2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

അയഡിന്‍ എന്ന പോഷകം

തൊണ്ടയില്‍ മുഴയുള്ള ഗര്‍ഭിണിയായ സ്ത്രീ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന് അയഡൈസ്ട് ‘നമക്ക് ‘ (ഉപ്പ് ) ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചുകൊണ്ട് ആരോഗ്യ പ്രവര്‍ത്തക കടന്നുവരുന്നു. മുന്‍പ് ദൂരദര്‍ശനില്‍ സ്ഥിരമായി വന്നുകൊണ്ടിരുന്ന പരസ്യമാണ്. അയഡിന്‍ എന്ന പോഷകത്തിന്റെ പ്രാധാന്യം, അതിന്റെ കുറവുകൊണ്ട് മനുഷ്യശരീരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഗര്‍ഭിണികളിലും ഗര്‍ഭസ്ഥ ശിശുക്കളിലുമുള്ള അയഡിന്റെ പ്രാധാന്യം, അയഡിന്‍ അടങ്ങിയ ഭക്ഷ്യസ്രോതസുകള്‍ എന്നിവയെ പറ്റി ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഇത്തരം പരസ്യങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

 

അയഡിന്‍

പ്രകൃതിയില്‍ കണ്ടുവരുന്ന ഒരു പോഷകധാതുവാണ് അയഡിന്‍. ഇത് ഹാലോജന്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. അയഡിന്റെ സ്വാഭാവിക നിറം വയലറ്റ് ആണ്. അയഡിന്‍ മൂലകം അടങ്ങിയിട്ടുള്ള ഉപ്പിനെയാണ് അയഡൈസ്ഡ് ഉപ്പ് എന്നു പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക്, അണുനശീകരണത്തിന്, ചില മഷികളുടെയും ഡൈകളുടെയും നിര്‍മാണം എന്നിവയ്‌ക്കൊക്കെ അയഡിന്‍ ഉപയോഗിക്കുന്നുണ്ട്.
നല്ല ആരോഗ്യത്തിനും മനുഷ്യ ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പോഷകധാതുക്കളുടെ കൃത്യമായ അളവിലുള്ള ലഭ്യത അനിവാര്യമാണ്. പോഷകധാതുക്കളുടെ അപര്യാപതതയെ കുറിച്ചു പഠിക്കുമ്പോള്‍, ഇന്ത്യന്‍ ജനതയില്‍ പ്രധാനമായും കണ്ടുവരുന്ന കുറവ് അയഡിന്റേതാണ്. ഇരുമ്പുസത്തും വിറ്റാമിന്‍ എ യുമാണ് മറ്റു രണ്ടിനങ്ങള്‍. ഇന്ത്യയിലെ 235ഓളം ജില്ലകളില്‍ ഇന്നും സ്ഥിരമായി അയഡിന്‍ അപര്യാപ്തത കണ്ടുവരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തെ മൊത്തം നോക്കുകയാണെങ്കില്‍ ഏതാണ്ട് ഒരു ബില്യണില്‍ കൂടുതല്‍ ആള്‍ക്കാരില്‍ അയഡിന്റെ അപര്യാപ്തത കണ്ടുവരുന്നുണ്ട്. അയഡിന്റെ ആവശ്യകതയെ കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 ലോക അയഡിന്‍ അപര്യാപ്തതാദിനമായി ആചരിക്കുന്നത്.
മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അയഡിന്‍ പ്രധാന പങ്കുവഹിക്കുന്നു. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പാദനം, ഉപാപചയം എന്നിവയാണ് അവയില്‍ പ്രധാനം. നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അയഡിന്റെ അളവ് 510 മൈക്രോഗ്രാം ഡെസിലിറ്റര്‍ ആണ്. ഈ അളവ് നിലനിര്‍ത്താന്‍ ദിവസവും 150 മുതല്‍ 200 മൈക്രോഗ്രാം വരെ ആവശ്യമാണ്. ഗര്‍ഭകാലം, മുലയൂട്ടല്‍ എന്നീ അവസരങ്ങളില്‍ കൂടുതല്‍ അളവ് അയഡിന്‍ ആവശ്യമായി വരുന്നു. മൊത്തം അയഡിന്റെ തൊണ്ണൂറു ശതമാനവും നമുക്കു ലഭിക്കുന്നതു കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. പത്തുശതമാനം കുടിക്കുന്ന വെള്ളത്തിലൂടെയും.
അയഡൈസ്ഡ് ഉപ്പ്, കടല്‍മത്സ്യങ്ങള്‍, കടലോരത്ത് വളരുന്ന സസ്യങ്ങള്‍, കടല്‍പ്പായലുകള്‍ എന്നിവയിലൊക്കെയാണ് അയഡിന്റെ അളവ് കൂടുതലായും കണ്ടുവരുന്നത്. ഇതു കൂടാതെ പാലിലും ധാന്യങ്ങളിലും മാംസ്യത്തിലും ചെറിയ അളവില്‍ അയഡിന്‍ കണ്ടുവരുന്നു. ഒരു പ്രദേശത്തെ വെള്ളത്തിലെയും മണ്ണിലെയും അയഡിന്റെ അളവ് അവിടത്തെ ഭക്ഷണത്തിലെ അയഡിന്റെ അളവിനെയും സ്വാധീനിക്കാറുണ്ട്. പര്‍വത പ്രദേശങ്ങളിലും ഇടക്കിടെ വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളിലും താരതമ്യേന അയഡിന്റെ അളവ് കുറഞ്ഞ നിലയില്‍ കാണപ്പെടുന്നു.

