2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

അമ്മയാകുന്നത് അനുഗ്രഹവും ആനന്ദവും

ഡോ.പി.എ.ലളിത എം.ബി.ബി.എസ്, എം.ഡി ഗൈനക്കോളജി സ്‌പെഷലിസ്റ്റ് മലബാര്‍ ഹോസ്പിറ്റല്‍

ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും സുപ്രധാന നിമിഷമാണ് ഒരു കുഞ്ഞിന് ജന്‍മം നല്‍കുക എന്നുള്ളത്. അതുകൊണ്ടുതന്നെ വളരെ വൃത്തിയോടെയും ചിട്ടയോടെയും പ്രവര്‍ത്തികള്‍ ചെയ്യേണ്ടതും മുതിര്‍ന്നവര്‍ പറയുന്നത് അപ്പടി അനുസരിക്കുക എന്നുമുള്ള ഒരു ഘട്ടം കൂടിയാണ് ഗര്‍ഭകാലമെന്നത് ഒരോരുത്തരും അറിഞ്ഞിരിക്കുകതന്നെ വേണം.

 

ഗര്‍ഭകാലത്തെ ഭക്ഷണ ക്രമവും ശരീരഭാര നിയന്ത്രണവും

ഗര്‍ഭകാലത്ത് ഗര്‍ഭിണി കഴിക്കുന്നതും കുടിക്കുന്നതുമായ ആഹാരപദാര്‍ഥങ്ങളാണ് അവരുടെ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ ഉറവിടമായി കണക്കാക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ നല്ല ഭക്ഷണ ക്രമം ഗര്‍ഭിണികള്‍ പിന്തുടരണം. ഗര്‍ഭകാലത്ത് ഒരു സ്ത്രീക്ക് 300 കലോറി ഊര്‍ജം കൂടുതലായി ആവശ്യമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
കലോറി ഊര്‍ജം മാത്രം പോരാ. ഒരു മുതിര്‍ന്ന സ്ത്രീക്ക് ആവശ്യമുള്ളതിനേക്കാള്‍ ഏറെ പോഷകങ്ങളും മറ്റും ഗര്‍ഭിണിക്ക് ആവശ്യമുണ്ട്. ജീവകങ്ങളും ധാതുക്കളും, അയണും, കാത്സ്യവും മറ്റ് ധാതുലവണങ്ങളും ഇതിലുള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ അമിത ആഹാര രീതി ഒഴിവാക്കുക. ഇതിലൂടെ ഭാരം കൂടാതെ ശ്രദ്ധിക്കാന്‍ കഴിയും. അമിതാഹാരത്തിന് പകരം ആരോഗ്യകരമായ ആഹാര രീതി ശീലിക്കുകയാണ് വേണ്ടത്. ഗര്‍ഭകാലത്ത് ശരീരഭാരം കൂടിയാല്‍ അത് നടുവേദന, കാലുകളില്‍ വേദന, ക്ഷീണം, അമിത രക്തസമ്മര്‍ദം, പ്രമേഹം എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ഓര്‍മവേണം. അതുപോലെ തന്നെ ഗര്‍ഭകാലത്ത് 10-12 കിലോ ഭാരം മാത്രമേ വര്‍ധിക്കാനും പാടുള്ളൂ. അതിലധികമായാല്‍ നിങ്ങളുടെ കുഞ്ഞിനും അതിനനുസൃതമായി ഭാരം വര്‍ധിക്കുന്നതാണ്.

 

ശരീരഭാരം നിയന്ത്രിക്കാന്‍

1 കലോറി സമ്പന്നമായ ആഹാരത്തിനു പകരം പോഷക സമൃദ്ധമായ ആഹാരം കഴിക്കുക.
2 ആഹാരക്രമത്തില്‍ എല്ലാ ആഹാരവിഭാഗങ്ങളില്‍ നിന്നുമുള്ളവ ഉള്‍പ്പെടുത്തുക.
3 പതിവായി വ്യായാമം ചെയ്യുക. (കഠിന വ്യായാമ മുറകള്‍ ഒഴിവാക്കുക).
4 കൂടുതല്‍ നെയ്യും ഉയര്‍ന്ന കലോറി മൂല്യമുള്ള ആഹാര സാധനങ്ങളും ഒഴിവാക്കുക.

