2018 April 16 Monday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

അമ്പിളി അമ്മാവാ

(ജൂലൈ 21 ചാന്ദ്രദിനം)

മാനത്ത് നിന്ന് പുഞ്ചിരിക്കുന്ന അമ്പിളി അമ്മാവനെ കൂട്ടുകാര്‍ക്കെല്ലാം ഇഷ്ടമാണല്ലോ. ജൂലൈ 21 അമ്പിളി അമ്മാവന്റെ ദിവസമാണ്. മനുഷ്യന്‍ ആദ്യമായി അമ്പിളി അമ്മാവനെ കാണാന്‍ പോയത് ഈ ദിവസമാണ്. അറിഞ്ഞോളൂ ആ വിശേഷങ്ങള്‍

കരീം യൂസുഫ്

സൈലന്റ് വാലി

 

കൂട്ടുകാര്‍ ചന്ദ്രനില്‍ പോയെന്ന് കരുതുക. അവിടെവച്ച് എത്ര ഉറക്കെ സംസാരിച്ചാലും ഒരുകാര്യവുമില്ല. കാരണം ശബ്ദം ഏതെങ്കിലും മാധ്യമത്തില്‍ കൂടിയാണല്ലോ സഞ്ചരിക്കുക. ചന്ദ്രനില്‍ വായുവില്ലാത്തതിനാല്‍ മാധ്യമം എന്ന് പറയാന്‍ അവിടെ ഒന്നുമില്ല. അതുകൊണ്ട് ശബ്ദത്തിന് സഞ്ചരിക്കാനുമാവില്ല.

 

 

ഒരൊറ്റമുഖം

 

ഭൂമിയില്‍ നിന്ന് ചന്ദ്രന്റെ രണ്ടു വശങ്ങളും നേരിട്ട് കാണാനാവില്ല. കാരണം സ്വന്തം അച്ചുതണ്ടില്‍ ഒരുവട്ടം കറങ്ങാനെടുക്കുന്ന സമയം കൊണ്ടു തന്നെയാണ് ചന്ദ്രന്‍ ഭൂമിയെ ഒരു പ്രാവശ്യം വലം വെക്കുന്നത്. ഇത് കൊണ്ട് ഭൂമിയിലുള്ളവര്‍ക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. 1959 ല്‍ സോവിയറ്റ് വാഹനമായ ലൂണ മൂന്ന് ആണ് ചന്ദ്രന്റെ മറു ഭാഗത്തിന്റെ ചിത്രം ആദ്യം പകര്‍ത്തിയത്.

 

ചന്ദ്രനുണ്ടായതെങ്ങനെ?

ഭൂമി ഉണ്ടായതെങ്ങനെ എന്ന ചോദ്യം പോലെ പ്രസക്തമാണ് ചന്ദ്രനുണ്ടായതെങ്ങനെ എന്നത്. പല ഗവേഷകര്‍ക്കും ഈ കാര്യത്തില്‍ പല അഭിപ്രായമാണ്. ചന്ദ്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന സിദ്ധാന്തങ്ങളാണ്്. ഫിഷന്‍, അക്രീഷന്‍, ട്രാപ് എന്നിവ. വേലിയേറ്റ പ്രഭാവ സ്വാധീനത്താല്‍ ഭൂമിയുടെ ബാഹ്യാവരണം അടര്‍ന്നുമാറിയുണ്ടായതാണ് ചന്ദ്രന്‍ എന്നാണ് ഫിഷന്‍ സിദ്ധാന്തം പറയുന്നത്.അടിഞ്ഞു ചേരലിലൂടെ അടുത്തടുത്തായി ഉണ്ടായതാണ് ചന്ദ്രന്‍ എന്ന് അക്രീഷന്‍ സിദ്ധാന്തവും സൗരയൂഥത്തിലെ ഒരു ഗ്രഹമായി പിറവികൊണ്ട ചന്ദ്രനെ ഭൂമി ആകര്‍ഷണ ബലം കൊണ്ട് പിടിച്ചെടുത്തതാണെന്ന് ട്രാപ് സിദ്ധാന്തവും പ്രസ്താവിക്കുന്നു. ഇതില്‍ ഏതാണ് വിശ്വസിക്കേണ്ടതെന്നുള്ള കണ്‍ഫ്യൂഷനിലാണ് ശാസ്ത്രലോകം.