 

അയഡിന്‍ അപര്യാപ്തതയുടെപ്രധാന പ്രശ്‌നങ്ങള്‍

അയഡിന്‍ അപര്യാപ്തതയുടെ പ്രശ്‌നങ്ങളെ മൊത്തത്തില്‍ അയഡിന്‍ ഡെഫിഷ്യന്‍സി ഡിസോര്‍ഡേഴ്‌സ് (iodine deficiency disorders) എന്നു വിളിക്കുന്നു. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണു പ്രശ്‌നങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്. ഗോയിറ്റര്‍ (തൈറോയ്ഡ് ഗ്രന്ഥിയുടെ വലിപ്പം കൂടുക) ആണു പ്രധാന ലക്ഷണം.
അയഡിന്‍ അപര്യാപ്തത കാരണമുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങള്‍ കാണാം:

  • ഹൈപ്പോതൈറോയ്ഡിസം
  • അബോര്‍ഷന്‍ സാധ്യതകള്‍ വര്‍ധിക്കുക
  • ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങള്‍ മരിക്കുക
  • കുട്ടികളില്‍ ക്രെറ്റനിസം (critenism) ശാരീരികവും മാനസികവുമായ വളര്‍ച്ചക്കുറവ്
  • ബധിരതയ്ക്കുള്ള ഉയര്‍ന്ന സാധ്യത
  • സംസാരവൈകല്യങ്ങള്‍
  • പഠനവൈകല്യങ്ങള്‍
  • നാഡീവ്യവസ്ഥയെ ബാധിക്കുന്ന മറ്റു തകരാറുകള്‍

തടയുന്നതെങ്ങനെ ?
പാചകത്തിന് അയഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക, കടല്‍ജന്യ ഭക്ഷ്യവസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, പാല്‍, ധാന്യം, മാംസം എന്നിവയുടെ ഉപയോഗം ഒക്കെ അയഡിന്‍ അപര്യാപ്തതാ പ്രശ്‌നങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങളാണ്. കൂടിയ അളവില്‍ അയഡിന്‍ അപര്യാപ്തതയും ക്രെറ്റനിസവും ഒക്കെ കണ്ടുവരുന്ന മേഖലകളില്‍ അയഡിന്‍ ഇഞ്ചക്ഷനുകള്‍, അയഡിന്‍ എണ്ണകള്‍ എന്നിവയുടെ ഉപയോഗം എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം എന്ന വിഷയത്തില്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.