 

ആരോഗ്യപ്രദമായ ആഹാരരീതി

വൈവിധ്യമാര്‍ന്ന ആഹാരപദാര്‍ത്ഥങ്ങളിലൂടെ ശരിയായ അനുപാതത്തില്‍ പോഷകങ്ങള്‍ നല്‍കുന്നതാണ് സമീകൃതവും ആരോഗ്യപ്രദവുമായ ആഹാര രീതി.
1 30 ശതമാനം പഴങ്ങളും പച്ചക്കറികളും
2 30 ശതമാനം ബ്രഡും കിഴങ്ങു വര്‍ഗങ്ങളും
3 10 ശതമാനം കൊഴുപ്പും പഞ്ചസാരയും ചേര്‍ന്ന ആഹാരം
4 15 ശതമാനം പാലും പാലുല്‍പന്നനങ്ങളും
5 15 ശതമാനം മാംസവും മത്സ്യവും
പണ്ടുകാലത്തുള്ളവര്‍ പറയുന്നതുപോലെ പപ്പായ ഒരു വില്ലനാണെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ അത് ഗര്‍ഭസ്ഥ ശിശുവിന് യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

 

ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

1. ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൃത്യമായി പോവുക.
2. മാസമുറ തെറ്റിയാല്‍ ഉടനെയും അതുകഴിഞ്ഞ് 28 ആഴ്ച വരെ മാസത്തിലൊരിക്കലും 34 ആഴ്ച വരെ രണ്ടാഴ്ച കൂടുമ്പോഴും പിന്നീട് ആഴ്ചതോറും ചെക്കപ്പ് നടത്തണം.
3. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ഗര്‍ഭിണികള്‍ എന്തെങ്കിലും മരുന്ന് കഴിക്കാവൂ.
4. മുലക്കണ്ണുകളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നനഞ്ഞ തുണി കൊണ്ട് മുല ഞെട്ടുകള്‍ വലിച്ചു നീട്ടിവയ്‌ക്കേണ്ടതാണ്. ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറെ അറിയിക്കണം.
4. താഴെ കാണുന്ന അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ ഉടനെ കാണുക.

 • രക്തസ്രാവം
 •  മൂത്രത്തിന്റെ അളവ് കുറയല്‍, മൂത്രക്കടച്ചില്‍
 •  കാലിലോ മുഖത്തോ നീരുവയ്ക്കല്‍
 •  തുടര്‍ച്ചയായ തലവേദന
 •  വയറുവേദന
 •  കാഴ്ച മങ്ങല്‍
 •  അമിത ഛര്‍ദ്ദി

ഏതെങ്കിലും തരത്തിലുള്ള സ്രവങ്ങള്‍ ഉണ്ടായാലോ, കുഞ്ഞിന് അനക്കം കുറഞ്ഞാലോ, വളരെ കൂടുതലായാലോ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.എല്ലാ ഗര്‍ഭിണികളും അവരവരുടെ രക്തഗ്രൂപ്പ് അറിഞ്ഞിരിക്കേണ്ടതും യോജിക്കുന്ന ഗ്രൂപ്പുള്ള ഒരാളെ കണ്ടുവയ്‌ക്കേണ്ടതുമാണ്.

 

പ്രസവത്തിന് തയ്യാറെടുക്കല്‍

 •  അമ്മയ്ക്കും നവജാത ശിശുവിനുമുള്ള വൃത്തിയുള്ള വസ്ത്രങ്ങള്‍
 • കുഞ്ഞുടുപ്പുകള്‍ കഴുകി ഇസ്തിരിയിട്ടത്
 •  മുലയൂട്ടുന്നതിന് യോജിച്ച ഗൗണ്‍
 •  കുഞ്ഞിനുള്ള എണ്ണ, പൗഡര്‍, സോപ്പ്, ക്രീം
 •  സാനിറ്ററി പാഡുകള്‍

 

