2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

അയ്യപ്പനോവ് വെള്ളച്ചാട്ടം: പ്രകൃതിഭംഗി ആസ്വദിക്കാന്‍ സന്ദര്‍ശകപ്രവാഹം

പുത്തനത്താണി: കാലവര്‍ഷം കനത്തു, ഒപ്പം അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലെ ജലപ്രവാഹവും. നയനമനോഹരമായ വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് കിടക്കുന്ന പച്ചപ്പാര്‍ന്ന പ്രകൃതിഭംഗി ആസ്വദിക്കാന്‍ അയ്യപ്പനോവിലേക്ക് സന്ദര്‍ശകരുടെ നിലക്കാത്ത പ്രവാഹം.

ദേശീയ പാത പുത്തനത്താണി-വളാഞ്ചേരി റൂട്ടില്‍ വെട്ടിച്ചിറ-കാട്ടിലങ്ങാടി റോഡില്‍ നാലു കിലോമീറ്റര്‍ അകലെ ആതവനാട് പഞ്ചായത്തിലെ മാട്ടുമ്മലിനു സമീപമാണ് പ്രകൃതിരമണീയമായ സന്ദര്‍ശകരെ ആനന്ദത്തിലാക്കുന്ന മനോഹരമായ അയ്യപ്പനോവ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

ആതവനാട് പാടശേഖരങ്ങളില്‍ നിന്നും ഒലിച്ചുവരുന്ന വെള്ളം 40 അടിയോളം ഉയരത്തില്‍ നിന്നും പാറകെട്ടിലൂടെ താഴോട്ട് ശക്തമായി പതിക്കുന്ന വെള്ളച്ചാട്ടവും പ്രകൃതിയുടെ പച്ചപ്പുമാണ് ഇവിടെ കാഴ്ചക്കാരുടെ നയനങ്ങളെ ആനന്ദത്തിലാക്കുന്നത്. കൂടാതെ ഏക്കര്‍ കണക്കിനു നീണ്ടു കിടക്കുന്ന പാടശേഖരങ്ങളും കുന്നുകളും പ്രകൃതി ദൃശ്യ വിരുന്നൊരുക്കുന്നു. മഴ കനത്തതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തിയും ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.

നൂറുകണക്കിനു പേരാണ് ഈ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ ദിനംപ്രതി ഇവിടെ എത്തുന്നത്. ജില്ലയുടെ ടൂറിസ ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ള തീര്‍ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമ്പോള്‍ അതില്‍ ഉള്‍പെടുത്തുമെന്ന് മുന്‍ ടൂറിസം വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല.

ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പനോവ് സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയാറാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പായിട്ടില്ല. ഈ വെള്ളച്ചാട്ടം സംരക്ഷിക്കുവാന്‍ പദ്ധതികള്‍ നടപ്പാക്കുവാനും അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. പരിസരങ്ങളിലെ നിരന്തരമായ കുന്നുകളിടിക്കലും മറ്റും പ്രകൃതിഭംഗിയെ സാരമായി ബാധിക്കുന്നുണ്ട്.

 

പ്രകൃതിരമണീയമായ ഈ വെള്ളച്ചാട്ടവും പ്രകൃതി പച്ചപ്പും സംരക്ഷിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു പ്രസക്തിയേറി വരികയാണ്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.