരുടെ ഗുരുസ്വാമിയെന്ന നിലയില്‍ ഇതു കുറിക്കാതെ വയ്യ.
വെള്ളിയാഴ്ച മാത്രം സര്‍വിസ് നടത്തുന്ന 16335 നമ്പര്‍ ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസില്‍ നവംബര്‍ 17 നു യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായിരുന്നു ഞങ്ങള്‍. രാവിലെ ഏഴിനാണു ട്രെയിന്‍ പുറപ്പെട്ടത്. യാത്ര തിരിച്ച് ഉദ്ദേശം ഒരണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും കംപാര്‍ട്ടുമെന്റിലെ വെള്ളം തീര്‍ന്നു. ഞങ്ങളുടെ കോച്ചിന്റെ ഇരുവശത്തുമുള്ള കംപാര്‍ട്ടുമെന്റുകളില്‍ അന്വേഷിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ.
ടി.ടി.ആറിനോടു പരാതിപ്പെട്ടപ്പോള്‍ അഹമ്മദാബാദിലെത്തിയാല്‍ വെള്ളം നിറയ്ക്കുമെന്നു മറുപടി കിട്ടി. ഒരു മണിക്ക് അഹമ്മദാബാദിലെത്തേണ്ട ട്രെയിന്‍ അന്നെത്തിയത് ഉച്ചകഴിഞ്ഞു മൂന്നിനാണ്. സമയം വൈകിയതിനാലായിരിക്കാം വെള്ളം നിറയ്ക്കാതെ യാത്ര തുടര്‍ന്നു. ടി.ടി.ആറിനെ പിന്നെ കണ്ടണ്ടതേയില്ല. ഗത്യന്തരമില്ലാതെ കുപ്പിവെള്ളം വാങ്ങി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുകയായിരുന്നു.
മണ്ഡലവ്രതകാലത്ത് മനസ്സും ശരീരവും ശുദ്ധമായിരിക്കണമെന്നതാണ് ആചാരം. വെള്ളമില്ലാതെങ്ങനെ ശരീരം ശുദ്ധമാക്കും.
റെയില്‍വേയെ ശപിക്കുമ്പോള്‍ മനസ്സും തഥൈവ! റെയില്‍വേയുടെ ഊണിന്റെ കൂടെ വെള്ളം നല്‍കണമെന്നാണു നിയമമെങ്കിലും ഇപ്പോഴതു ലഭിക്കാറില്ല. തത്കാല്‍, പ്രീമിയര്‍ തത്കാല്‍ തുടങ്ങിയ ഓമനപ്പേരുകളില്‍ യാത്രക്കാരെ പിഴിയുന്ന റെയില്‍വേ അവരോട് അല്‍പ്പമെങ്കിലും ദയ കാണിച്ചിരുന്നെങ്കില്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.