പ്രസവശേഷ പരിരക്ഷപൂര്‍ണ ആരോഗ്യം വീണ്ടെടുക്കല്‍

കുഞ്ഞിന്റെ ജനനത്തിന് വേണ്ടിയുള്ള മാസങ്ങളായുള്ള കാത്തിരിപ്പിനുശേഷം കുഞ്ഞ് നിങ്ങളോടൊപ്പമുള്ള അവസ്ഥയാണിത്. കഴിഞ്ഞ ഒന്‍പത് മാസങ്ങളില്‍ നിങ്ങളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോയി. ഗര്‍ഭത്തിന്റെ മാറ്റങ്ങളില്‍ നിന്നും മോചിതയാകുവാന്‍ ആറ് ആഴ്ചകള്‍ എടുക്കും. അതുകൊണ്ട് തന്നെ നിങ്ങള്‍ കുഞ്ഞിനെ നോക്കുന്നതുപോലെ തന്നെ നിങ്ങളുടെ പരിരക്ഷയും നോക്കണം.

 

മുലയൂട്ടല്‍

മുലയൂട്ടുന്ന കുഞ്ഞ് അതിന്റെ പോഷണത്തിനും വളര്‍ച്ചയ്ക്കും നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ ആരോഗ്യപ്രദവും പോഷക സമൃദ്ധവുമായ ആഹാരം ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. കുഞ്ഞിന് മുലപ്പാലിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല എന്ന് ഓര്‍മവേണം. മുലയൂട്ടലിന്റെ ആവശ്യത്തിന് നിങ്ങള്‍ക്ക് കൂടുതല്‍ കലോറി ഊര്‍ജം ആവശ്യമുണ്ട്. അതനുസരിച്ച് നിങ്ങളുടെ വിശപ്പ് വര്‍ധിക്കുന്നതുമാണ്.

മാറ്റങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യുക

ഒരു കുഞ്ഞിന് ജീവന്‍ നല്‍കിയാല്‍ നിങ്ങളുടെ ജീവിത രീതിയുള്‍പ്പെടെ പലകാര്യങ്ങളും മാറും. കുഞ്ഞു വന്നെന്നു കരുതി തന്റെ ഭര്‍ത്താവിന്റെയും അതുപോലെ മറ്റുകാര്യങ്ങളിലും ശ്രദ്ധക്കുറവ് പാടില്ല

 

അയണ്‍, കാല്‍സ്യം ഡി.എച്ച്.എ പ്രധാന്യം

1. ഗര്‍ഭകാലത്ത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് കാത്സ്യം കഴിക്കുന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. കാരണം കുഞ്ഞിന് വളരുവാന്‍ കത്സ്യം വേണം. ശക്തിയുള്ള എല്ലുകള്‍ക്കും പല്ലുകള്‍ക്കും അത് പ്രധാനമാണ്. കുഞ്ഞ് കാത്സ്യം സ്വീകരിക്കുന്നത് നിങ്ങളില്‍ നിന്നാകയാല്‍ ഗര്‍ഭകാലത്ത് കഴിക്കുന്ന കാത്സ്യം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
2. കാത്സ്യത്തിന്റെ കൂടുതലായുള്ള ആവശ്യം നിറവേറ്റുവാന്‍ നിങ്ങളുടെ ശരീരത്തില്‍ പതിവുള്ളതിലും 50 ശതമാനം കൂടുതല്‍ കാത്സ്യം വേണം അതും ആദ്യത്തെ ആറുമാസത്തില്‍ ആഗിരണം ചെയ്യുന്നു. അതിനാല്‍ കൂടുതല്‍ കാത്സ്യം പൂരകമായി കഴിക്കേണ്ടത് ആവശ്യമാണ്.
3. വേണ്ടത്ര കാത്സ്യം ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ അസ്ഥികലകള്‍ എളുപ്പം ഒടിയുന്ന ഓസ്റ്റിയോ പോറോസിസ് എന്ന രോഗം ഉണ്ടാകുവാനുള്ള സാധ്യത വര്‍ധിക്കും
4. ഗര്‍ഭകാലത്ത് കാത്സ്യം കഴിക്കുന്നത് കുറഞ്ഞാല്‍ പെട്ടെന്നുള്ള പേശി വലിവിന് (കാലിലെ കോച്ചിപ്പിടിത്തം) കാരണമാകാം.
5. ഡി.എച്ച്.എ കലര്‍ന്ന മരുന്നുകള്‍ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയെ സഹായിക്കും എന്നാണ് പുതിയ കണ്ടുപിടിത്തം പറയുന്നത്.

