2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അമേരിക്കയോടടുക്കുന്നു; തിരിച്ചടിയാകുമോ?

ന്യൂഡല്‍ഹി: ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തമാക്കി തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. സമ്പൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍(കോംകാസ-കമ്മ്യൂണിക്കേഷന്‍സ്, കോംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ്) എന്ന് വിശേഷിപ്പിക്കുന്ന ഈ കരാറില്‍ ഒപ്പിടുന്നതോടെ ഇന്ത്യക്ക് യു.എസില്‍നിന്ന് നിര്‍ണായകമായ പ്രതിരോധ സാങ്കേതികവിദ്യയും ആയുധങ്ങളും ലഭ്യമാകും. ആണവ കരാറിന് ശേഷമുള്ള ഏറ്റവും വലിയ കരാറാണിത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും അമേരിക്കയെ പ്രതിനിധീകരിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളില്‍നിന്നും രണ്ടുവീതം ഉന്നത ഭരണകര്‍ത്താക്കള്‍ പങ്കെടുത്തതിനാല്‍ ടു പ്ലസ് ടു ചര്‍ച്ചയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
പ്രതിരോധം, വാണിജ്യം, എച്ച്1ബി വിസ, സഹകരണം തുടങ്ങിവയുള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചചെയ്തു. ഭീകരവാദത്തിനെതിരേ യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി. 2019ല്‍ രാജ്യങ്ങള്‍ സംയുക്ത സൈനികാഭ്യാസം നടത്തും. യു.എസ് നിര്‍മിത സൈനിക ഉപകരണങ്ങളിലെ രഹസ്യ സാങ്കേതികവിദ്യ കൈമാറുമെന്നതാണ് കരാറിലെ ശ്രദ്ധേയമായ നടപടി. നിലവില്‍ ഇന്ത്യ വാങ്ങുന്ന ഉപകരണങ്ങളുടെ സാങ്കേതികവിദ്യ രാജ്യത്തിന് ലഭ്യമല്ലാതായിരുന്നു. കരാറോടെ ഇന്ത്യയുടെ കൈവശമുള്ള ഹെലിക്കോപ്റ്ററുകളിലും വിമാനങ്ങളിലും ഉയര്‍ന്ന നിലവാരത്തിലുള്ള ആശയ വിനിമയ ഉപകരണങ്ങള്‍ ലഭിക്കും.
ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുടെ ഓഫിസും യു.എസ് പ്രതിരോധ സെക്രട്ടറിയുടെ ഓഫിസും തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിക്കാനും തീരുമാനമായി. പാക് ഭീകരസംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഇരുരാജ്യങ്ങളും ആശങ്ക പങ്കുവച്ചു. മറ്റുരാജ്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ ഭീകരരെ പാകിസ്താന്‍ അനുവദിക്കരുത്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളിലുള്‍പ്പെടെ നടത്തിയ ആക്രമണത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പാകിസ്താനോട് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍നിന്ന് ഇന്ത്യക്ക് ഇളവ് ലഭിച്ചേക്കും. റഷ്യയില്‍ നിന്ന് എസ്-400 മിസൈല്‍ വേധ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. അതേസമയം അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ സൈനിക നവീകരണം സാധ്യമാകുമെന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. പ്രതിരോധ രംഗത്തെ സഹകരണത്തിന് പുറമെ വ്യാപാര-നയതന്ത്ര മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കും. ഭീകരവാദം ഒന്നിച്ച് ചെറുക്കുമെന്നും ഇരുരാജ്യങ്ങളിലേയും നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മോദിയും ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളിലെയും പ്രതിരോധം, വിദേശകാര്യ വകുപ്പ് തലവന്‍മാര്‍ തമ്മിലുള്ള ടു പ്ലസ് ടു കൂടിക്കാഴ്ചക്ക് തീരുമാനമായത്.
കരാര്‍ രാജ്യത്തിന് വലിയ നേട്ടമായി സര്‍ക്കാര്‍ എടുത്തുകാണിക്കുന്നുണ്ടെങ്കിലും ഇറാനുമായുള്ള എണ്ണ ഇറക്കുമതിയിലും റഷ്യയുമായുള്ള സൈനിക സഹകരണത്തിലും ഇന്ത്യക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.