 

 

കുലുങ്ങുന്ന ചന്ദ്രന്‍

കൂട്ടുകാര്‍ പലപ്പോഴും കേള്‍ക്കുന്ന വാര്‍ത്തയാണ് ഭൂചലനം. ഭൂചലനത്തിന് സമാനമായ കുലുക്കങ്ങള്‍ ചന്ദ്രനിലുണ്ടാകാറുണ്ട്. ചന്ദ്രനിലേക്ക് ഉല്‍ക്കകള്‍ പതിക്കുന്നത് മൂലമാണിത്. ഉല്‍ക്കാപതനം കൊണ്ട് ചന്ദ്രനിലുണ്ടാകുന്ന ചലനങ്ങളാണ് ചാന്ദ്രചലനങ്ങള്‍ അഥവാ മൂണ്‍ ക്വാക്ക്. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ ഇങ്ങനെ നിര്‍ബാധം നടക്കുന്ന ഉല്‍ക്കാപതനത്താല്‍ ചന്ദ്രോപരിതലം നിറയെ ഇപ്പോള്‍ ഗര്‍ത്തങ്ങളാണ്.

 

 

വേലിയേറ്റം തരും

വേലിയേറ്റവും വേലിയിറക്കവും കൂട്ടുകാര്‍ കണ്ടിട്ടുണ്ടാവും. ഇതിന് കാരണക്കാരന്‍ ചന്ദ്രനാണ്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലിവ് മൂലം സമുദ്രവിതാനം ഉയരുന്നതാണ് ഇതിന് കാരണം.

 

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയോ?

1969 ജൂലൈ 21 ഇന്ത്യന്‍ സമയം വെളുപ്പിന് 1.48 നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയത്. അമേരിക്കന്‍ വാഹനമായ അപ്പോളോ 11 ല്‍ കയറിയാണ് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവര്‍ ചന്ദ്രനിലെത്തിയത്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ആംസ്‌ട്രോങിന്റെ വാക്കുകള്‍ കൂട്ടുകാര്‍ കേട്ടിരിക്കും. “ഛില ാെമഹഹ േെലു ളീൃ ാമി, ീില ഴശമി േഹലമു ളീൃ ാമിസശിറ'(മനുഷ്യന് ഒരു ചെറിയ കാല്‍ വയ്പ്, മനുഷ്യരാശിക്ക് ഒരു കുതിച്ചു ചാട്ടം)
എന്നാല്‍ ആദ്യത്തെ ചാന്ദ്രയാത്ര വെറും കെട്ടുകഥയാണെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. റഷ്യയെ തോല്‍പ്പിക്കാന്‍ അമേരിക്ക ഒരുക്കിയ നാടകമാണത്രേ ഇത്. നെവാഡാ മരുപ്രദേശത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ആദ്യത്തെ ചാന്ദ്രയാത്ര എന്ന പേരില്‍ അമേരിക്ക പുറത്ത് വിട്ടത്. മനുഷ്യനെ അമേരിക്ക ചന്ദ്രനിലയക്കുമെന്ന ജോണ്‍ എഫ് കെന്നഡിയുടെ ദൃഢപ്രതിജ്ഞ പാലിക്കാനാണത്രേ ഈ നാടകം അരങ്ങേറിയത്. ഡേവിഡ് പേര്‍സിയും മേരി ബെന്നറ്റു ംരചിച്ച ഡാര്‍ക്ക് മൂണ്‍ എന്ന പുസ്തകത്തിലാണ് ഈ കാര്യം പ്രതിപാദിക്കുന്നത്.

 

 

മൂലകങ്ങളുടെ കലവറ

അനേകം മൂലകങ്ങളുടെ കലവറ കൂടിയാണ് ചന്ദ്രന്‍. അലൂമിനിയം, മഗ്നീഷ്യം, യുറേനിയം, ഇരുമ്പ്, ടൈറ്റാനിയം, കാല്‍സ്യം തുടങ്ങിയ വിരവധി മൂലകങ്ങള്‍ ചന്ദ്രനില്‍ നിന്നു ലഭിച്ചിട്ടുണ്ട്.

 

 

ചന്ദ്രയാന്‍

ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യത്തിന്റെ പേരാണ് ചന്ദ്രയാന്‍. 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഈ ദൗത്യത്തിന്റെ ആദ്യ വിക്ഷേപണം നടന്നത്. 2008 നവംബര്‍ എട്ടിന് ചന്ദ്രയാന്‍ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും നവംബര്‍ 14 ന് മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രനില്‍ പതിക്കുകയും ചെയ്തു. 312 ദിവസമാണ് ചന്ദ്രയാന്‍ ചന്ദ്രനെ പ്രദക്ഷിണം വെച്ചത്. 386 കോടി രൂപയുടെ ചെലവാണ് ഈ ദൗത്യത്തിനുണ്ടായത്.

 

 

ചന്ദ്രനിലെ കാല്‍പ്പാടുകള്‍

ചന്ദ്രന്റെ ഉപരിതലത്തില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവ പെട്ടെന്ന് മാഞ്ഞു പോകില്ല. ചന്ദ്രനില്‍ കാറ്റില്ലാത്തതിനാല്‍ മണ്ണ് ഇളകുകയില്ലല്ലോ. ഇതുകൊണ്ട് തന്നെ ചന്ദ്രന്റെ ഉപരിതലത്തില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ വര്‍ഷങ്ങളോളം അങ്ങനെ തന്നെ നിലനില്‍ക്കും.

