2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമ്പിളിയും ഷിബിലയും ഇനിയില്ല; തേങ്ങലടങ്ങാതെ സഹപാഠികള്‍

എന്‍.സി ഷെരീഫ്

മഞ്ചേരി: പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ എന്നന്നേക്കുമായി വിടപറഞ്ഞ നെല്ലിയായിക്കുന്നിലെ അമ്പിളിയുടെയും സഹോദരി ഷിബിലയുടെയും പുഞ്ചിരി തൂകുന്ന മുഖമായിരുന്നു ഇന്നലെ മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും ഓടക്കയം ഗവ.യു.പി സ്‌കൂളിലെയും ക്ലാസ് മുറികള്‍ നിറയെ. കഴിഞ്ഞ 16ന് ഊര്‍ങ്ങാട്ടിരി ഓടക്കയം നെല്ലിയായില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് മൂര്‍ക്കനാട് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി അമ്പിളിയും ഓടക്കയം ഗവ.യു.പി സ്‌കൂളിലെ ഷിബിലയും ആരോടും പറയാതെ അന്ത്യയാത്ര പോയത്.
അവധി കഴിഞ്ഞ് വിദ്യാലയം പ്രവൃത്തിയാരംഭിച്ച ഇന്നലെ ഇരു വിദ്യാലയങ്ങളിലും ദുഃഖം തളംകെട്ടി നിന്നു. തമ്മില്‍ കണ്ടിട്ടും പലരും പരസ്പരം മിണ്ടാന്‍ മറന്നതുപോലെ. എല്ലായിടത്തും അമ്പിളിയുടെയും ഷിബിലയുടെയും ഓര്‍മകള്‍ മാത്രമായിരുന്നു.
ഇന്നലെ ഒന്നാം പീരിയഡില്‍ ഇംഗ്ലീഷ് അധ്യാപകന്‍ ഷൈന്‍.പി.ജോസ് ക്ലാസിലെത്തിയതോടെ കെ.എല്‍ അര്‍ച്ചന മോള്‍ തേങ്ങിക്കരഞ്ഞു. അവളായിരുന്നു ഷിബിലയുടെ മനസ് നിറയെ. ഇംഗ്ലീഷില്‍ ഷിബിലക്കുണ്ടായിരുന്ന വാമൊഴിവഴക്കം അധ്യാപകരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ചിത്ര രചനയില്‍ അവള്‍ക്കുണ്ടായിരുന്ന അസാമാന്യ കഴിവ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൈയില്‍ കിട്ടുന്നതെല്ലാം കൂട്ടുകാര്‍ക്ക് പങ്കിടുന്ന ഷിബിലയുടെ പ്രകൃതം വിവരിക്കുമ്പോള്‍ സഹപാഠികളായ അര്‍ച്ചന, ശ്രീനിഷ, അഞ്ജന, അമൃത രാജന്‍, യമുന എന്നിവരുടെ കണ്ണുകള്‍ നനഞ്ഞു. വാക്കുകള്‍ പൂര്‍ത്തീകരിക്കാനാവാതെ പാതിവഴിയില്‍ മുറിഞ്ഞു. പിന്നെ ഡസ്‌കില്‍ മുഖം അമര്‍ത്തി കരച്ചിലായി. ചോലാറ ബദല്‍ സ്‌കൂളില്‍ നാല് വരെ പഠിച്ച ഷിബില കഴിഞ്ഞ വര്‍ഷമാണ് ഓടക്കയം സ്‌കൂളില്‍ ചേര്‍ന്നത്.
മൂര്‍ക്കനാട് സുബുലുസ്സലാം സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് എ.ഡിവിഷനില്‍ അധ്യാപകന്‍ കെ.എം ജോസിന് ഒന്നു മുതല്‍ പതിമൂന്ന് വരെ മാത്രമാണ് ഇന്നലെ ഹാജര്‍ നില പരിശോധിക്കാനായത്. റോള്‍ നമ്പര്‍ 14 ല്‍ ഇനി വിളികേള്‍ക്കാന്‍ അമ്പിളിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ കണ്ണീര്‍പൊഴിച്ച സഹപാഠികളുടെ നൊമ്പരം ഒടുവില്‍ കൂട്ടനിലവിളിയായി ഉയര്‍ന്നു. അവള്‍ പരിചയപ്പെടുത്തിയ കാടിനോടു ചേര്‍ന്നുള്ള ജീവിത കഥകള്‍ വിവരിച്ചപ്പോള്‍ മിന്നുവും മന്യയും സുമയ്യയും കണ്ണീര്‍വാര്‍ത്തു. വിവാഹം കഴിഞ്ഞെങ്കിലും പഠിക്കാന്‍ അമിതമായ ആഗ്രഹം പ്രകടിപ്പിച്ച അമ്പിളിയെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് മൂര്‍ക്കനാട് സുബുല്ലസലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് ചേര്‍ത്തത്. എങ്ങനെയെങ്കിലും പഠിച്ച് ഒരു സര്‍ക്കാര്‍ ജോലി വാങ്ങണമെന്നായിരുന്നു അമ്പിളിയുടെ ആഗ്രഹം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.