ഗര്‍ഭധാരണ ലക്ഷണങ്ങളും കൈകാര്യം ചെയ്യാന്‍ ചില്ലറ ഉപദേശങ്ങളും

ക്ഷീണം
ഗര്‍ഭിണികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് ക്ഷീണം. എന്നാല്‍ കൂടുതല്‍ ക്ഷീണം പാടില്ല. അതിന് ഇടയ്ക്കിടെ വിശ്രമിക്കുകയോ അല്‍പനേരം ഉറങ്ങുകയോ ചെയ്യുക.
നടത്തം, മനസ് ശാന്തമാക്കുന്ന സംഗീതം എന്നിവ പോലുള്ള വിശ്രമ രീതികള്‍ പരിശീലിക്കുക. സമീകൃതാഹാരം കഴിക്കുക. കഫീന്‍ ഒഴിവാക്കുകയും ചെയ്യുക.

പ്രഭാതസ്വാസ്ഥ്യം
(ഓക്കാനവും ഛര്‍ദ്ദിയും)
1. രാവിലെ കിടക്കയില്‍ നിന്ന് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കരുത്
2. കിടക്കുമ്പോള്‍ തല ഉയര്‍ത്തി വച്ചുവേണം കിടക്കാന്‍
3. റോസ്റ്റഡ് ബ്രഡോ, ബിസ്‌കറ്റോ കഴിക്കുക. കുറേശ്ശെ കുറേശ്ശെ അടുപ്പിച്ച് ഭക്ഷണം കഴിക്കുക
4 ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ അരമണിക്കുര്‍ നേരത്തേക്ക് കിടക്കുന്നത് ഒഴിവാക്കുക
5. ആഹാരത്തോടെപ്പം ധാരാളം ദ്രാവകങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുക
6. ഗ്യാസ് ഉണ്ടാക്കുന്ന ആഹാരസാധനങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത ആഹാരം എന്നിവ ഒഴിവാക്കുക
7. കിടക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പ് കുടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുത്
8. ഛര്‍ദികൂടുലുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കേണ്ടിവരും, മരുന്നുകൊണ്ട് മാറിയില്ലെങ്കില്‍ ഡ്രിപ്പ് കയറ്റേണ്ടിവരും
9 ഗര്‍ഭകാലത്ത് ഭര്‍ത്താവിന്റെ സ്‌നേഹം നിറഞ്ഞ പരിചരണം ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. അങ്ങനെയുള്ള അന്തരീക്ഷം ലഭിച്ചില്ലെങ്കില്‍ ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യതയേറെയുണ്ട്

നടുവേദന
1. ദീര്‍ഘസമയം നില്‍ക്കുന്നത് ഒഴിവാക്കുക.
2 വല്ലതും എത്തിപ്പിടിക്കാന്‍ വേണ്ടി മുകളിലേക്ക് വലിഞ്ഞുയരുന്നത് ഒഴിവാക്കുക
3. കട്ടിയുള്ള കിടക്കയില്‍ ഇടതുവശം ചരിഞ്ഞുകിടക്കുക
4. ഗര്‍ഭകാലം മുഴുവനും ഹീല്‍ കുറഞ്ഞ ചെരുപ്പുകള്‍ ധരിക്കുക

കാലിലെ പേശി
വലിയല്‍
1. പാല്‍, പഴവര്‍ഗങ്ങള്‍
2. വിറ്റാമിന്‍ ഇ എന്നിവ കഴിക്കുക
3. കുഴമ്പു പുരട്ടി ചൂടുവെള്ളത്തില്‍ ശരീരം കഴുകുന്നതും നന്നായിരിക്കും
ഗര്‍ഭകാലത്തെ
മലബന്ധം
1. ഓരോ ദിവസവും ഒന്നു മുതല്‍ രണ്ടുവരെ ഗ്ലാസ് പഴസത്ത് ഉള്‍പ്പെടെ ചുരുങ്ങിത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക
2. നാരുകള്‍ കൂടുതലുള്ള ആഹാരപദാര്‍ഥങ്ങളായ ധാന്യങ്ങള്‍, ഓട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

വ്യായാമം
ദിവസേന നടക്കുന്നത് കായികക്ഷമതയും ആരോഗ്യകരമായ ചലനങ്ങളും നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു

കാലിലെ നീര്‍വീക്കം
പകല്‍ സമയത്ത് കാലുകള്‍ ഉയര്‍ത്തിവയ്ക്കുന്നതും വിശ്രമിക്കുന്നതും ഇടതുവശം ചരിഞ്ഞ് കിടക്കുന്നതും ഗര്‍ഭകാലത്ത് കാലുകളിലുണ്ടാകുന്ന നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും
ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുത്
വീക്കം കുറയ്ക്കാന്‍ മറ്റ് നിര്‍ദ്ദേശങ്ങള്‍ക്കുപുറമേ ഡോക്ടറുടെ നിര്‍ദേശപ്രകാരം നീര് കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുക

 

മുലയൂട്ടുന്ന അമ്മമാര്‍ക്ക് ചില ഉപദേശങ്ങള്‍

 • വ്യക്തിപരമായ ശുചിത്വം പ്രധാനമാണ്
 • നിങ്ങളുടെ മുലപ്പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ വേണ്ടത്ര പാല്‍ കുടിക്കുന്നത് നല്ലതാണ്
 • ശതാവരി പോലുള്ള ഔഷധ സസ്യങ്ങള്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് പാല്‍ ഉല്‍പാദനവും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും
 • വേണ്ടത്ര വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്
  (നിങ്ങളുടെ ദാഹം ശമിപ്പിക്കുവാനും നിങ്ങള്‍ക്ക് മലബന്ധം, ക്ഷീണം, മൂത്രത്തിന് മഞ്ഞ നിറം എന്നിവ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താനും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക. അത് ശരീരപഥങ്ങളെ ശുചിയാക്കുകയും ദഹനവ്യവസ്ഥയെ പരിപാലിക്കുകയും ചെയ്യും. വെള്ളം കുടിച്ചാല്‍ വയര്‍ ചാടുമെന്ന നാടന്‍ ചൊല്ല് തെറ്റാണെന്നുമറിയുക
 • നീന്തല്‍, സാഹസിക സ്‌പോര്‍ട്‌സ്, സവാരി എന്നീ പ്രവര്‍ത്തനങ്ങള്‍ പ്രസവത്തിനുശേഷം ആറ് മാസം വരെ തുടങ്ങരുത്
 • ഒരോ വ്യക്തിയുടെയും ശക്തിയുടെയും ആരോഗ്യസ്ഥിതിക്കുമനുസരിച്ചുള്ള വ്യായാമങ്ങള്‍ തുടങ്ങാവുന്നതാണ്
 • ഒരിക്കലും കട്ടികൂടിയ ആഹാരങ്ങള്‍, വറുത്ത ആഹാര പദാര്‍ത്ഥങ്ങള്‍ മാംസാഹരങ്ങള്‍ മുതലായവ കഴിക്കരുത്
 • ഭക്ഷണം വിശക്കുമ്പോള്‍ മാത്രം കഴിക്കുക
 • മല്ലി, ജീരകം, ഉലുവ, കായം, പാലക്, ചീര, ഇഞ്ചി, വെള്ളുത്തുള്ളി തുടങ്ങിയ പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്
 • പതിവായി എണ്ണ തേച്ചുകുളിക്കുന്നതും നല്ലതാണ്
 • ശാരീരികവും മാനസികവുമായ അമിതാധ്വാനം ഒഴിവാക്കണം
 • രാത്രിയിലെ ഉറക്കം കുറവാണെങ്കില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കൂര്‍ വരെ ഉറങ്ങാവുന്നതാണ്. രാത്രിയില്‍ പലതവണ ഉണര്‍ന്നിരിക്കുന്നില്ലെങ്കില്‍ പകല്‍ ഉറക്കം ഒഴിവാക്കുക
 • മാറ്റങ്ങളുടെ കാലഘട്ടമായതുകൊണ്ടുതന്നെ നിങ്ങളെ സഹായിക്കുന്ന നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുവാന്‍ കഴിയുന്ന ആളുകളോട് സംസാരിക്കുക
 • വിശ്രമിക്കാനും പിരിമുറുക്കം ഇല്ലാതാക്കാനും സമയം കണ്ടെത്തുക

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News