 

 

ഇങ്ങനെയാവാം ദിനാചരണം

                                                                                 കെ. കവിത

സയന്‍സ് ക്ലബ് അംഗങ്ങളെ പ്രത്യേക ഗ്രൂപ്പുകളാക്കി വ്യത്യസ്ത ചുമതലകള്‍ ഏല്‍പ്പിക്കാം. ഓരോ ഗ്രൂപ്പുകളും അവരവരുടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ വലിയ ശാസ്ത്രമേളകള്‍ തന്നെ സംഘടിപ്പിക്കാനാവും.

 •  ബാഡ്ജ് നിര്‍മാണം. ചന്ദ്രന്റെയും അപ്പോളോ എന്ന വാഹനവും പതിപ്പിച്ച ചിത്രമാകട്ടെ ബാഡ്ജില്‍. ഈ ദിനം കൂട്ടൂകാര്‍ ഇത് അണിഞ്ഞ് വേണം സ്‌കൂളില്‍ നടക്കാന്‍.
 • പോസ്റ്ററുകള്‍ നിര്‍മിച്ച് ക്ലാസ് മുറികള്‍ അലങ്കരിക്കാം.
 • സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരു കൊച്ചുറാലി സംഘടിപ്പിക്കൂ.. ഒരു ബാനറും വേണം.’അമ്പിളിമാമന്റെ ലോകത്തേക്ക്’സ്‌കൂള്‍തല ഉപന്യാസ മത്സരം നടത്താം.
 • വാനനിരീക്ഷണ ക്യാംപ് ആവാം.
 • ചാന്ദ്രയാത്രയുടെ സിഡി പ്രദര്‍ശിപ്പിക്കാം. മോണിറ്ററിനേക്കാള്‍ സ്‌ക്രീനില്‍ പതിപ്പിക്കാവുന്ന പ്രൊജക്ടര്‍ ഉപയോഗിച്ച് ഒരു ഹാളിലാണ് പ്രദര്‍ശനമെങ്കില്‍ ഏറെ ഉപകാരപ്രദമാകും.
 • ഒരു വാനനിരീക്ഷണ ക്ലാസും സംഘടിപ്പിക്കാം. ജിയോഗ്രഫി അധ്യാപകര്‍ക്ക് ഇതിനെപ്പറ്റി വളരെയധികം പറയാനുണ്ടാകും.
 • ‘ചന്ദ്രന്‍’ഈ വിഷയത്തില്‍ ഒരു ചിത്രശേഖരണവും പ്രദര്‍ശനവും
 • ക്വിസ് മത്സരം ഉചിതമാകും.
 • ‘ചാന്ദ്രയാത്ര ഭാവനാസൃഷ്ടിയോ യാഥാര്‍ഥ്യമോ ? ‘ഈ വിഷയത്തില്‍ ക്ലാസ് തല ചര്‍ച്ച രസകരമായിരിക്കില്ലേ?
 • ചാന്ദ്രയാത്രയുമായി ബന്ധപ്പെട്ട പഠനക്കുറിപ്പുകളും പത്രമാസികകളില്‍ വന്ന ലേഖനങ്ങളും ചര്‍ച്ചയ്ക്ക് ഉപയോഗിക്കാം.
 • ടെലസ്‌കോപ്പ് ഉപയോഗിച്ചുള്ള വാനനിരീക്ഷണമാകാം
 • ചന്ദ്രന്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ ഇവയെ നിരീക്ഷിച്ച് കുറിപ്പെഴുതാം.
 • ഉപഗ്രഹങ്ങളുടെ മാതൃക നിര്‍മിച്ചാലോ?
 • ഒരു ടെലസ്‌കോപ്പും നിര്‍മിക്കാന്‍ ശ്രമിക്കാം. ശാസ്ത്രഗ്രന്ഥങ്ങളില്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകും.
 • ചാന്ദ്രയാത്രയുടെ മാതൃക ക്ലാസ് മുറിയില്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കാം.
 • ബന്ധപ്പെട്ട വിവരങ്ങള്‍ സരസമായി മനസിലാക്കാന്‍ സഹായിക്കുന്ന ഒരു കോമഡിസ്ട്രിപ്പ് രചിച്ച് അവതരിപ്പിച്ചു കൂടേ..?
 • നമ്മുടെ അഭിമാനമായ ചാന്ദ്രയാന്‍ ഒന്നിന്റെ മാതൃകയുണ്ടാക്കി ഷോ ചെയ്യാം.
 • ചാന്ദ്രയാനിന്റെ സീഡിയും പ്രദര്‍ശിപ്പിക്കാം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.